''പാക്കിസ്ഥാനെ ചൊറിയാറുണ്ട്, എങ്കിലും നല്ല പയ്യൻ'', മുൻ ഇന്ത്യൻ താരത്തെക്കുറിച്ച് വസിം അക്രം

ആരെങ്കിലും ജയിക്കും, ആരെങ്കിലും തോൽക്കും, നമ്മൾ അടുത്ത കളിയിലേക്ക് പോകും. പണ്ടെന്നോ നടന്ന കാര്യങ്ങളൊക്കെ ഓർത്ത് പക വീട്ടുന്നതൊക്കെ 70-കളിലെ ശൈലിയാണെന്നും അക്രം.
Irfan Pathan tweets against Pakistan, but is a good boy, says Wasim Akram

വസിം അക്രം.

File photo

Updated on

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഇടങ്കയ്യൻ പേസർമാരിൽ ഒരാളാണ് പാക്കിസ്ഥാൻ ഇതിഹാസം വസീം അക്രം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 916 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള അക്രം, തന്‍റെ കൃത്യതയും സ്വിങ്ങും ഉപയോഗിച്ച് എതിരാളികളെ വിറപ്പിച്ച താരമാണ്. 2003-ൽ വിരമിച്ചതിനുശേഷവും ആ നിലവാരത്തിൽ മറ്റു ബൗളർമാർ ഏറെയുണ്ടായിട്ടില്ല. എന്നാൽ, പാക് ഇതിഹാസത്തിന്‍റെ ഇന്ത്യൻ പിന്തുടർച്ചാവകാശിയെന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെടുകയും പിന്നീട് മങ്ങിപ്പോകുകയും ചെയ്തു ഒരു ബൗളറുണ്ട്- ഇർഫാൻ പഠാൻ!

2003-ൽ ഓസ്ട്രേലിയക്കെതിരേ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പഠാൻ, തന്‍റെ സ്വിങ് മികവ് കൊണ്ടും ലോവർ ഓർഡർ ബാറ്റിങ് കൊണ്ടും പലപ്പോഴും അക്രമിനെ ഓർമിപ്പിച്ചിരുന്നു. അന്താരാഷ്ട്ര കരിയറിൽ 301 വിക്കറ്റുകൾ വീഴ്ത്തിയ പഠാൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി മാറുമെന്നു പോലും പ്രവചിക്കപ്പെട്ടു. എന്നാൽ, ഓൾറൗണ്ടറാകാനുള്ള ഓട്ടത്തിനിടെ ബൗളിങ് മികവ് നഷ്ടമായ പഠാന്‍റെ അന്താരാഷ്ട്ര കരിയർ അകാലത്തിൽ അവസാനിച്ചു. 19-ാം വയസിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച പഠാൻ അവസാന അന്താരാഷ്ട്ര മത്സരം കളിക്കുമ്പോൾ പ്രായം വെറും 27! മുപ്പത്തഞ്ചാം വയസിൽ വിരമിക്കലും പ്രഖ്യാപിച്ചു. അതിനുശേഷം അക്രമിനെപ്പോലെ കമന്‍ററി ലോകത്തേക്കു തിരിഞ്ഞ പഠാൻ സോഷ്യൽ മീഡിയയിലും സജീവമാണ്.

താനും ഇർഫാൻ പഠാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും വസീം അക്രം അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ മനസ് തുറന്നു. 2004-ൽ ഓസ്ട്രേലിയൻ പര്യടനത്തിനിടയിലാണ് പഠാനെ ആദ്യമായി കണ്ടതെന്നും തന്‍റെ കടുത്ത ആരാധകനായ ആ ചെറുപ്പക്കാരന്‍റെ സമീപനം തന്നെ ആകർഷിച്ചിരുന്നുവെന്നും അക്രം പറയുന്നു. മൈൻഡ് സെറ്റും ബാറ്റ്സ്മാൻമാരെ വായിച്ചെടുക്കുന്ന വിധവുമൊക്കെയാണ് അന്നവൻ തന്നോട് ചോദിച്ചതെന്നും അക്രം ഓർക്കുന്നുണ്ട്.

"ഇർഫാനൊരു നല്ല പയ്യനാണ്, ഇപ്പോഴും അവൻ ഇടയ്ക്ക് എന്നെ കാണാറുണ്ട്. പക്ഷേ, ഇടയ്ക്കിടെ പാക്കിസ്ഥാനെതിരേ എന്തെങ്കിലുമൊക്കെ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കും. അതൊക്കെ വേറെ കാര്യമാണ്!" ചിരിച്ചുകൊണ്ട് അക്രം പറയുന്നു. "അതിന് മറുപടി കൊടുക്കാൻ ഞങ്ങളുടെ ആരാധകരും എപ്പോഴും റെഡിയാണ്. അവർക്കൊന്നും കാര്യങ്ങൾ വെറുതെ വിടാൻ പറ്റില്ലല്ലോ, മറുപടി കൊടുത്തേ പറ്റൂ."

ഇന്ത്യ-പാക് മത്സരങ്ങളെക്കുറിച്ചുള്ള അനാവശ്യ ഹൈപ്പുകളെക്കുറിച്ചും അക്രം തുറന്നടിച്ചു. ഇതൊരു സാധാരണ കളി മാത്രമാണെന്ന് ആരാധകർ എപ്പോഴാണ് മനസിലാക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. "ആരെങ്കിലും ജയിക്കും, ആരെങ്കിലും തോൽക്കും, നമ്മൾ അടുത്ത കളിയിലേക്ക് പോകും. അത്രയേ ഉള്ളൂ. പണ്ടെന്നോ നടന്നുപോയ കാര്യങ്ങളൊക്കെ ഓർത്ത് പക വീട്ടുകയെന്നതൊക്കെ 1970-കളിലെ ശൈലിയാണ്", വെറുതേയിരിക്കുന്നവരുടെ തലച്ചോറ് സാത്താന്‍റെ പണിപ്പുരയാണെന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങളെന്നും അക്രം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com