പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഗുർനൂർ ബ്രാർ? രണ്ടാം ടെസ്റ്റിൽ മാറ്റങ്ങൾക്ക് സാധ‍്യത

വാർത്താ ഏജൻസിയായ പിടിഐയിലെ മാധ‍്യമപ്രവർത്തകൻ കുഷൻ കുമാറാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്
gurnoor brar likely to debut for india in 2nd test against kiwis

ഗുർനൂർ ബ്രാർ

Updated on: 

ക്രൈസ്റ്റ് ചർച്ച്: നവംബർ 27ന് ക്രൈസ്റ്റ് ചർച്ചിൽ ന‍്യൂസിലൻഡിനെതിരേ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യയ്ക്കു വേണ്ടി പേസർ ഗുർനൂർ ബ്രാർ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയിലെ മാധ‍്യമപ്രവർത്തകൻ കുഷൻ കുമാറാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അൻഷുൽ കാംബോജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരിലൊരാളെ മാറ്റിയേക്കുമെന്നും അദ്ദേഹത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

വെല്ലിങ്ടണിൽ നടന്ന ആദ‍്യ ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ കിവീസിനെ ഓൾഔട്ടാക്കാൻ ജസ്പ്രീത് ബുംറ അടങ്ങുന്ന ഇന്ത‍്യൻ ബൗളിങ് നിരയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിനാലായിരിക്കാം എക്സ് ഫാക്റ്റായി ഗുർനൂർ ബ്രാറിനെ പരിഗണിക്കാനൊരുങ്ങുന്നത്. രണ്ടാം ടെസ്റ്റിനായി ഗുർനൂർ കഠിന പരിശീലനത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പേസ് നിരയെ ശക്തിപ്പെടുത്തുന്നതിനായി സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയാണ് അവസാന നിമിഷം ഗുർനൂർ ബ്രാറിനെ ടീമിലുൾപ്പെടുത്തിയത്. ടെസ്റ്റ് മത്സരത്തിന് മുൻപ് കിവീസിനെതിരേ നടന്ന ഏകദിന പരമ്പരയിൽ കളിച്ച ഗുർനൂർ മൂന്ന് മത്സരങ്ങളിൽ നിന്നും 4.88 ബൗളിങ് എക്കണോമിയിൽ 9 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഒന്നാം ടെസ്റ്റിൽ പ്രസിദ്ധ് കൃഷ്ണയെക്കാൾ ബാറ്റിങ്ങിലും ബൗളിങ്ങിലും അൻഷുൽ കാംബോജ് മികവ് പുലർത്തിയിരുന്നതിനാൽ പ്രസിദ്ധ് കൃഷ്ണയെ മാറ്റാനാണ് സാധ‍്യത.

വാഷിങ്ടൺ സുന്ദറിനെയായിരിക്കും സ്പെഷ‍്യലിസ്റ്റ് സ്പിന്നറായി പരിഗണിക്കുക. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഗുർനൂർ ബ്രാർ 43.2 ബൗളിങ് ശരാശരിയിൽ 71 വിക്കറ്റുകൾ പിഴുതിട്ടുണ്ട്. ഇതേ പ്രകടനം ഇന്ത‍്യയ്ക്കു വേണ്ടിയും പുറത്തെടുക്കാനാകുമോയെന്നാണ് കണ്ടറിയേണ്ടത്.

അടുത്തിടെ നടന്ന ദുലീപ് ട്രോഫി സെമിഫൈനൽ മത്സരത്തിൽ അഞ്ച് വിക്കറ്റും അതിനു ശേഷം ഇന്ത‍്യ എ ടീമിനു വേണ്ടി ശ്രീലങ്ക എ ടീമിനെതിരേ രണ്ട് ഇന്നിങ്സുകളിൽ നിന്നും 10 വിക്കറ്റും താരം വീഴ്ത്തിയിരുന്നു. അനായാസം ബൗൺസറുകൾ എറിയാനുള്ള കഴിവാണ് മറ്റു ബൗളർമാരിൽ നിന്നും ഗുർ‌നൂർ ബ്രാറിനെ വ‍്യത‍്യസ്തനാക്കുന്നത്. ഹിറ്റ് ദി ഡെക്ക് തന്ത്രത്തിലൂടെ ഗുർനൂർ ബ്രാറിന് കിവീസ് ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.