33-ാം വയസിൽ ഇന്ത‍്യൻ ടീമിൽ ഇടം നേടി സാരാംശ് ജെയിൻ; ശ്രീലങ്കയെ നേരിടാൻ ഗില്ലും സംഘവും

രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത‍്യ കളിക്കുന്നത്
india announced squad for test series against sri lanka; saransh jain earned maiden call up

സാരാംശ് ജെയിൻ

Updated on

ന‍്യൂഡൽഹി: അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചു. രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത‍്യ കളിക്കുക. ആദ‍്യ ടെസ്റ്റ് മത്സരം ഓഗസ്റ്റ് 15ന് ശ്രീലങ്കയിലെ ഗല്ലെയിലും രണ്ടാം ടെസ്റ്റ് മത്സരം ഓഗസ്റ്റ് 23ന് കൊളംബോയിലുമാണ് നടക്കുന്നത്.

യുവതാരം ശുഭ്മൻ ഗില്ലാണ് 15 അംഗ ഇന്ത‍്യൻ ടീമിനെ നയിക്കുന്നത്. കെ.എൽ. രാഹുലാണ് ടീമിന്‍റെ വൈസ് ക‍്യാപ്റ്റൻ. പേസർ ജസ്പ്രീത് ബുംറയെയും സായ് സുദർശനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കായികക്ഷമതയുടെ അടിസ്ഥാനത്തിലായിരിക്കും കളിപ്പിക്കുക. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് വിശ്രമം നൽകിയിരുന്ന രവീന്ദ്ര ജഡേജ വീണ്ടും ടീമിൽ തിരിച്ചെത്തി.

33കാരനായ സാരാംശ് ജെയിനെ ടീമിലെടുത്തതാണ് ശ്രദ്ധേയം. യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും കെ.എൽ. രാഹുലും ഋഷഭ് പന്തും അടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത‍്യയ്ക്കുള്ളത്. അതേസമയം, മാനവ് സുതാർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, എന്നിവർ ബൗളിങ് നിര കൈകാര‍്യം ചെയ്യും. ആദ‍്യ ടെസ്റ്റിൽ വാഷിങ്ടൺ സുന്ദർ ഉണ്ടാകില്ല.

അതിനാലാണ് ഓഫ് സ്പിന്നർ സാരാംശ് ജെയിനെ ടീമിലെടുത്തിരിക്കുന്നത്. അടുത്തിടെ ഇന്ത‍്യ എ ടീമിനു വേണ്ടി കളിച്ച താരം 6 വിക്കറ്റുകളും 70 റൺസും ശ്രീലങ്കയ്ക്കെതിരേ ഫൈനലിൽ അടിച്ചെടുത്തിരുന്നു. 33 കാരനായ സാരാംശ് 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7ന് ശ്രീലങ്കയ്ക്കെതിരേ ഇന്ത‍്യ സന്നാഹ മത്സരം കളിക്കും. അതിനായി ഇന്ത‍്യൻ ടീം ഓഗസ്റ്റ് ആദ‍്യവാരം തന്നെ ശ്രീലങ്കയിലെത്തും.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം: ശുഭ്മൻ ഗിൽ (ക‍്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക‍്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാംശ് ജെയിൻ

logo
Metro Vaartha
www.metrovaartha.com