

വോസീന്യയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും കേപ്പ് വെർദെയിലെ വീട്ടിൽ.
ഒരു മകന്‍റെ കണ്ണീരിനും പ്രാർഥനയ്ക്കും ഒടുവിൽ സ്നേഹത്തിന്‍റെ വിസ അനുവദിച്ചു നൽകി യുഎസ് ഭരണകൂടം. കേപ് വെർദെയുടെ വന്മതിൽ എന്ന് ഫുട്ബോൾ ലോകം വാഴ്ത്തുന്ന ഗോൾകീപ്പർ വോസീന്യയുടെ പ്രിയപ്പെട്ട അമ്മയ്ക്ക് ഇനി മകന്‍റെ കളി കാണാൻ അമെരിക്കയിലേക്കു പറക്കാം.
സ്പെയിനിനെപ്പോലൊരു കരുത്തൻ ടീമിനെതിരേ ഗോൾവല കാത്ത്, തന്‍റെ കുഞ്ഞുരാജ്യമായ കേപ് വെർദെയ്ക്ക് അഭിമാനകരമായ സമനില സമ്മാനിച്ച വോസീന്യയുടെ കണ്ണുകളിൽ അന്ന് സന്തോഷത്തേക്കാളേറെ നിഴലിച്ചത് ഒരു സങ്കടമായിരുന്നു. ലോഗവേദിയിൽ മകനെ നേരിൽ കാണാൻ കൊതിച്ചിരുന്ന അമ്മയ്ക്ക് വിസ ലഭിക്കാത്തതിന്‍റെ വേദന. ആ വേദന ലോകമറിഞ്ഞു. ഒടുവിൽ, യുഎസിലെ ഹൗസ് ഡെമോക്രാറ്റിക് ലീഡർ ഹക്കിം ജെഫ്രിസ് ഇടപെട്ടതോടെയാണ് ആ അദ്ഭുതം സംഭവിച്ചത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ജെഫ്രിസ് നേരിട്ട് സംസാരിച്ചു. വൈകാതെ തടസങ്ങൾ നീങ്ങി, മകനെ കാണാനുള്ള അമ്മയുടെ യാത്രയ്ക്ക് അനുമതിയും കിട്ടി. ഞായറാഴ്ച മയാമിയിൽ വച്ച് ഉറുഗ്വെയെ നേരിടുന്ന കേപ്പ് വെർദെയുടെ കളി കാണാൻ ആ അമ്മയുണ്ടാകും.
ഇതൊരു സാധാരണ വിസ നടപടിക്രമമായിരുന്നില്ല; മകന്‍റെ സ്വപ്നത്തിന് കൂട്ടിരിക്കാൻ ഒരു അമ്മയ്ക്ക് ലഭിച്ച പുണ്യമായിരുന്നു. ഫിഫയും കേപ് വെർദെ ഗവൺമെന്‍റും അമെരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റും ഒരേ മനസോടെ കൈകോർത്തപ്പോൾ, ഫുട്ബോളിന്‍റെ വിശാലമായ ലോകത്ത് സ്നേഹം ഒരിക്കൽ കൂടി ജയിച്ചു.
40-ാം വയസിൽ തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന വോസീന്യക്ക്, അമ്മയുടെ സാമീപ്യം നൽകുന്ന ആത്മവിശ്വാസം വരാനിരിക്കുന്ന മത്സരങ്ങളിൽ തീർച്ചയായും വലിയ ഊർജമായിരിക്കും.