

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ജെഴ്സിയിൽ.
File photo
ഹാർദിക് പാണ്ഡ്യയുടെ ഐപിഎൽ ഭാവിയുടെ കാര്യത്തിൽ പുതിയ വഴിതിരിവുകൾ. മുംബൈ ഇന്ത്യൻസ് വിടാൻ താത്പര്യപ്പെടുന്ന ഓൾറൗണ്ടർ, 2027 സീസണിന് മുന്നോടിയായി ടീം മാറ്റത്തിനായി ചെന്നൈ സൂപ്പർ കിങ്സ് (CSK), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ടീമുകളുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടയിലാണ്, മുൻപ് രണ്ട് വർഷം കളിച്ച ഗുജറാത്ത് ടൈറ്റൻസിനെയും (GT) ഹാർദിക് സമീപിച്ചുവെന്ന വിവരം പുറത്തുവരുന്നത്.
ഹാർദികിനെ തിരിച്ചെടുക്കാൻ ജിടി തയാറായിരുന്നുവെങ്കിലും, ടീമിന്‍റെ ക്യാപ്റ്റൻ പദവി വേണമെന്ന അദ്ദേഹത്തിന്‍റെ ഉപാധി കാരണം ചർച്ചകൾ വഴിമുട്ടിയെന്നാണ് സൂചന. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമായി ചർച്ച നടത്തിയ ശേഷമാണ് ഹാർദികിനെ തിരിച്ചെടുക്കുന്ന കാര്യം ഫ്രാഞ്ചൈസി പരിഗണിച്ചത്. ഹാർദിക് വരുന്നതിനോട് ഗില്ലിനും യോജിപ്പായിരുന്നു. എന്നാൽ, ക്യാപ്റ്റൻസി വേണമെന്ന ഹാർദിക്കിന്‍റെ നിബന്ധന ആർക്കും സ്വീകാര്യമായില്ല.
ഹാർദിക് നേരിട്ട് ഒരു ഫ്രാഞ്ചൈസിയുമായും ചർച്ചകൾ നടത്തിയിട്ടില്ലെന്നും, എല്ലാ ആശയവിനിമയങ്ങളും മുംബൈ ഇന്ത്യൻസ് വഴി മാത്രമാണ് നടന്നിട്ടുള്ളതെന്നുമാണ് ഹാർദിക്കിന്‍റെ വക്താവ് അവകാശപ്പെടുന്നത്. താരങ്ങൾ നേരിട്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തുന്നതിന് ഐപിഎല്ലിൽ നിയന്ത്രണങ്ങളുണ്ട്. ഇത്തരത്തിൽ ചർച്ച നടത്തിയതിന് മുൻപ് രവീന്ദ്ര ജഡേജയ്ക്ക് വിലക്കേർപ്പെടുത്തുക വരെ ചെയ്തിരുന്നു.
2022-ൽ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. അടുത്ത സീസണിലും അദ്ദേഹത്തിന്‍റെ കീഴിൽ ടീം ഫൈനലിൽ എത്തിയിരുന്നു. ഇതിനുശേഷമാണ് തന്‍റെ പഴയ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് വഴി തിരിച്ചു പോയത്.
രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിൽ ഹാർദിക് ക്യാപ്റ്റനായത് ടീം ആരാധകർക്ക് പൂർണമായി ഇഷ്‌ടപ്പെട്ടിരുന്നില്ല. ഗ്രൗണ്ടിൽ പലപ്പോഴും അദ്ദേഹത്തിന് കൂക്കുവിളിയും കേട്ടു. ഡ്രസിങ് റൂമിലും രോഹിതുണ്ടായിരുന്ന സ്വാധീനം ഹാർദിക്കിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ജസ്പ്രീത് ബുംറയെയും സൂര്യകുമാർ യാദവിനെയും പോലുള്ള മുതിർന്ന താരങ്ങൾക്കും ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം, 2026 ലെ ഐപിഎൽ സീസണിന് ശേഷം പല സീനിയർ താരങ്ങളും 'നിയന്ത്രിക്കാൻ കഴിയാത്തവരാണെന്ന്' കോച്ചിങ് സ്റ്റാഫ് വിലയിരുത്തിയതിനെത്തുടർന്ന് മുംബൈ ഇന്ത്യൻസ് ടീം പൂർണമായി അഴിച്ചുപണിയാനുള്ള നീക്കവും നടക്കുന്നുണ്ട്. ഈ വർഷത്തെ ലേലത്തിന് മുന്നോടിയായി ക്യാപ്റ്റൻ ഹാർദിക് ഉൾപ്പെടെയുള്ള പല സീനിയർ താരങ്ങളെയും മുംബൈ ഒഴിവാക്കുമെന്നാണ് സൂചന.
അജിങ്ക്യ രഹാനെ വിരമിച്ച സാഹചര്യത്തിൽ, കെകെആർ പുതിയ ക്യാപ്റ്റനെ തേടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹാർദിക് അവിടെ പരിഗണനയിൽ വരാൻ സാധ്യത ഏറെയാണ്.