"ഒരേ സമയം യുദ്ധവും ക്രിക്കറ്റും"; ഇന്ത്യ-പാക് മാച്ചിനെതിരേ പ്രതിഷേധം പുകയുന്നു

മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
India-pak match boycott calls

"ഒരേ സമയം യുദ്ധവും ക്രിക്കറ്റും"; ഇന്ത്യ-പാക് മാച്ചിനെതിരേ പ്രതിഷേധം പുകയുന്നു

Updated on

ന്യൂഡൽഹി: ഏഷ്യാ കപ്പ് ടൂർണമെന്‍റിൽ ഇന്ത്യ- പാക് മത്സരത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും രാജ്യത്ത് പ്രതിഷേധം ശക്തം. അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാനൊപ്പം ഒരേ വേദി പങ്കിടുന്നതിനെ രാഷ്ട്രീയപാർട്ടികൾ അതിശക്തമായാണ് വിമർശിക്കുന്നത്. കോൺഗ്രസ്, ശിവ്സേന(യുബിടി), ആം ആദ്മി പാർട്ടി എന്നിവരാണ് മാച്ച് ബഹിഷ്കരിക്കുന്നതിനായി ശക്തമായി വാദിക്കുന്നത്. ഞായറാഴ്ച രാവിലെ 8 മണിക്കാണ് ദുബായിൽ ഇന്ത്യ-പാക് മത്സരം. മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. മാച്ച് നടക്കട്ടെ എന്നായിരുന്നു കോടതിയുടെ പരാമർശം.

പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനൊപ്പം മത്സരിക്കുന്നത് ഇന്ത്യക്കു വേണ്ടി ജീവൻ കളഞ്ഞവരുടെ കുടുംബങ്ങളെ വേദനിപ്പിക്കുമെന്നാണ് ശിവ്സേന അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. ആം ആദ്മി ഓഫിസിനു മുൻപിൽ പാക്കിസ്ഥാൻ ക്രിക്കറ്ററുടെ രൂപം പ്രതീകാത്മകമായി കത്തിച്ചു. റസ്റ്ററന്‍റുകളിലും ക്ലബുകളിലും മത്സരം ലൈവായി ടെലികാസ്റ്റ് ചെയ്യരുതെന്ന് മുൻ മന്ത്രി കൂടിയായ സൗരഭ് ഭരദ്വാജ് ആഹ്വാനം ചെയ്തിട്ടുണ്ട്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ സർക്കാർ താരങ്ങളെ നിർബന്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളവും രക്തവും ഒന്നിച്ചൊഴുകി‌ല്ലെന്നാണ് സിന്ധൂ നദീജല കരാർ മരവിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. പക്ഷേ എങ്ങനെയാണ് രക്തവും ക്രിക്കറ്റും ഒരുമിക്കുന്നതെന്ന് ശിവ്സേന (യുബിടി) നേതാവ് ഉദ്ദവ് താക്കറേ വിമർശിച്ചു. എങ്ങനെയാണ് യുദ്ധവും ക്രിക്കറ്റും ഒരേ സമയം സംഭവിക്കുന്നത്. അവർക്ക് കച്ചവടമാണ് വലുതെന്നും പണം മാത്രം മതിയെന്നും താക്കറേ ആരോപിച്ചു.

പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചിരുന്നു. അവർ ഭീകരരെ പിന്തുണയ്ക്കുന്നത് നിർത്തും വരെ അവർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പാടില്ലെന്ന് ശിവ്സേന(യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി പറയുന്നു.

മാച്ചിന്‍റെ ടിക്കറ്റുകൾ വലിയ വിലക്കാണ് വിറ്റഴിഞ്ഞത്. നമ്മുടെ സഹോദരിമാരുടെ കുടുംബം തകർന്നിരിക്കുന്നു. എന്നിട്ടും പാക്കിസ്ഥാനൊപ്പം ക്രിക്കറ്റ് കളിക്കാൻ ഒരുങ്ങുകയാണ് സർക്കാർ എന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്.

രാഷ്ട്രീയ പാർട്ടികൾക്കു പുറമേ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ ബന്ധുക്കളും മാച്ചിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പഹൽഗാമിൽ കൊല്ലപ്പെട്ട 26 പേരോട് ബിസിസിഐ ക്ക് യാതൊരു വിധ വികാരവുമില്ലെന്നും ഇന്ത്യ - പാക് ക്രിക്കറ്റ് മാച്ച് തെറ്റാണെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ ഐശന്യ ദ്വിവേദി പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com