

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ അൾജീരിയക്കെതിരേ ആദ്യ ഗോളടിച്ച സ്വിറ്റ്സർലൻഡ് താരം ബ്രീൽ എംബോളോയുടെ ആഘോഷം.
വാൻകൂവർ: ലോകകപ്പ് നോക്കൗട്ട് ശാപം ഒടുവിൽ സ്വിറ്റ്സർലൻഡ് തൂത്തെറിഞ്ഞു. വാൻകൂവറിൽ നടന്ന ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ അൾജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് (2-0) തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. കഴിഞ്ഞ 88 വർഷത്തിനിടെ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ സ്വിറ്റ്സർലൻഡ് നേടുന്ന ആദ്യ വിജയമാണിത്.
ബ്രീൽ എംബോളോ, ഡാൻ എൻഡോയ എന്നിവരാണ് സ്വിസ് പടയ്ക്കായി വലകുലുക്കിയത്. ലോകകപ്പിലെ തങ്ങളുടെ കഴിഞ്ഞ 7 നോക്കൗട്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പുറത്തായ ചരിത്രമുള്ള സ്വിറ്റ്സർലൻഡ്, മുരാത് യാക്കിൻ എന്ന പരിശീലകന് കീഴിൽ ആത്മവിശ്വാസത്തോടെയാണ് കളം നിറഞ്ഞത്. പ്രീ-ക്വാർട്ടറിൽ കൊളംബിയ - ഘാന മത്സരത്തിലെ വിജയികളെ സ്വിറ്റ്സർലൻഡ് നേരിടും.
മത്സരത്തിന്‍റെ തുടക്കത്തിൽ അൾജീരിയ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കളി സ്വിറ്റ്സർലൻഡിന്‍റെ കാലുകളിലേക്കു മാറാൻ അധികസമയം വേണ്ടി വന്നില്ല. 10-ാം മിനിറ്റിൽ തന്നെ ആദ്യ ഗോളും വീണു. ട്രാൻസ്ഫർ വിപണിയിൽ ന്യൂകാസിൽ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്ന സ്വിറ്റ്സർലൻഡിന്‍റെ 20 വയസുകാരനായ വിസ്മയ താരം ജോഹാൻ മാൻസാംബിയുടെ തകർപ്പൻ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. വിങ്ങിലൂടെ മിന്നൽ വേഗത്തിൽ കുതിച്ചുകയറി മാൻസാംബി നൽകിയ ക്രോസ് ബ്രീൽ എംബോളോ അനായാസം അൾജീരിയൻ വലയിലെത്തിച്ചു.
ഈ അസിസ്റ്റോടെ ലോകകപ്പ് ചരിത്രത്തിൽ 5 ഗോൾ കോൺട്രിബ്യൂഷനുകൾ (3 ഗോൾ, 2 അസിസ്റ്റ്) തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് (20 വയസും 261 ദിവസവും) മാൻസാംബി സ്വന്തമാക്കി. 1966-നു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ യുവതാരമാണ് ഇദ്ദേഹം.
ഒന്നാം പകുതിയിലെ ഒരു ഗോൾ ലീഡിന് ശേഷം, രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ അൾജീരിയയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ സ്വിസ് പട തല്ലിക്കെടുത്തി. നോട്ടിങ്ഹാം ഫോറസ്റ്റിന്‍റെ വിങ്ങറായ ഡാൻ എൻഡോയ 46-ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്ന് തൊടുത്ത ക്ലിനിക്കൽ ഫിനിഷ് അൾജീരിയൻ ഗോളിക്ക് യാതൊരു അവസരവും നൽകാതെ വലയിൽ ചെന്നുതറച്ചു. സ്കോർ 2-0.
രണ്ട് ഗോൾ വഴങ്ങിയതോടെ അൾജീരിയൻ സൂപ്പർ താരം റിയാദ് മഹ്‌റസിന്‍റെ നേതൃത്വത്തിൽ അൾജീരിയ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സ്വിസ് പ്രതിരോധ താരം മാനുവൽ അകാഞ്ചി തന്‍റെ മുൻ മാഞ്ചസ്റ്റർ സിറ്റി സഹതാരത്തിന്‍റെ വഴികളെല്ലാം അടച്ചുകെട്ടി. 50-ാം മിനിറ്റിൽ മഹ്‌റസിന് ലഭിച്ച ഒരേയൊരു സുവർണാവസരം അകാഞ്ചി കൃത്യമായ ബ്ലോക്കിലൂടെ തടഞ്ഞു.
മത്സരത്തിന്‍റെ 81-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫാബിയൻ റീഡർക്ക് സ്വിറ്റ്സർലൻഡിന്‍റെ ലീഡ് മൂന്നാക്കി ഉയർത്താൻ തുറന്ന അവസരം ലഭിച്ചെങ്കിലും അവിശ്വസനീയമാംവിധം പുറത്തേക്കടിച്ചു കളഞ്ഞു.