സെലക്ഷൻ കമ്മിറ്റി സ്ഥാനം ഒഴിയാനൊരുങ്ങി മുൻ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്; രാജിക്കത്ത് സമർപ്പിച്ചു

ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കൺസൾട്ടന്‍റ് സ്ഥാനവും താരം രാജിവയ്ക്കാൻ ഒരുങ്ങുന്നുവെന്നാണ് ദേശീയ മാധ‍്യമമായ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Former Pakistan captain Misbah-ul-Haq submits resignation from selection committee

മിസ്ബാ ഉൾ ഹഖ്

Updated on

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്( പിസിബി) സെലക്ഷൻ കമ്മിറ്റി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് മുൻ ക‍്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്. ദേശീയ മാധ‍്യമമായ എക്സ്പ്രസ് ട്രിബ‍്യൂണിന്‍റെ റിപ്പോർട്ട് പ്രകാരം മിസ്ബാ രാജിക്കത്ത് പിസിബിക്ക് സമർപ്പിച്ചതായാണ് വിവരം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ രണ്ടു മത്സരങ്ങളും തോൽവി അറിഞ്ഞതിനു പിന്നാലെ ഏഴ് പ്രമുഖ താരങ്ങളെയും പരിശീലകരെയും പിസിബി നാട്ടിലേക്ക് തിരിച്ചു വിളിച്ചതിനു പിന്നാലെയാണ് മിസ്ബാ രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നത്.

കൂടാതെ ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കൺസൾട്ടന്‍റ് സ്ഥാനവും താരം രാജിവയ്ക്കാൻ ഒരുങ്ങുന്നുവെന്നാണ് ദേശീയ മാധ‍്യമമായ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരങ്ങളെ തിരിച്ചുവിളിച്ച പിസിബി നടപടിയിൽ മിസ്ബയ്ക്ക് അതൃപ്തിയുള്ളതായാണ് റിപ്പോർട്ട്.

പരിശീലക സ്ഥാനത്തു നിന്നും സർഫറാസ് അഹമ്മദിനെയും ഉമർ ഗുല്ലിനെയും മാറ്റിയിരുന്നു. പകരം മൈക്ക് ഹെസൻ, ബൗളിങ് പരിശീലകനായി ആഷ്‌ലി നോഫ്കെ എന്നിവരെയാണ് നിയമിച്ചത്. മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽ‌മാൻ അലി ആഘ, അലി ഉസ്മാൻ, ആമർ ജമാൽ, അവൈസ് സഫർ, ഖുറാം ഷഹ്സാദ് എന്നീ 7 താരങ്ങളെയാണ് തിരിച്ചുവിളിച്ചത്.

പകരക്കാരായി അൺക‍്യാപ്പ്ഡ് താരങ്ങളായ അറാഫത്ത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ രൺധാവ, റസുള്ള, സയിം അയൂബ്, അബ്ദുള്ള ഫസൽ എന്നീ താരങ്ങളെയാണ് ടീമിലെടുത്തിരിക്കുന്നത്.

2017ൽ പാക്കിസ്ഥാൻ ടീം ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ 2019ലാണ് മിസ്ബാ ടീമിന്‍റെ മുഖ‍്യ പരിശീലകനായും ചീഫ് സെലക്റ്ററായും ചുമതലയേറ്റെടുത്തത്. 2020 ഒക്റ്റോബർ വരെ ഇരു ചുമതലകളും വഹിച്ചെങ്കിലും തൊട്ടടുത്ത വർഷം പരിശീലക സ്ഥാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ചീഫ് സെലക്റ്റർ സ്ഥാനം ഒഴിയുകയായിരുന്നു. പിന്നീട് ഈ വർഷം മാർച്ചിലാണ് ആഖിബ് ജാവേദും സർഫറാസ് അഹ്മദും അടങ്ങുന്ന നാലംഗ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായത്.

logo
Metro Vaartha
www.metrovaartha.com