താങ്ക് യൂ മോഡ്രിച്ച്

ക്രൊയേഷ്യൻ മിഡ്ഫീൽഡ് ഇതിഹാസം ലൂക്ക മോഡ്രിച്ച് ലോകകപ്പ് വേദിയിൽ നിന്ന് വിരമിച്ചു; അഞ്ചു ലോകകപ്പുകളും 202 അന്താരാഷ്ട്ര മത്സരങ്ങളും പിന്നിട്ട് യാത്രയയപ്പ്
Modric bids farewell to World Cup, Croatian legend retires

പോർച്ചുഗൽ - ക്രൊയേഷ്യ മത്സരത്തിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും.

Updated on

ആധുനിക ഫുട്ബോളിലെ മഹാപ്രതിഭകളിലൊരാളായ ക്രൊയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ച് ലോകകപ്പ് വേദിയോട് വിടപറഞ്ഞു. പോർച്ചുഗലിനോട് മോഡ്രിച്ച് കളിച്ചത് കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായി മാറി. കളിക്കളത്തിൽ സുന്ദരവും അവിസ്മരണീയവുമായ നിമിഷങ്ങൾക്ക് പിറവി കൊടുത്ത മഹാനായ താരത്തിന് ഫുട്ബോൾ പ്രേമികൾ നന്ദിയോടെ യാത്രയയപ്പ് നൽകി.

കാവ്യാത്മകമായ കേളീശൈലിക്ക് ഉടമയായ മോഡ്രിച്ച് 40-ാം വയസിലാണ് ലോകകപ്പ് ബൂട്ട് അഴിക്കുന്നത്. അഞ്ചു ലോകകപ്പുകളും (2006, 2014, 2018, 2022, 2026) 202 അന്താരാഷ്ട്ര മത്സരങ്ങളും നീണ്ട വീരോചിത ഫുട്ബോൾ സപര്യ. ക്രൊയേഷ്യയെ ലോക ഫുട്ബോളിന്‍റെ നെറുകയിൽ എത്തിച്ചത് മോഡ്രിച്ചിന്‍റെ കേളീവൈഭവമായിരുന്നു.

മിഡ്ഫീൽഡിൽ മനോഹരമായി കളി മെനഞ്ഞ മോഡ്രിച്ച്, 2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിൽ എത്തിക്കാനും 2022ൽ സെമിയിൽ ഇടംനേടിക്കൊടുക്കാനും മുന്നിൽ നിന്നു. 2018ലെ മികച്ച താരത്തിനുള്ള ഗോൾഡൻ ‌ബോൾ പുരസ്കാരവും മറ്റാർക്കുമായിരുന്ന‌ില്ല. ബാലൺ ഡി ഓറും മോഡ്രിച്ചിന്‍റെ വിഖ്യാത കരിയറിലെ സുവർണ നേട്ടങ്ങളിൽപ്പെടുന്നു.

ലോക ഫുട്ബോളിലെ ഇതിഹാസമാണ് മോഡ്രിച്ച് എന്ന് മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിച്ചു.‌ ഫൈനൽ വിസിലിനു പിന്നാലെ മോഡ്രിച്ചിനെ അഭിനന്ദിച്ച ക്രിസ്റ്റ്യാനോ ഭാവി ശോഭനമായിരിക്കട്ടെ എന്നു ആശംസയും നേർന്നു.

logo
Metro Vaartha
www.metrovaartha.com