

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പെയിനെതിരായ ഫിഫ ലോകകപ്പ് തോൽവിക്കു ശേഷം.
91-ാം മിനിറ്റിൽ മിഖേൽ മെറീനോ പോർച്ചുഗലിന്‍റെ വലയിലേക്ക് പന്തടിച്ച് കയറ്റുകയായിരുന്നില്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടനെഞ്ചിലേക്കൊരു കഠാര കുത്തിയിറക്കുകയായിരുന്നു. അവസാന അങ്കവും കഴിഞ്ഞു, കളി വിളക്കണഞ്ഞു, കാണികൾ വിട പറഞ്ഞു, നിരാശയുടെ കൊടുമുടി പോലെ അയാളാ മൈതാന മധ്യത്തിൽ തനിച്ചായി. ലാസ്റ്റ് ഡാൻസ് ഡിസാസ്റ്റർ!
ലോകകപ്പ് വേദിയിൽ ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല, ഈ ലോകകപ്പിൽ ഇനി പോർച്ചുഗലുമില്ല. സ്പെയിൻ ക്വാർട്ടർ ഫൈനൽ കളിക്കും.
പോർച്ചുഗലിന്‍റെ പ്രസിങ് ഗെയിമും സ്പെയിന്‍റെ പൊസഷൻ ഫുട്ബോളും ഏറ്റുമുട്ടിയിട്ടും ഒരു ഹെവിവെയ്റ്റ് പോരാട്ടത്തിന്‍റെ ആവേശമൊന്നും ആളിക്കത്താതിരുന്ന മത്സരം 1-0 എന്ന സ്കോറിൽ അവസാനിച്ചു. അങ്ങിങ്ങു ചില ആളിക്കത്തലുകളുണ്ടായെങ്കിലും വിരസമായ ബാക്ക് പാസുകൾ പോലെ വലിഞ്ഞുനീണ്ട ഒന്നര മണിക്കൂർ. ഈ ലോകകപ്പിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ വൻശക്തി പോരാട്ടം പരസ്പരം പേടിച്ച പടക്കൂട്ടങ്ങളായി സ്വന്തം പകുതികളിൽ ചടഞ്ഞുകിടന്നു.
ഇത്തവണത്തെ ഏറ്റവും മികച്ച രണ്ടു ഗോൾ കീപ്പർമാർ - സ്പെയിന്‍റെ ഉനായ് സൈമണും പോർച്ചുഗലിന്‍റെ ഡിയോഗോ കോസ്റ്റയും - നേർക്കുനേർ ഏറ്റുമുട്ടുന്ന പെനൽറ്റി ഷൂട്ടൗട്ട് കാണാൻ ഇരുടീമുകളുടെയും ആരാധകർ തയാറെടുത്ത് തുടങ്ങുമ്പോഴാണ് പകരക്കാരന്‍റെ പാസിൽ നിന്ന് മറ്റൊരു പകരക്കാരന്‍റെ ഗോൾ പിറക്കുന്നത്. ഫെറാൻ ടോറസിന്‍റെ പാസ്, മിഖേൽ മെറീനോയുടെ ക്ലിനിക്കൽ ഫിനിഷ്, കോസ്റ്റ കൊമ്പു കുത്തി, സൈമൺ ക്ലീൻ ഷീറ്റ് കാത്തു, തുടരെ അഞ്ചാം മത്സരത്തിലും ഒരു ഗോൾ പോലും വഴങ്ങാതെ സ്പെയിൻ മുന്നോട്ട്! യുഎസ്എ - ബെൽജിയം മത്സരത്തിലെ വിജയികളെയാണ് ക്വാർട്ടറിൽ അവർ നേരിടുക.
ആദ്യ പകുതിയിൽ പോർച്ചുഗലിന് ഭാഗ്യം തുണച്ചിരുന്നെങ്കിൽ മത്സരത്തിന്‍റെ ചിലപ്പോൾ വിധി മറ്റൊന്നാകുമായിരുന്നു. 41-ാം മിനിറ്റിൽ ഡാളസിലെ ഗ്യാലറിയെ ഒന്നടങ്കം എഴുന്നേൽപ്പിച്ച് നിർത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനോഹരമായ ഒരു അക്രോബാറ്റിക് ശ്രമം. മൈതാനത്തിനു സമാന്തരമായി വായുവിലുയർന്ന് പിന്നോട്ടൊരു ഫ്ളിക്ക്, ബൈസിക്കിൾ കിക്കിന്‍റെ സൂക്ഷ്മമായൊരു പതിപ്പ്. പ്രായത്തെ വെല്ലുന്ന ആ വണ്ടർ കിക്ക് തടുക്കാൻ ഇന്നു ലോക ഫുട്ബോളിൽ ഉനായ് സൈമണല്ലാതെ മറ്റൊരു ഗോളിയുണ്ടാകുമോ എന്നു സംശയം!
