

റഹ്മാനുള്ള ഗുർബാസ്, ഗൗതം ഗംഭീർ, കെകെആർ ദിനങ്ങളിൽ.
File
ദുബായ്: ഗൗതം ഗംഭീറിന്‍റ പരിശീലന രീതികൾ ഇന്ത്യയിൽ പലതരം അഭിപ്രായങ്ങൾക്ക് കാരണമായിട്ടുണ്ടാകാം, എങ്കിലും അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുള്ള ഗുർബാസിനു ഗംഭീറിന്‍റെ കാര്യത്തിൽ സംശയമൊന്നുമില്ല. താൻ കളിച്ചിട്ടുള്ളവരിൽ വച്ച് ഏറ്റവും മികച്ച പരിശീലകൻ ഗംഭീറാണെന്ന് ഗുർബാസ് പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ അദ്ദേഹത്തിനെതിരേ ഉയർന്ന വിമർശനങ്ങളിൽ താരം അമ്പരപ്പ് പ്രകടിപ്പിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യ 0-2ന് ടെസ്റ്റ് പരമ്പര തോറ്റതിനു പിന്നാലെയാണ് ഗംഭീറിന് കടുത്ത വിമർശനം നേരിടേണ്ടി വന്നത്. ഒരു വർഷം മുമ്പ് ന്യൂസിലൻഡിനോട് 0-3ന് ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം ഇന്ത്യയുടെ ആഭ്യന്തര ടെസ്റ്റ് മത്സരങ്ങളിലെ ആധിപത്യം അവസാനിച്ചിരുന്നു. ഇന്ത്യ അവസാനം കളിച്ച ഏഴ് ഹോം ടെസ്റ്റുകളിൽ അഞ്ചെണ്ണവും തോറ്റു. 2024-ലെ ഐപിഎൽ വിജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിന്‍റെ ഭാഗമായിരുന്ന ഗുർബാസിന്, 'ഗൗതം സറിന്' എതിരായ ഈ രോഷം ഒട്ടും ദഹിക്കുന്നില്ല.
ഐഎൽടി20യുടെ നാലാം സീസണിന്‍റെ ഇടവേളയിൽ പിടിഐക്കു നൽകിയ അഭിമുഖത്തിലാണ് ഗംഭീറിനെക്കുറിച്ച് ഗുർബാസ് വാചാലനായത്: 'നിങ്ങളുടെ രാജ്യത്ത് 140 കോടി ആളുകളുണ്ടെങ്കിൽ, അതിൽ 20-30 ലക്ഷം ആളുകൾ അദ്ദേഹത്തിനെതിരേ ഉണ്ടെന്നു പറയാം. ബാക്കിയുള്ളവർ ഗൗതം സറിനും ഇന്ത്യൻ ടീമിനും ഒപ്പമാണ്. അവരെക്കുറിച്ച് സംസാരിക്കുന്നത് അർഥമില്ലാത്ത കാര്യമാണ്.'
'എന്‍റ കരിയറിൽ എനിക്ക് ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച പരിശീലകനും മനുഷ്യനും ഉപദേശകനുമാണ് അദ്ദേഹം. അദ്ദേഹം കാര്യങ്ങളെ സമീപിക്കുന്ന രീതി എനിക്കിഷ്ടമാണ്,' അഫ്ഗാൻ ഓപ്പണർ ഗംഭീറിനെ പ്രശംസിച്ചു.
ഗംഭീറിന്‍റെ കീഴിൽ ഇന്ത്യൻ ടീം നേടിയ വിജയങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു: 'ഇന്ത്യ ഏകദിന ഫോർമാറ്റിൽ ചാംപ്യൻസ് ട്രോഫി, ടി20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് എന്നിവ നേടി. അവർ ധാരാളം പരമ്പരകൾ വിജയിച്ചിട്ടുണ്ട്. അതിനാൽ ഒരു പരമ്പരയുടെ പേരിൽ കുറ്റപ്പെടുത്താൻ കഴിയില്ല.'
കെകെആറിൽ ഗംഭീർ കെട്ടിപ്പടുത്ത അന്തരീക്ഷമാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ശക്തിയെന്ന് ഗുർബാസ് പറഞ്ഞു. അത് ശാന്തവും സമ്മർദമില്ലാത്തതും, എന്നാൽ അച്ചടക്കത്തിൽ അടിയുറച്ചതുമായിരുന്നു. അത് ടീമിനെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ചു.
'അദ്ദേഹം കർക്കശക്കാരനല്ല, പക്ഷേ അച്ചടക്കമുള്ളവനാണ്. അച്ചടക്കത്തിനെതിരായി എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ അദ്ദേഹം കാർക്കശ്യം പുറത്തെടുക്കൂ'- ഗുർബാസ് വിശദീകരിച്ചു.
'എല്ലാവരും കഠിനാധ്വാനം ചെയ്യുകയും തങ്ങളാൽ കഴിയുന്നത് പരമാവധി ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ തോറ്റു, അവരും മനുഷ്യരാണ്. ചിലപ്പോൾ തോൽക്കും – അത് ജീവിതത്തിന്‍റെ ഭാഗമാണ്. നിങ്ങൾ മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് നിങ്ങൾക്ക് പിന്തുണ ആവശ്യമുള്ളത്', അഭിമുഖത്തിൽ ഗുർബാസ് പറഞ്ഞു.