
24 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ടും അർജന്‍റീനയും ലോകകപ്പ് വേദിയിൽ നേർക്കുനേർ, അതും ഹാൻഡ് ഓഫ് ഗോൾ വിവാദത്തിന്‍റെ നാൽപ്പതാം വാർഷികത്തിൽ.
MV Graphics
വി.കെ. സഞ്ജു
"കുറച്ച് മറഡോണയുടെ തലകൊണ്ടും, ബാക്കി ദൈവത്തിന്‍റെ കൈകൊണ്ടും!"
അർജന്‍റീനയുടെ ഫുട്ബോൾ ചരിത്രത്തെ തനിക്കു മുൻപും ശേഷവും എന്നു വിഭജിച്ച മനുഷ്യന്‍റെ വാക്കുകൾക്ക് നാൽപ്പത് വയസ് തികഞ്ഞു. ഇംഗ്ലണ്ടും അർജന്‍റീനയും ലോകകപ്പ് വേദിയിൽ വീണ്ടും നേർക്കുനേർ വരുന്നു, ഒരു 'സെമി ക്ലാസിക്' പ്രതീക്ഷിക്കാം.
1986 ജൂൺ 22. മെക്സിക്കോ സിറ്റിയിലെ അസ്ടെക് സ്റ്റേഡിയത്തിൽ അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടം. ഫോക്ക്‌ലാൻഡ് യുദ്ധത്തിന്‍റെ ചൂടും ചൂരും ഇരുരാജ്യങ്ങൾക്കുമിടയിൽ കത്തി നിൽക്കുന്ന കാലം. ആഗോള രാഷ്ട്രീയത്തിന്‍റെ പകയും പടനീക്കങ്ങളും ഫുട്ബോൾ മൈതാനത്തേക്കു സംക്രമിച്ച ദിവസം.
വൈരാഗ്യം പന്ത് പോലുരുണ്ട രണഭൂമിയിൽ ഇരുപക്ഷവും ഗോളടിക്കാതെ ആദ്യ പകുതി കടന്നു പോയി. രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ അർജന്‍റീനക്കാരുടെ ദൈവം ഇടപെട്ടു. ഇംഗ്ലിഷ് ഡിഫൻഡറുടെ കാലിൽ തട്ടി ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് തട്ടിയകറ്റാൻ ഗോൾകീപ്പർ പീറ്റർ ഷിൽട്ടൻ മുന്നോട്ട് ആഞ്ഞടുക്കുന്നു. ഷിൽട്ടനെക്കാൾ എട്ടിഞ്ച് ഉയരക്കുറവുള്ള ഡീഗോ മറഡോണ വായുവിൽ കുതിച്ചുയർന്നു. ഐക്കോണിക് പത്താം നമ്പർ പ്ലെയറുടെ ഹെഡ്ഡർ കൃത്യമായി ഇംഗ്ലണ്ടിന്‍റെ വലയിൽ. മറഡോണയുടെ ഇടങ്കൈ പന്തിൽ തട്ടിയത് റഫറിമാർ കണ്ടില്ല. ആ ഗോൾ അനുവദിക്കപ്പെട്ടു- ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഗോൾ!
മത്സരശേഷം ഹാൻഡ് ബോളിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറഡോണ നൽകിയ മറുപടിയിലാണ് ആദ്യമായി 'ദൈവത്തിന്‍റെ കൈ' എന്ന പ്രയോഗം വരുന്നത്. പിന്നെയത് ആരാധകരും വിമർശകരും ഒരേപോലെ ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ, ആ വിവാദം തുടങ്ങും മുൻപേ, ആദ്യ ഗോൾ വീണ് വെറും നാല് മിനിറ്റിനുള്ളിൽ, 'നൂറ്റാണ്ടിന്‍റെ ഗോൾ' കൂടി മറഡോണ സ്വന്തം കാലിൽ എഴുതിച്ചേർത്തു. അർജന്‍റീനയുടെ പകുതിയിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി കുതിച്ച്, അഞ്ച് ഇംഗ്ലിഷ് ഡിഫൻഡർമാരെയും ഗോൾകീപ്പറെയും ഡ്രിബിൾ ചെയ്ത് മറികടന്നു നേടിയ വിശ്വവിഖ്യാതമായ ഗോൾ.
80-ാം മിനിറ്റിൽ ഗാരി ലിനേക്കർ ഇംഗ്ലണ്ടിനു വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. ഒറ്റയാൾ പോരാട്ടത്തിലൂടെ മറഡോണ അർജന്‍റീനയ്ക്ക് ആ ലോകകപ്പ് നേടിക്കൊടുത്തു; എക്കാലത്തെയും മികച്ചവൻ എന്ന വിശേഷണത്തിൽ പെലെയുമായി മത്സരിക്കാൻ പ്രാപ്തനായി; പുതിയ കാലത്ത് മെസി - റൊണാൾഡോ താരതമ്യങ്ങൾക്കിടയിലും അവസാനിക്കാതെ തുടരുന്ന മത്സരം!
അർജന്‍റീനയുടെ തീരത്തുള്ള ഫോക്ക്‌ലാൻഡ് ദ്വീപുകൾ ബ്രിട്ടൻ പിടിച്ചെടുത്ത് കോളനിയാക്കി.
