ത്രിരാഷ്ട്ര പരമ്പര: ഇന്ത്യ എ ഫൈനലിൽ

അഫ്ഗാനിസ്ഥാൻ എ ടീമിനെതിരേ മികച്ച വിജയം നേടിയാൽ മാത്രം ഫൈനൽ യോഗ്യത എന്ന അവസ്ഥയിൽ ഇന്ത്യ എ ടീം നേടിയത് 101 റൺസ് ജയം
India A vs Afghanistan A tri series ODI

ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ അഫ്ഗാനിസ്ഥാൻ എ ടീമിനമെതിരേ ഇന്ത്യ എ ഓപ്പണർ വൈഭവ ്സൂര്യവംശിയുടെ സ്ലോഗ് സ്വീപ്പ്.

Updated on

ധാംബുള്ള: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യ എ ടീം ഫൈനലിൽ കടന്നു. മികച്ച വിജയത്തോടെ മാത്രം ഫൈനൽ സാധ്യത നിലനിർത്താൻ സാധിക്കുമായിരുന്ന മത്സരത്തിൽ ഇന്ത്യൻ യുവനിര അഫ്ഗാനിസ്ഥൻ എ ടീമിനെ 101 റൺസിനാണ് കീഴടക്കിയത്. നേരത്തെ, അഫ്ഗാനിസ്ഥാൻ എ ടീമിനോട് മഴ നിയമത്തിലും, ശ്രീലങ്ക എ ടീമിനോട് സൂപ്പർ ഓവറിലും തോറ്റതാണ് ഇന്ത്യയെ പുറത്താകലിന്‍റെ വക്കിലെത്തിച്ചത്.

നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തു. അഫ്ഗാന്‍റെ മറുപടി 36.5 ഓവറിൽ 218 റൺസിൽ അവസാനിച്ചു.

പ്രഭ്സിമ്രൻ സിങ്ങിനു പകരം പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയ പ്രിയാംശ് ആര്യ 42 പന്തിൽ 58 റൺസുമായി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഒരിക്കൽക്കൂടി അമ്പത് തൊടാതെ പുറത്തായെങ്കിലും വൈഭവ് സൂര്യവംശി 28 പന്തിൽ 38 റൺസുമായി തിളങ്ങി. തുടർന്നെത്തിയ ഋതുരാജ് ഗെയ്ക്ക്വാദ് 30 റൺസെടുത്ത് പുറത്തായെങ്കിലും, തിലക് വർമയും (59) വിക്കറ്റ് കീപ്പർ കുമാർ കുശാഗ്രയും (58) അർധ സെഞ്ചുറികൾ നേടി. വാലറ്റത്ത് നിഷാന്ത് സിന്ധു (21 നോട്ടൗട്ട്), വിപ്രജ് നിഗം (30) എന്നിവരുടെ പോരാട്ടം കൂടിയായപ്പോൾ ഇന്ത്യ മികച്ച സ്കോറിൽ.

മറുപടി ബാറ്റിങ്ങിൽ ബാഹിർ ഷാ (57) മാത്രമാണ് അഫ്ഗാനു വേണ്ടി അർധ സെഞ്ചുറി നേടിയത്. ഓപ്പണറും ക്യാപ്റ്റനുമായ ഇമ്രാൻ മിർ 32 റൺസും നേടി. മറ്റാർക്കും 20 പോലും കടക്കാനായില്ല.

ഇന്ത്യക്കു വേണ്ടി നിഷാന്ത് സിന്ധു 31 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. യഷ് ഠാക്കൂറിന് രണ്ട് വിക്കറ്റ് കിട്ടിയപ്പോൽ, അൻഷുൽ കാംഭോജ്, വിപ്രജ് നിഗം, സൂര്യാംശ് ഷെഡ്ഗെ, അനുകുൽ റോയ് എന്നിവർക്ക് ഓരോ വിക്കറ്റ്.

logo
Metro Vaartha
www.metrovaartha.com