

കേപ് വെർഡെയുമായുള്ള മത്സരത്തിനു മുന്നോടിയായി പരിശീലനം നടത്തുന്ന സ്പാനിഷ് കൗമാര താരം ലമിൻ യമാൽ.
ക്രിക്കറ്റ് പ്രേമികൾക്ക് വൈഭവ് സൂര്യവംശി എന്നതുപോലെയാണ് ഫുട്ബോൾ ആരാധകർക്ക് ലമിൻ യമാൽ. ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ സ്പെയിന്‍റെ കൗമാര സൂപ്പർ താരം പരുക്കിൽനിന്ന് മുക്തനായി കളത്തിലിറങ്ങാൻ തയാറെടുക്കുകയാണ്.
കേപ് വേർഡെയുമായുള്ള സ്പെയിനിന്‍റെ ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ യമാൽ സജ്ജനാണെന്ന് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെ സ്ഥിരീകരിച്ചു. ഹാംസ്ട്രിങ് ഇഞ്ചുറിയെത്തുടർന്ന് ബാഴ്സലോണയ്ക്കായുള്ള അവസാന ആഴ്ചകളിലെ മത്സരങ്ങൾ നഷ്ടപ്പെട്ട യമാൽ, ഇപ്പോൾ പൂർണ ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുകയാണ്.
എന്നാൽ, അറ്റ്ലാന്‍റയിൽ നടക്കുന്ന മത്സരത്തിൽ യമാൽ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്നാണ് സൂചനകൾ. സാഹചര്യങ്ങൾക്കനുസരിച്ച് താരം പകരക്കാരനായി ഇറങ്ങുമെന്നാണ് പരിശീലകൻ ഡി ലാ ഫ്യൂന്‍റെ നൽകുന്ന സൂചന. "മെഡിക്കൽ സംഘത്തിന്‍റെ നിർദേശങ്ങൾ പ്രകാരം ലമിൻ യമാൽ ഇപ്പോൾ കളിക്കാൻ സജ്ജനാണ്. മത്സരത്തിന്‍റെ സാഹചര്യങ്ങൾ നോക്കി ഏത് സമയത്താണ് അവനെ ഇറക്കേണ്ടതെന്ന് തീരുമാനിക്കും," ഡി ലാ ഫ്യൂന്‍റെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വരുംകാല സൂപ്പർ സ്റ്റാർ
17-ാം വയസിൽ 2024-ലെ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ സ്പെയിനിനെ വിജയത്തിലേക്ക് നയിച്ചതോടെയാണ് യമാൽ ലോകശ്രദ്ധ നേടിയത്. ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പിൻഗാമിയായി ഫുട്ബോൾ ലോകം കാണുന്ന ഏറ്റവും വലിയ പ്രതിഭയാണ് ഇപ്പോൾ 18 വയസുള്ള ഈ താരം.
അമെരിക്കയിൽ നടക്കുന്ന ലോകകപ്പിൽ യമാലിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിനു മുകളിൽ യമാലിന്‍റെ ഭീമൻ പരസ്യചിത്രം തന്നെ സ്ഥാപിച്ചിട്ടുണ്ട്. അറ്റ്ലാന്‍റയിലെ പരിശീലന ഗ്രൗണ്ടിൽ താരത്തിന്‍റെ ഹെയർ സ്റ്റൈൽ അനുകരിക്കുന്ന നിരവധി കുട്ടികളെയാണ് കാണാൻ സാധിക്കുന്നത്.
സ്പാനിഷ് പ്രതീക്ഷകൾ യമാലോളം
2010-ൽ ലോകകപ്പ് നേടിയ സ്പെയിൻ, ഇത്തവണ യൂറോപ്യൻ ചാംപ്യൻമാരായതിന്‍റെ ആത്മവിശ്വാസവുമായാണ് ടൂർണമെന്‍റിന് എത്തിയിരിക്കുന്നത്. ഫ്രാൻസിനൊപ്പം കിരീട സാധ്യതയുള്ള ടീമുകളിലൊന്നാണ് സ്പെയിൻ.
കേപ് വെർഡെയാകട്ടെ, ലോകകപ്പിൽ ആദ്യമായി യോഗ്യത നേടിയ ടീമാണ്. എങ്കിലും, ചെറിയ ടീമുകളെ കുറച്ചു കാണുന്ന പതിവ് സ്പെയിനിനില്ലെന്ന് പരിശീലകൻ വ്യക്തമാക്കി. "കേപ് വേർഡെ ഈ ലോകകപ്പിലെ അട്ടിമറി വീരന്മാരായേക്കാം," അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്തായാലും യമാലിന്‍റെ മടങ്ങിവരവ് ലോകകപ്പിന്‍റെ ആവേശം വാനോളമുയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.