തൊട്ടടുത്ത നിമിഷത്തിൽ നുനോ മെൻഡിസ് തൊടുത്ത ക്രോസ് സ്പാനിഷ് ഡിഫെൻഡർ പെഡ്രോ പോറോയുടെ ശരീരത്തിൽ തട്ടി ദിശമാറി നേരെ സ്പെയിൻ ഗോൾവലയുടെ ക്രോസ്ബാറിൽ ഇടിച്ച് തെറിച്ചു. ഭാഗ്യം പൂർണമായും പോർച്ചുഗലിനെ കൈവിട്ട നിമിഷം!
മറുഭാഗത്ത് സ്പെയിനും ആസൂത്രിത ആക്രമണങ്ങൾ സംഘടിപ്പിച്ചു. പോർച്ചുഗീസ് ഗോളി ഡിയോഗോ കോസ്റ്റയുടെ അസാമാന്യ ഇരട്ട സേവുകൾ അവരെയും സംരക്ഷിച്ചു നിർത്തി. ലമീൻ യമാലിന്‍റെയും അലക്സ് ബയേനയുടെയും ഗോൾ ഉറപ്പിച്ച ഷോട്ടുകളാണ് കോസ്റ്റ അവിശ്വസനീമാം വണ്ണം രക്ഷപെടുത്തിയത്.
ആദ്യ പകുതിയിൽ കണ്ടത് തുല്യശക്തികളുടെ പോരാട്ടമായിരുന്നെങ്കിൽ, രണ്ടാം പകുതിയിൽ പോർച്ചുഗലിന് കാര്യങ്ങൾ കൂടുതൽ കഠിനമായി. മികച്ച ഫോമിലായിരുന്ന നുനോ മെൻഡിസിന് പരുക്കേറ്റ് കളം വിടേണ്ടി വന്നത് അവരുടെ താളം തെറ്റിച്ചു. മത്സരം 80-ാം മിനിറ്റ് പിന്നിടുമ്പോഴേക്കും ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ സ്പാനിഷ് പട കളി തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു.
റാഫേൽ ലിയാവോയെയും ഡിയോഗോ ദാലോട്ടിനെയും പകരക്കാരായി ഇറക്കി കളി തിരിച്ചുപിടിക്കാൻ പോർച്ചുഗീസ് കോച്ച് റോബർട്ടോ മാർട്ടിനെസ് ശ്രമിച്ചെങ്കിലും സ്പാനിഷ് മിഡ്ഫീൽഡിൽ തന്നെ അവരെല്ലാം നിഷ്പ്രഭരായി. എക്സ്ട്രാ ടൈമിലേക്ക് കളി നീങ്ങുമെന്ന് ഇരുടീമുകളും കരുതിയിരുന്ന നിമിഷത്തിലാണ് മെറീനോയുടെ ഗോൾ വീഴുന്നത്.
ഫിഫ ലോകകപ്പ് 2026 പ്രീ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെതിരേ വിജയ ഗോൾ നേടിയ സ്പെയിൻ താരം മിഖേൽ മെറിനോ.
ഫോമില്ലാതെ ആദ്യ ഇലവനിൽ ഇടം നഷ്ടപ്പെട്ട് സബ്സ്റ്റിറ്റ്യൂട്ടായെത്തിയ സൂപ്പർ താരം ഫെറാൻ ടോറസ് ഇഞ്ചുറി ടൈമിൽ തന്‍റെ മൂല്യം തെളിയിച്ചു. പോർച്ചുഗൽ ബോക്സിനുള്ളിലേക്കു നൽകിയത് മാരകമായൊരു പാസ്. ഓടിയെത്തിയ ആഴ്സണൽ മിഡ്ഫീൽഡർ മിഖേൽ മെറീനോ, ഡിയോഗോ കോസ്റ്റയെ കാഴ്ചക്കാരനാക്കി പന്ത് പോർച്ചുഗീസ് വലയുടെ കോണിലേക്ക് അടിച്ചുകയറ്റി.
സ്പാനിഷ് താരങ്ങൾ ഭ്രാന്തമായ ആഘോഷങ്ങളിലേക്കു കുതിച്ചു കയറുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സാമ്രാജ്യം നഷ്ടപ്പെട്ട ചക്രവർത്തിയെ പോലെ മൈതാന മധ്യത്തിൽ തലയിൽ കൈവച്ച് തകർന്നു നിന്നു. ബാക്കിയുണ്ടായിരുന്ന അഞ്ച് മിനിറ്റിൽ തിരിച്ചുവരവിനുള്ള ആവേശമൊന്നും പോർച്ചുഗീസ് മുന്നേറ്റങ്ങളിൽ പ്രകടമായില്ല. ഏഴ് മിനിറ്റിലധികം നീണ്ട ഇൻജുറി ടൈമിൽ സൃഷ്ടിച്ചെടുത്ത രണ്ട് അർധാവസരങ്ങൾ അവർക്ക് മുതലാക്കാനുമായില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഡാളസിന്‍റെ ചക്രവാളത്തിൽ പോർച്ചുഗലിന്‍റെ കണ്ണീർ ഘനീഭവിച്ചുകിടന്നു.