

ഇന്ത്യൻ ഓപ്പണർമാർ യശസ്വി ജയ്സ്വാളും രോഹിത് ശർമയും സെഞ്ചുറി കൂട്ടുകെട്ടിനിടെ.
ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ഇതോടെ പരമ്പര ഇന്ത്യ 3-0 എന്ന നിലയിൽ വൈറ്റ് വാഷ് ചെയ്തു. പ്രസിദ്ധ് കൃഷ്ണയുടെ അഞ്ച് വിക്കറ്റ് പ്രകടനവും യശസ്വി ജയ്സ്വാളിന്‍റെ സെഞ്ചുറിയും രോഹിത് ശർമയുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 44.2 ഓവറിൽ അവർ 218 റൺസിന് ഓൾഔട്ടായി. ഇന്ത്യ 28.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
ഇന്ത‍്യയ്ക്കു വേണ്ടി പേസർ പ്രസിദ്ധ് കൃഷ്ണ അഞ്ച് വിക്കറ്റ് വീഴ്ത്തി. 8.2 ഓവർ പന്തെറിഞ്ഞ പ്രസിദ്ധ് 23 റൺസാണ് വിട്ടുകൊടുത്തത്. ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്, ഹർഷ് ദുബെ എന്നിവർക്ക് ഓരോ വിക്കറ്റ്.
131 പന്തിൽ 102 റൺസെടുത്ത ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്‍റെ ടോപ് സ്കോറർ. അസ്മത്തുള്ള ഒമർസായ് 56 പന്തിൽ 50 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ ജയ്സ്വാളും രോഹിതും ചേർന്ന് ഇന്ത്യക്ക് തകർപ്പൻ തുടക്കം നൽകി. 22.5 ഓവറിൽ 170 റൺസ് ചേർത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 69 പന്ത് നേരിട്ട രോഹിത് ശർമ ഒമ്പത് ഫോറും മൂന്നു സ്കിസും സഹിതം 79 റൺസെടുത്ത് പുറത്തായി.
പ്രസിദ്ധ് കൃഷ്ണ
പിന്നാലെ, ജയ്സ്വാൾ തന്‍റെ രണ്ടാം ഏകദിന സെഞ്ചുറി കണ്ടെത്തി. 86 പന്ത് നേരിട്ട ജയ്സ്വാൾ 110 റൺസെടുത്ത് പുറത്താകാതെ നിന്നു. 14 ഫോറും മൂന്ന് സിക്സും ഉൾപ്പെട്ട ഇന്നിങ്സ്. 19 പന്തിൽ 20 റൺസുമായി വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും പുറത്താകാതെ നിന്നു.
കെ.എൽ. രാഹുലിനെ അടക്കം ഒഴിവാക്കിയാണ് ഇന്ത്യ ഈ മത്സരത്തിൽ ടീമിനെ ഇറക്കിയത്. രാഹുലിനെ കൂടാതെ അർഷ്‌ദീപ് സിങ്ങും കുൽദീപ് യാദവും പുറത്തിരുന്നപ്പോൾ, നിതീഷ് കുമാർ റെഡ്ഡിയും ഹർഷ് ദുബെയും പ്രസിദ്ധ് കൃഷ്ണയും ടീമിൽ തിരിച്ചെത്തുകയായിരുന്നു. മൂന്നാം ഏകദിനത്തിനു മുൻപ് ടീമിൽ ഉൾപ്പെടുത്തിയ ഹർഷിത് റാണയ്ക്ക് പ്ലെയിങ് ഇലവനിൽ ഇടം കിട്ടിയില്ല.