1982-ൽ ഫോക്ക്‌ലാൻഡ് ദ്വീപുകളെ (Malvinas) ചൊല്ലി ബ്രിട്ടനുമായി യുദ്ധത്തിനിറങ്ങിയ അർജന്‍റീനയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. നാല് വർഷത്തിനു ശേഷം നടന്ന ലോകകപ്പ് മത്സരം അവരെ സംബന്ധിച്ച് വെറുമൊരു കളിയായിരുന്നില്ല, യുദ്ധത്തിലെ തിരിച്ചടിക്ക് പച്ചപ്പുല്ലിൽ പകരം വീട്ടാനുള്ള അവസരമായിരുന്നു. മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ഇംഗ്ലണ്ടിനെ സംബന്ധിച്ച് കടുത്ത ചതിയായിരുന്നെങ്കിൽ, അർജന്‍റീനക്കാർക്കത് സാമ്രാജ്യത്വത്തിനെതിരായ ദൈവിക ഇടപെടലായിരുന്നു!
തെക്കൻ അറ്റ്ലാന്‍റിക് സമുദ്രത്തിലെ ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ പരമാധികാരത്തെച്ചൊല്ലിയുള്ള തർക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം 1820-ൽ അർജന്‍റീന ഈ ദ്വീപുകളിൽ അധികാരം സ്ഥാപിച്ചു. 1833-ൽ ബ്രിട്ടൻ ഈ പ്രദേശത്തെ തങ്ങളുടെ കോളനിയാക്കി മാറ്റി.
ഫോക്ക്‌ലാൻഡ് യുദ്ധത്തിൽ അർജന്‍റീനയെ തോൽപ്പിച്ചത് ബ്രിട്ടനിൽ മാർഗരറ്റ് താച്ചറുടെ ജനപ്രീതി വർധിപ്പിച്ചു.
ഒന്നര നൂറ്റാണ്ടിനു ശേഷം, 1982-ൽ അർജന്‍റീനയിലെ അന്നത്തെ സൈനിക ഭരണകൂടം ദ്വീപ് പിടിച്ചെടുത്തു. ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ഫോക്ക്‌ലാൻഡിലേക്ക് കപ്പൽപ്പട അയച്ചു. 74 ദിവസം നീണ്ട യുദ്ധത്തിൽ അർജന്‍റീന തോറ്റു.
649 അർജന്‍റൈൻ സൈനികരും, 255 ബ്രിട്ടിഷ് സൈനികരും, 3 നാട്ടുകാരും കൊല്ലപ്പെട്ട യുദ്ധം. ഈ പരാജയം അർജന്‍റീനയിലെ സൈനിക ഭരണകൂടത്തിന്‍റെ തകർച്ചയ്ക്കു തന്നെ വഴിതെളിച്ചു. തൊട്ടടുത്ത വർഷം രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു. അതേസമയം, ബ്രിട്ടനിൽ മാർഗരറ്റ് താച്ചറുടെ ജനപ്രീതി വർധിച്ചു, ഉരുക്കുവനിതയെന്ന പെരുമയുമായി അവരവിടെ അധികാരം നിലനിർത്തി.
1998 ലോകകപ്പിൽ ഡീഗോ സിമിയോണിയെ ഫൗൾ ചെയ്ത ഡേവിഡ് ബെക്കാം റെഡ് കാർഡ് കണ്ട് പുറത്തുപോയി. 2002ൽ ബെക്കാമിന്‍റെ പെനൽറ്റി ഗോളിൽ ഇംഗ്ലണ്ട് അർജന്‍റീനയെ തോൽപ്പിച്ചു.
'ഹാൻഡ് ഓഫ് ഗോഡ്' ഗോളിന്‍റെ 40-ാം വാർഷികത്തിൽ അർജന്‍റീനയും ഇംഗ്ലണ്ടും ഒരിക്കൽക്കൂടി ലോകകപ്പ് വേദിയിൽ മുഖാമുഖം വരുകയാണ്; അർജന്‍റീന കിരീടം നിലനിർത്താനും, ഇംഗ്ലണ്ട് ചില കണക്കുകൾ തീർക്കാനും.
24 വർഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇരു ടീമുകളും പരസ്പരം മത്സരിക്കുന്നത്. ലോകകപ്പിൽ അഞ്ച് വട്ടം ഇരു ടീമുകളും ഏറ്റുമുട്ടി. 1962ലെ ആദ്യ പോരാട്ടത്തിൽ ഇംഗ്ലണ്ട് ജയിച്ചു. 1966ലും ഇംഗ്ലണ്ട് തന്നെ, ആ വർഷം അവരുടെ ഏക ലോകകപ്പ് നേട്ടവുമുണ്ടായി. 1986ലും, പിന്നീട് ഡേവിഡ് ബെക്കാം ചുവപ്പ് കാർഡ് കണ്ടു മടങ്ങിയ 1998ലും (പെനൽറ്റി) അർജന്‍റീന ജയിച്ചു. 2002ലെ മരണ ഗ്രൂപ്പിൽ ഡേവിഡ് ബെക്കാമിന്‍റെ പെനൽറ്റി ഗോളിലൂടെ ഇംഗ്ലണ്ട് മുന്നേറി, അർജന്‍റീന ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ഹെഡ്-ടു-ഹെഡ് താരതമ്യത്തിൽ ഇംഗ്ലണ്ട് ഇപ്പോൾ 3-2 എന്ന നിലയിൽ ലീഡ് ചെയ്യുന്നു. ആറാം പോരാട്ടം ഇത്തവണത്തെ ലോകകപ്പിന്‍റെ ഫൈനലിസ്റ്റുകളെ നിശ്ചയിക്കും!