ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ മഴ വില്ലൻ; ഇന്ത്യ-പാക്കിസ്ഥാൻ ഫൈനലിന് സാധ്യത, ഫൈനലും മഴ മുടക്കിയാൽ?

ജപ്പാൻ ഏഷ്യൻ ഗെയിസിൽ തുടർച്ചയായി ആറാം ക്രിക്കറ്റ് മത്സരവും മഴ മുടക്കി. സെമി ഫൈനലുകളും മഴ മുടക്കിയാൽ ഇന്ത്യ - പാക്കിസ്ഥാൻ ഫൈനൽ ഉറപ്പ്. ഫൈനലും മഴയിൽ ഒഴിവായാൽ സ്വർണമ മെഡൽ പങ്കിടേണ്ടി വരും.
India-Pakistan final likely in Asian Games

പാക്കിസ്ഥാൻ ക്യാപ്റ്റൻ സാഹിബ്സാദാ ഫർഹാൻ, ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ.

Updated on: 

ഐച്ചി-നഗോയ: 2026 ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങളെ തുടർച്ചയായി ആറാം തവണയും മഴ അലങ്കോലപ്പെടുത്തി. ചൊവ്വാഴ്ച ശ്രീലങ്ക-നേപ്പാൾ, ബംഗ്ലാദേശ്-മലേഷ്യ ക്വാർട്ടർ ഫൈനലുകൾ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു.

നിഷിനിൽ രാവിലെ മുഴുവൻ കോരിച്ചൊരിഞ്ഞ മഴയിൽ, ടോസ് പോലും നടന്നില്ല. എന്നാൽ, മത്സര ഫലം പ്രഖ്യാപിക്കപ്പെട്ടു. ടി20 അന്താരാഷ്ട്ര റാങ്കിങ്ങിൽ മുന്നിലുള്ളതിന്‍റെ അടിസ്ഥാനത്തിൽ ശ്രീലങ്ക സെമി ഫൈനലിലേക്ക് മുന്നേറി. അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച ഗ്രൂപ്പ് ഘട്ട പ്രകടനത്തിനു ശേഷം, നോക്ക് ഔട്ട് ഘട്ടത്തിൽ കളിക്കാൻ അവസരം പോലും കിട്ടാതെ നേപ്പാൾ പുറത്തായി. ബംഗ്ലാദേശും കളത്തിലിറങ്ങാതെ തന്നെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

തിങ്കളാഴ്ചത്തെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ക്വാർട്ടർ ഫൈനൽ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ നിലവിലുള്ള ജേതാക്കളായ ഇന്ത്യയെ സെമി ഫൈനലിൽ നേരിടാൻ ശ്രീലങ്ക യോഗ്യത നേടിയിരിക്കുകയാണ്. ഹോങ്കോങ്ങിനെതിരായ ക്വാർട്ടർ ഫൈനൽ മഴയിൽ ഒഴിവായതിനെ തുടർന്ന് സമാന നിയമപ്രകാരം സെമിയിലെത്തിയ പാക്കിസ്ഥാൻ, ബംഗ്ലാദേശിനെ നേരിടും.

കഴിഞ്ഞ ഒരാഴ്ചയായി ഐച്ചി-നഗോയയിലെ കാലാവസ്ഥ അത്ര അനുകൂലമായിരുന്നില്ല. സെമി ഫൈനലുകൾക്കും ഫൈനലിനും മുന്നിലുള്ള ദിവസങ്ങളിലും വലിയ മാറ്റത്തിന് സാധ്യതയില്ല. ഇരു സെമി ഫൈനലുകളും നടക്കാനിരിക്കുന്ന വ്യാഴാഴ്ച മഴയ്ക്ക് 60 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഒക്റ്റോബർ 3-ന് നടക്കുന്ന ഫൈനലിന്‍റെ രാവിലെ മഴയ്ക്ക് 40 ശതമാനം സാധ്യതയുമുണ്ട്.

സെമി ഫൈനലുകൾ മഴയിൽ ഒഴിവായാൽ, ടി20 റാങ്കിങ്ങിലെ മേൽക്കൈയുടെ അടിസ്ഥാനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലേക്ക് മുന്നേറും. എന്നാൽ, മഴ തുടർന്നാൽ നിഷിനിൽ ഒരു മത്സരം പോലും നടക്കാതെ പോകാനും സാധ്യതയുണ്ട്.

ഫൈനലും മുടങ്ങിയാൽ സ്വർണം പങ്കിടും

ഇവിടെ മറ്റൊരു വഴിത്തിരിവുമുണ്ട്. 2022-ലെ ഏഷ്യൻ ഗെയിംസിൽ, അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ ഫലം കാണാതെ പോയപ്പോൾ, ഉയർന്ന സീഡിങ്ങുള്ള ടീം എന്ന നിലയിൽ ഇന്ത്യക്കായിരുന്നു സ്വർണം ലഭിച്ചത്. എന്നാൽ, 2026 എഡിഷനിലെ നിയമങ്ങൾ മാറിയിട്ടുണ്ട്. ഫൈനലും മഴയിൽ ഒഴിവായാൽ, ഇന്ത്യയും പാക്കിസ്ഥാനും സ്വർണ മെഡൽ പങ്കിടേണ്ടി വരും.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല ക്രിക്കറ്റ് ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ, അസാധാരണമായ ഒരു പോഡിയം ചടങ്ങിനാകും ഇത് വഴിവയ്ക്കുക. കഴിഞ്ഞ വർഷം ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരുന്നു. അതിനു ശേഷം, പാക്കിസ്ഥാനെതിരായ മത്സരങ്ങളിൽ ഹസ്തദാനം നടത്താതിരിക്കുന്ന നിലപാടാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പിന്തുടരുന്നത്. പുരുഷ, വനിതാ ഏഷ്യ കപ്പ് ടൂർണമെന്‍റുകളിൽ, പാക്കിസ്ഥാൻ മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവിയുമായ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കാനോ പോഡിയം പങ്കിടാനോ ഇന്ത്യൻ ടീമുകൾ വിസമ്മതിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com