

മത്സരത്തിൽ നിന്നും
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത‍്യയ്ക്ക് 160 റൺസ് വിജയലക്ഷ‍്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് ഇന്ത‍്യയ്ക്കെതിരേ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് അടിച്ചെടുക്കാനെ സാധിച്ചുള്ളൂ. 33 പന്തിൽ 6 ബൗണ്ടറി അടക്കം 37 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സ്കോറർ.
ഇബ്രാഹിമിനു പുറമെ 15 പന്തിൽ നിന്നും 26 റൺസ് അടിച്ചെടുത്ത ദാർവിഷ് റസൂലി മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത അസ്മത്തുള്ള ഒമർസായി (11) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. മത്സരത്തിന്‍റെ രണ്ടാം ഓവറിൽ തന്നെ അഫ്ഗാനിസ്ഥാന് ആദ‍്യ വിക്കറ്റ് നഷ്ടമായിരുന്നു. പേസർ അർഷ്ദീപ് എറിഞ്ഞ പന്തിൽ ആക്രമിച്ച് കളിക്കാൻ ശ്രമിച്ച ഓപ്പണിങ് ബാറ്റർ റഹ്മാനുള്ള ഗുർബാസാണ് (0) പുറത്തായത്.
എന്നാൽ രണ്ടാം വിക്കറ്റിൽ ഇബ്രാഹിം സദ്രാനും സേദിഖുള്ള അടലും (12) ചേർന്ന് പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ട് ടീമിന് അൽപ്പം ആശ്വാസമേകിയെങ്കിലും ടീം സ്കോർ 51ൽ നിൽക്കെ ഇബ്രാഹിം സദ്രാനെ പുറത്താക്കികൊണ്ട് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ സേദിഖുള്ള മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് പകരക്കാരനായി ടീമിലെത്തിയ രവി ബിഷ്ണോയിക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ അഫ്ഗാനിസ്ഥാൻ പ്രതിരോധത്തിലായി.
ഗുൽബദിൻ നയിബും (10) അസ്മത്തുള്ള ഒമർസായി എന്നിവർക്കും അധികം ആയുസുണ്ടായിരുന്നില്ല. ഗുൽബദിനെ നിതീഷും അസ്മത്തുള്ളയെ അക്ഷർ പട്ടേലും മടക്കി അയച്ചു. ഇതോടെ 13.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാൻ കൂപ്പുകുത്തി. ദാർവിഷ് റസൂലി ഒരുവശത്ത് 2 സിക്സും ഒരു ബൗണ്ടറിയും അടക്കം ഒറ്റയാൾ പോരാട്ടം നടത്താൻ ശ്രമം നടത്തിയെങ്കിലും പിന്തുണയ്ക്കാൻ മറുവശത്ത് ആരുമുണ്ടായിരുന്നില്ല. 14.1 ഓവറിൽ ദാർവിഷിന്‍റെയും വിക്കറ്റ് ടീമിന് നഷ്ടമായി.
ഡെത്ത് ഓവറുകളിൽ സീനിയർ താരം മുഹമ്മദ് നബി (14 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 20 റൺസ്), റാഷിദ് ഖാൻ ( 16 പന്തിൽ 28 റൺസ്) അടിച്ചെടുത്തതോടെയാണ് അൽപ്പം റൺസ് ഉയർന്നത്. പക്ഷേ 19ാം ഓവറിൽ നബിയെ പൂട്ടി ബുംറ തിരിച്ചടിച്ചു. പിന്നീട് നിതീഷ് എറിഞ്ഞ അവസാന ഓവറിൽ ആകെ 11 റൺസാണ് അഫ്ഗാൻ താരങ്ങൾക്ക് അടിച്ചെടുക്കാനായത്. റാഷിദ് ഖാന്‍റെ വിക്കറ്റും നിതീഷ് ഈ ഓവറിലെടുത്തിരുന്നു.
ഇതോടെ അഫ്ഗാനിസ്ഥാൻ 159 റൺസിലെത്തുകയായിരുന്നു. ഇന്ത‍്യയ്ക്കു വേണ്ടി നിതീഷ് കുമാർ റെഡ്ഡി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിങ് രണ്ടും അക്ഷർ പട്ടേൽ, രവി ബിഷ്ണോയി, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഓൾറൗണ്ടർ ശിവം ദുബെ ഒരോവർ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. 13 റൺസാണ് താരം വിട്ടുകൊടുത്തത്. അതേസമയം, ആദ‍്യ മത്സരം വിജയിച്ച ഇന്ത‍്യ നിലവിൽ 1-0ന് പരമ്പരയിൽ മുന്നിലാണ്. ഈ മത്സരം കൂടി ജയിക്കാനായാൽ ശ്രേയസിനും സംഘത്തിനും പരമ്പര ഉറപ്പിക്കാം.