

സന്ദീപ് പാട്ടീൽ, ഗൗതം ഗംഭീർ
ന‍്യൂഡൽഹി: സമീപകാലത്ത് സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയോടും ന‍്യൂസിലൻഡിനോടും ടെസ്റ്റ് ക്രിക്കറ്റിൽ വലിയ തോൽവി ഏറ്റുവാങ്ങിയതോടെ ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരേ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരയിലും ഇന്ത‍്യ പരാജയപ്പെട്ടതോടെ ഗംഭീറിനെതിരേ വിമർശനങ്ങൾ ശക്തമായി. ഈ സാഹചര‍്യത്തിൽ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ ചീഫ് സെലക്റ്റർ സന്ദീപ് പാട്ടീൽ.
ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം ഒരു വ‍്യക്തിയുടെ മേൽ കെട്ടിവയ്ക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്പിന്നർമാരെ വേണ്ട വിധത്തിൽ കൈകാര‍്യം ചെയ്യാനാകാത്ത ഇന്ത‍്യൻ ബാറ്റർമാർക്കെതിരേയും അദ്ദേഹം വിമർശനം നടത്തി. ന‍്യൂസിലൻഡിനെതിരേ സ്വന്തം മണ്ണിൽ നടന്ന പരമ്പരയ്ക്ക് മുൻപുള്ള ടീമിന്‍റെ തയാറെടുപ്പിനെ അദ്ദേഹം ചോദ‍്യം ചെയ്തു. ഇത്തരം മോശം ഫലം ലഭിക്കുന്നതിന് താരങ്ങളും ഒരുപോലെ ഉത്തരവാദികളാണെന്നാണ് സന്ദീപ് പാട്ടീൽ പറയുന്നത്.
വരുന്ന ശ്രീലങ്കൻ പരമ്പര എല്ലാവർക്കും നിർണായകമാണ്. എന്നാൽ എന്തുകൊണ്ട് ഗംഭീർ മാത്രം? താരങ്ങളും അങ്ങനെ തന്നെയാണ്. ഒരാളെ മാത്രം തെരഞ്ഞുപിടിക്കുന്നത് ശരിയല്ല. സ്പിന്നർമാർക്കെതിരേ കളിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തയാറെടുത്ത് വന്ന ന‍്യൂസിലൻഡിനെതിരേ ഹോം പരമ്പര തോറ്റു. ടേണിങ് വിക്കറ്റിൽ അവർ പരിശീലനം നടത്തി. അതേസമയം, നമ്മൾ ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസിലെ മികച്ച പിച്ചുകളിൽ പരിശീലനം നടത്തി. സന്ദീപ് പാട്ടീൽ പറഞ്ഞു.
ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര‍്യങ്ങൾ പറയുന്നത്. സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പര വി.വി.എസ്. ലക്ഷ്മണിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം തൂത്തുവാരിയതിനു പിന്നാലെ ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കണമെന്ന ആവശ‍്യം ശക്തമാകുന്ന സാഹചര‍്യത്തിലാണ് സന്ദീപ് പാട്ടിൽ ഗംഭീറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രീലങ്കൻ പരമ്പരയിലും ഇന്ത‍്യൻ ടീമിന് വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്നും നീക്കുന്നതിനെ പറ്റി ബിസിസിഐ ആലോചിക്കും.