

ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചു. സെപ്റ്റംബർ 13ന് ആരംഭിക്കുന്ന ടി20 പരമ്പരയിൽ ശ്രേയസ് അയ്യർ ഇന്ത‍്യൻ ടീമിനെ നയിക്കും. മലയാളി താരം സഞ്ജു സാംസൺ, കൗമാര താരം വൈഭവ് സൂര‍്യവംശി എന്നിവർ അടക്കമുള്ളവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ഫോം ഔട്ടായ സഞ്ജുവിന് സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ വിശ്രമം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് താരം വീണ്ടും ടീമിൽ തിരിച്ചെത്തുന്നത്.
നിതീഷ് റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നീ താരങ്ങളെയും ടീമിലെടുത്തിട്ടുണ്ടെങ്കിലും കായികക്ഷമതയുടെ അടിസ്ഥാനത്തിലായിരിക്കും ഇവരെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നത്. അടുത്ത മാസം ജപ്പാനിൽ വച്ച് നടക്കാനിരിക്കുന്ന ഏഷ‍്യൻ ഗെയിംസിൽ ഇതേ ടീം തന്നെ ഇന്ത‍്യയെ പ്രതിനിധീകരിച്ച് കളിക്കും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം വേദിയാകുന്ന പരമ്പരയിൽ മൂന്നു മത്സരങ്ങളാണുള്ളത്.
ടോപ് ഓർഡറിൽ സഞ്ജുവും വൈഭവും ഇഷാൻ കിഷനും ബാറ്റേന്തുമ്പോൾ പരിചയസമ്പന്നരും യുവതാരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത‍്യൻ ടീമിന്‍റെ മധ‍്യനിര. വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും സ്പിൻ നിര നിയന്ത്രിക്കുമ്പോൾ ബുംറയും അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും പേസ് നിര കൈകാര‍്യം ചെയ്യും. അതേസമയം, ഐപിഎല്ലിൽ മികവ് പുറത്തെടുത്ത ക്രുണാൾ പാണ്ഡ‍്യ, ഭുവനേശ്വർ കുമാർ എന്നിവരെയൊന്നും സെലക്റ്റർമാർ പരിഗണിച്ചില്ല.
പരുക്ക് ഭേദമാകാത്തതിനാൽ ഹാർദിക് പാണ്ഡ‍്യയയുടെ തിരിച്ചുവരവ് വൈകും. 2026 ടി20 ലോകകപ്പിലാണ് ഹാർദിക് അവസാനമായി ഇന്ത‍്യയ്ക്കു വേണ്ടി കളിച്ചത്. അഫ്ഗാനിസ്ഥാനെതിരേ ഇന്ത‍്യയിൽ നടക്കാനിരുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഹാർദിക് പാണ്ഡ‍്യയെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും കാലിനേറ്റ പരുക്കു മൂലം കളിക്കാനായിരുന്നില്ല. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരയും താരത്തിന് നഷ്ടമായിരുന്നു. ബെംഗളൂരുവിലെ സെന്‍റർ ഓഫ് എക്സലൻസിൽ തിരിച്ചുവരവനിുള്ള ശക്തമായ ശ്രമത്തിലാണ് താരം.
ശ്രീലങ്കൻ പര‍്യടനത്തിനു മുൻപ് പരുക്കേറ്റ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് സെലക്റ്റർമാർ. ഇംഗ്ലണ്ടിനെതിരേ ജൂലൈ 16ന് കാർഡിഫിൽ നടന്ന മത്സരത്തിലാണ് താരം അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്.
അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം: ശ്രേയസ് അയ്യർ (ക‍്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര‍്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ (വൈസ് ക‍്യാപ്റ്റൻ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ഹർഷിത് റാണ: