ന്യൂസിലൻഡ് എയ്ക്കെതിരേ ഇന്ത്യ എ ശക്തമായ നിലയിൽ

ജുറേൽ, തിലക്, വാഷിങ്ടൺ അർധസെഞ്ച്വറികളിൽ ഇന്ത്യ എ 464/5 ഡിക്ലയർ ചെയ്തു; പ്രസിദ്ധിന് രണ്ടു വിക്കറ്റ്, ന്യൂസിലൻഡ് എ 428 റൺസ് പിന്നിൽ
India A Dominate Day Two Lincoln

ന്യൂസിലൻഡ് എ ടീമിന്‍റെ രണ്ട് വിക്കറ്റ് പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിക്കഴിഞ്ഞു.

Updated on: 

ലിങ്കൺ: ധ്രുവ് ജുറേൽ, തിലക് വർമ, വാഷിങ്ടൺ സുന്ദർ എന്നിവർ അർധസെഞ്ച്വറി നേടുകയും, പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെ, ന്യൂസിലൻഡ് എയ്ക്കെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിന്‍റെ രണ്ടാം ദിനമായ ഞായറാഴ്ച ഇന്ത്യ എ മേധാവിത്വം ഉറപ്പിച്ചു. കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് എ രണ്ടിന് 36 എന്ന നിലയിൽ, ഇന്ത്യ എയെക്കാൾ 428 റൺസ് പിന്നിലാണ്.

രണ്ടിന് 227 എന്ന സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ എ, ക്യാപ്റ്റൻ ജുറേൽ (71), തിലക് (പുറത്താകാതെ 81), വാഷിങ്ടൺ (പുറത്താകാതെ 50) എന്നിവരുടെ അർധസെഞ്ച്വറികളുടെ കരുത്തിൽ 146 ഓവറിൽ അഞ്ചിന് 464 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

ഇടതു ഹാംസ്ട്രിങ് പരുക്കിൽനിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ പേസർ പ്രസിദ്ധ്, ന്യൂസിലൻഡ് എയുടെ ഓപ്പണർമാരായ റീസ് മാരിയുവിനെയും കർട്ടിസ് ഹീഫിയെയും മടക്കി. കളി നിർത്തുമ്പോൾ ഡീൻ ഫോക്സ്ക്രോഫ്റ്റും (10) സാക് ഗിബ്സണുമാണ് (1) ക്രീസിൽ.

ഒന്നാം ദിനത്തിലെ സ്കോറിനോട് 11 റൺസ് മാത്രം കൂട്ടിച്ചേർത്ത ബി. സായ് സുദർശൻ (88), ഗിബ്സണിന്‍റെ പന്തിൽ ബൗൾഡായി. ശനിയാഴ്ച 12 റൺസിൽ നിന്ന ജുറേൽ, തിലകിനൊപ്പം 31 റൺസ് ചേർത്തു. ഒൻപത് ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 95 പന്തിൽ 71 റൺസെടുത്ത ജുറേൽ, 75 പന്തിൽ അർധസെഞ്ച്വറി തികച്ച ശേഷം കാമറൺ പോളിന്‍റെ പന്തിൽ പുറത്തായി.

ഋഷഭ് പന്തിന്‍റെ അഭാവത്തിൽ ബാക്ക്-അപ്പ് താരമായി കളിക്കുന്ന തിലക്, രവീന്ദ്ര ജഡേജയ്ക്കൊപ്പം (25) 44 റൺസ് ചേർത്തു. തുടർന്ന് വാഷിങ്ടണിനൊപ്പം പുറത്താകാതെ 114 റൺസിന്‍റെ കൂട്ടുകെട്ടുയർത്തി ഇന്ത്യ എയെ ശക്തമായ നിലയിലെത്തിച്ചു. അഞ്ച് ഫോറും രണ്ടു സിക്സും തിലക് നേടിയപ്പോൾ, വാഷിങ്ടൺ രണ്ടു ബൗണ്ടറികൾ കണ്ടെത്തി.

101 ഓവറിൽ നാലിന് 331 എന്ന സ്കോറിൽ, തിലകും ജഡേജയും ക്രീസിലിരിക്കെയാണ് ഇന്ത്യ എ ഉച്ചഭക്ഷണത്തിനു പിരിഞ്ഞത്. 80.1 ഓവറിൽ പുതിയ പന്ത് എടുത്തിരുന്നു. ഉച്ചയ്ക്കു ശേഷം, ഗിബ്സണിന്‍റെ പന്തിൽ മാത്യു ബോയ്ൽ ക്യാച്ചെടുത്ത് ജഡേജ പുറത്തായി—ഗിബ്സണിന്‍റെ ആ ദിവസത്തെ രണ്ടാം വിക്കറ്റ്. പിന്നാലെ തിലകും വാഷിങ്ടണും ലക്ഷ്യബോധത്തോടെ ബാറ്റ് ചെയ്ത് 130.5 ഓവറിൽ ഇന്ത്യ എയെ 400 റൺസ് കടത്തി.

ആറാം വിക്കറ്റിൽ ഇരുവരും 197 പന്തിൽ 100 റൺസ് പൂർത്തിയാക്കി. 131 പന്തിൽ തിലകും 107 പന്തിൽ വാഷിങ്ടണും അർധസെഞ്ച്വറി തികച്ചു.

ടെസ്റ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിന്‍റെ ഭാഗമായി അവസാന ഇന്ത്യ എ മത്സരം കളിക്കുന്ന പേസ് മുന്നണിപ്പോരാളി ജസ്പ്രീത് ബുംറയും (0/11) പ്രസിദ്ധ് കൃഷ്ണയും (2/12) മികച്ച ഓപ്പണിങ് സ്പെല്ലിലൂടെ ആതിഥേയരെ സമ്മർദത്തിലാക്കി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചത്.