ന‍്യൂസിലൻഡ് എ ടീമിനെതിരായ രണ്ടാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരം സമനിലയിൽ; ജയ്സ്വാളിനും യഷ് റാത്തോഡിനും സെഞ്ചുറി

ഇന്ത‍്യയ്ക്കു വേണ്ടി ‍യശസ്വി ജയ്സ്വാൾ (155 നോട്ടൗട്ട്), യഷ് റാത്തോഡ് (100 നോട്ടൗട്ട്) എന്നിവർ സെഞ്ചുറി നേടിയതോടെയാണ് മത്സരം സമനിലയിൽ കലാശിച്ചത്
India A vs New Zeland A 2nd unofficial test match updates

യശസ്വി ജയ്സ്വാൾ

Updated on: 

ക്രൈസ്റ്റ്ചർച്ച്: ന‍്യൂസിലൻഡ് എ ടീമിനെതിരായ രണ്ടാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത‍്യയ്ക്കു വേണ്ടി ‍ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ (155 നോട്ടൗട്ട്), യഷ് റാത്തോഡ് (100 നോട്ടൗട്ട്) എന്നിവർ സെഞ്ചുറി നേടിയതോടെയാണ് മത്സരം സമനിലയിൽ കലാശിച്ചത്. 15 ബൗണ്ടറിയും 5 സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്‍റെ ബാറ്റിങ് പ്രകടനം.

രഞ്ജി താരം യഷ് റാത്തോഡ് സെഞ്ചുറി നേടിയതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെന്ന നിലയിലെത്തുകയായിരുന്നു ടീം. ഇതോടെ രണ്ടു ടീമുകളിലെ ക‍്യാപ്റ്റൻമാരും കൈകൊടുത്ത് പിരിയുകയായിരുന്നു. 122 പന്തുകളിൽ നിന്നും 9 ബൗണ്ടറികൾ അടക്കമാണ് യഷ് റാത്തോഡ് സെഞ്ചുറി തികച്ചത്. ഒന്നാമിന്നിങ്സിൽ ആദ‍്യം ബാറ്റ് ചെയ്ത ന‍്യൂസിലൻഡ് എ ടീം 424 റൺസും മറുപടി ബാറ്റിങ്ങിൽ ഇന്ത‍്യ 346 റൺസും നേടി. മൂന്നാം വിക്കറ്റിൽ ജയ്സ്വാളിനൊപ്പം ചേർന്ന് 247 റൺസിന്‍റെ കൂട്ടുകെട്ടാണ് യഷ് പടുത്തുയർത്തിയത്.

<div class="paragraphs"><p>യഷ് റാത്തോഡ്</p></div>

യഷ് റാത്തോഡ്

കഴിഞ്ഞ മത്സരത്തിലും ഈ മത്സരത്തിലെ ഒന്നാം ഇന്നിങ്സിലും ജയ്സ്വാളിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. 17,5,0 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ സ്കോർ. രണ്ടാം ഇന്നിങ്സിൽ ടീം സ്കോർ 32 റൺസിൽ നിൽക്കെയാണ് ആദ‍്യ വിക്കറ്റ് ടീമിന് നഷ്ടമാകുന്നത്. 11 റൺസുമായി സായ് സുദർശനാണ് പുറത്തായത്. പിന്നാലെ ന‍്യൂസിലൻഡ് പേസർ ബ്രെറ്റ് റണ്ടൽ എറിഞ്ഞ പന്തിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ ക്ലീൻ ബൗൾഡായതോടെ ടീം പ്രതിരോധത്തിലായി.

ഇതോടെയാണ് യഷ് ക്രീസിലെത്തുന്നത്. മറുവശത്ത് പിന്തുണച്ച് യഷ് റാത്തോഡ് മുന്നോട്ട് നീങ്ങിയപ്പോൾ ആത്മവിശ്വാസത്തോടെ കവർ ഡ്രൈവുകളും കട്ട് ഷോട്ടുകളും കളിച്ച് ജയ്സ്വാൾ സ്കോർബോർഡ് ഉയർത്തി. ജയ്സ്വാൾ നേടിയ 5 സിക്സുകളിൽ 4ഉം സ്പിന്നർ ഡീൻ ഫോക്സ്ക്രോഫ്റ്റിനെതിരേയായിരുന്നു. ന‍്യൂബോൾ ഓൾഡ് ബോളായതോടെ ബൗളർമാർക്ക് കാര‍്യമായൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.

പന്തിന് ബൗൺസ് ലഭിച്ചതിനാൽ ബാറ്റർമാർ അനായാസം റൺസ് കണ്ടെത്തി. ജയ്സ്വാളിന്‍റെ 17ാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് ന‍്യൂസിലൻഡ് എ ടീമിനെതിരേ പിറന്നത്. അതേസമയം, ‍യഷ് ഒന്നാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നും 110 റൺസ് അടിച്ചുകൂട്ടിയിരുന്നു. രണ്ടാം ടെസ്റ്റിലെ ആദ‍്യ ഇന്നിങ്സിൽ 13 റൺസ് മാത്രം നേടി പുറത്തായി. ആഭ‍്യന്തര ക്രിക്കറ്റിലെ സമാന ബാറ്റിങ് പ്രകടനമാണ് താരത്തിൽ നിന്നും കണ്ടത്.