സഞ്ജു ഇല്ല, നാല് പുതുമുഖങ്ങൾ: ഇന്ത്യൻ ടീമായി

അഫ്ഗാനിസ്ഥാനെതിരേ ടെസ്റ്റ്, ഏകദിന പരമ്പരകൾ കളിക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഋഷഭ് പന്തിനെ മാറ്റി
ഏകദിന ക്രിക്കറ്റിൽ ഇനി സഞ്ജുവിനെ പരിഗണിക്കില്ല? Sanju Samson out of favor in ODI

Sanju Samson

file image
Updated on

ന്യൂഡൽഹി: ജൂണിൽ അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സൂപ്പർ പേസർ ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ, ഋഷഭ് പന്തിനു പകരം കെ.എൽ. രാഹുലിനെ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം ശുഭ്മൻ ഗിൽ തന്നെയായിരിക്കും ക്യാപ്റ്റൻ.

കഴിഞ്ഞ നവംബറിൽ നാട്ടിൽ വച്ച് ദക്ഷിണാഫ്രിക്കയോട് 2-0 ന് തോറ്റതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

ബുമ്രയ്ക്ക് പുറമെ സ്പിൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഫാസ്റ്റ് ബൗളർ ആകാശ് ദീപ് എന്നിവരെയും ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കി.

ജഡേജയുടെയും അക്ഷറിന്‍റെയും സ്ഥാനത്ത് ഇടങ്കൈയൻ സ്പിൻ ഓൾറൗണ്ടർമാരായ മാനവ് സുതർ, ഹർഷ് ദുബെ എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആകാശ് ദീപിനു പകരം ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാർ ആദ്യമായി ടീമിലെത്തി.

സഞ്ജു ഇല്ലാതെ ഏകദിന ടീം

അഫ്ഗാനിസ്ഥാനെതിരേ മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കാനുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. യുവതാരങ്ങളായ പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ എന്നിവർ ഏകദിന ടീമിലും ആദ്യമായി ഇടംപിടിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, ഓൾറൗണ്ടർ ഹാർദിക പാണ്ഡ്യ എന്നിവർ ഏകദിന ഫോർമാറ്റിൽ തിരിച്ചെത്തി.

രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടുന്ന ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ്. പേസ് ബൗളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ഓഫ് സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറും ഇരു ടീമുകളിലും ഉൾപ്പെടുന്നു.

അതേസമയം, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തോറ്റ ടീമിൽ ഉൾപ്പെട്ടിരുന്ന ധ്രുവ് ജുറെൽ, ആയുഷ് ബദോനി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് സിറാജ് എന്നിവർ പുറത്തായി. പന്തിനെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രധാന താരമായി നിലനിർത്താനാണ് ഏകദിനത്തിൽ നിന്ന് ഒഴുവാക്കിയതെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി.

ജൂൺ 6 മുതൽ 10 വരെ ന്യൂ ചണ്ഡിഗഢിലാണ് ഏക ടെസ്റ്റ് മത്സരം നടക്കുന്നത്. ജൂൺ 14, 17, 20 തീയതികളിൽ യഥാക്രമം ധർമശാല, ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളിൽ ഏകദിന മത്സരങ്ങൾ. ഇതിനു മുൻപ് 2018-ൽ ബംഗളൂരുവിൽ വെച്ചാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ഒരേയൊരു ടെസ്റ്റ് കളിച്ചിട്ടുള്ളത്. അന്ന് രണ്ട് ദിവസത്തിനുള്ളിൽ ഒരിന്നിങ്സിനും 262 റൺസിനും ഇന്ത്യ ജയിച്ചിരുന്നു.

ടെസ്റ്റ് ടീം

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, ഋഷഭ് പന്ത്, ദേവദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതർ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ, ധ്രുവ് ജുറെൽ.

ഏകദിന ടീം

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.

logo
Metro Vaartha
www.metrovaartha.com