ന‍്യൂസിലൻഡ് എ ടീമിനെതിരായ അനൗദ‍്യോഗിക ടെസ്റ്റ്; മലയാളി താരത്തിന് അർധസെഞ്ചുറി, ഇന്ത‍്യയ്ക്ക് ലീഡെടുക്കാൻ വേണ്ടത് 98 റൺസ്

ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ ( 9 പന്തിൽ 5), കെ.എൽ. രാഹുൽ (15 പന്തിൽ 4) എന്നിവർ തിളങ്ങാതെ പുറത്തായി
india a vs new zeland a 1st unofficial test match updates

ദേവ്ദത്ത് പടിക്കൽ

Updated on: 

ലിങ്കൺ: ന‍്യൂസിലൻഡ് എ ടീമിനെതിരായ അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത‍്യ എ ടീം ഭേദപ്പെട്ട നിലയിൽ. ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ ( 9 പന്തിൽ 5), കെ.എൽ. രാഹുൽ (15 പന്തിൽ 4) എന്നിവർ തിളങ്ങാതെ പുറത്തായപ്പോൾ മലയാളി താരം ദേവ്ദത്ത് പടിക്കൽ (89 പന്തിൽ 56 റൺസ് നോട്ടൗട്ട്), സായ് സുദർശൻ (104 പന്തിൽ 39 റൺസ് നോട്ടൗട്ട്) എന്നിവർ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന് ടീമിനെ കരകയറ്റി.

ഇനി 98 റൺസ് കൂടി വേണം ഇന്ത‍്യ എയ്ക്ക് ലീഡെടുക്കാൻ. നേരത്തെ ആദ‍്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഇന്ത‍്യ 113 റൺസിന് ഓൾഔട്ടായിരുന്നു. ആകെ യഷ് റാത്തോഡ് (44), ദേവ്ദത്ത് പടിക്കൽ (32), യശസ്വി ജയ്സ്വാൾ (17), അൻഷുൽ കാംബോജ് (10) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. കെ.എൽ. രാഹുലും സായ് സുദർശനും അടക്കമുള്ളവർ നിരാശപ്പെടുത്തി.

ന‍്യൂസിലൻഡിനു വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ സൈമൺ കീനാണ് ഇന്ത‍്യയെ തകർത്തത്. ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 317 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് കൂടാരം കയറിയത്.

ക‍്യാപ്റ്റൻ റൈസ് മാരിയു (76), ഡീൻ ഫോക്സ്‌ക്രോഫ്റ്റ് (51), എന്നിവരുടെ അർധസെഞ്ചുറികളും ക്രിസ്റ്റ‍്യൻ ക്ലാർക്ക് (42) കർട്ടിസ് ഹീഫി (44) തുടങ്ങിയവരുടെ ഭേദപ്പെട്ട പ്രകടനങ്ങളുമാണ് ന‍്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത‍്യയ്ക്കു വേണ്ടി ആക്വിബ് നബിയും അൻഷുൽ കാംബോജും മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ് ദീപ് രണ്ടും മുകേഷ് ചൗധരി, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും പിഴുതു.

logo
Metro Vaartha
www.metrovaartha.com