

അഭിഷേക് ശർമ
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത‍്യയ്ക്ക് ഗംഭീര തുടക്കം നൽകി ഓപ്പണർമാരായ അഭിഷേക് ശർമയും മലയാളി താരം സഞജു സാംസണും. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് ഇന്ത‍്യ അടിച്ചെടുത്തത്.
34 പന്തിൽ 11 സിക്സും 9 ബൗണ്ടറിയും അടക്കം 108 റൺസെടുത്ത വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. 30 പന്തിൽ നിന്നുമാണ് അഭിഷേക് സെഞ്ചുറി നേടിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ അതിവേഗതത്തിൽ സെഞ്ചുറി നേടുന്ന ഇന്ത‍്യൻ താരമായി അഭിഷേക്. 33 പന്തിൽ സെഞ്ചുറി നേടിയ ന‍്യൂസിലൻഡ് താരം ഫിൻ അലന്‍റെ റെക്കോഡും അഭിഷേക് തകർത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്കു വേണ്ടി അഭിഷേക്- സഞ്ജു കൂട്ടുകെട്ട് തീപ്പൊരി പ്രകടനമാണ് കാഴ്ചവച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 142 റൺസാണ് ഇരുവരും ഒന്നാം വിക്കറ്റിൽ അടിച്ചെടുത്തത്. സഞ്ജുവിനെ മറുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി അഭിഷേക് ശർമയാണ് ആക്രമണോത്സുക ബാറ്റിങ്ങിന് തിരികൊളുത്തിയത്. നേരിട്ട ആദ‍്യ പന്ത് ബഹുമാനിച്ചെങ്കിലും രണ്ടാം പന്തിൽ ഫസൽ ഹഖ് ഫാറൂഖിയെ ഓഫ് സൈഡിൽ ബൗണ്ടറി കണ്ടെത്തികൊണ്ടായിരുന്നു അഭിഷേകിന്‍റെ മാസ്മരിക പ്രകടനത്തിന് തുടക്കമായത്.
രണ്ടാം ഓവർ പന്തെറിഞ്ഞ അസ്മത്തുള്ളയെ 16 റൺസ് അടിച്ചെടുത്തതോടെ അഭിഷേക് ടോപ്പ് ഗിയറിൽ കുതിച്ചു. പിന്നീട് എത്തിയ അഫ്ഗാൻ ബൗളർമാർക്ക് അഭിഷേകിനെ പിടിച്ചുകെട്ടാനായില്ല. ഒടുവിൽ മത്സരത്തിന്‍റെ 9.5 ഓവറിൽ റാഷിദ് ഖാനാണ് അഭിഷേകിനെ പുറത്താക്കി അഫ്ഗാനിസ്ഥാന് ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ അഭിഷേക് നിർത്തിയിടത്ത് നിന്നും സഞ്ജു സിക്സറുകൾ പറത്തി സ്കോർ ബോർഡ് ഉയർത്തി.
തുടക്കത്തിൽ മെല്ലെയാണ് സഞ്ജു ബാറ്റേന്തിയതെങ്കിലും നിലയുറപ്പിച്ചതോടെ ബൗളർമാരെ നിലംപരിശാക്കുകയായിരുന്നു. 35 പന്തിൽ നിന്നും 4 സിക്സും 2 ബൗണ്ടറിയും അടക്കം 50 റൺസാണ് സഞ്ജു അടിച്ചെടുത്തത്. മൂന്നാമനായി ക്രീസിലെത്തിയ തിലക് വർമയ്ക്ക് കാര‍്യമായ പ്രകടനം പുറത്തെടുക്കാനായില്ല. 2 റൺസെടുത്ത് നിൽക്കെ റണ്ണൗട്ടായി.
ഇതിനു തൊട്ടു പിന്നാലെ 13.1 ഓവറിലാണ് സഞ്ജുവിന്‍റെ വിക്കറ്റ് ടീമിന് നഷ്ടമാകുന്നത്. അസ്മത്തുള്ള ഒമർസായിക്കായിരുന്നു വിക്കറ്റ്. തുടക്കത്തിൽ അഭിഷേക്- സഞ്ജു കൂട്ടുകെട്ട് കണ്ടെത്തിയ പോലെ മധ‍്യനിര ബാറ്റർമാർക്ക് റൺസ് കണ്ടെത്താനായില്ല.
ശിവം ദുബെ 10 പന്തിൽ നിന്നും 14 റൺസും ഇഷാൻ കിഷൻ 8 പന്തിൽ 10 റൺസുമെടുത്ത് പുറത്തായി. ശ്രേയസ് അയ്യർ അവസാന ഓവർ വരെ പിടിച്ചു നിന്നെങ്കിലും 20 പന്തിൽ 29 റൺസ് നേടി കളം വിട്ടു. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് (1) തിളങ്ങാനായില്ല. ഏഴാമനായി ഇറങ്ങിയ അക്ഷർ പട്ടേൽ(4), രവി ബിഷ്ണോയി എന്നിവർ പുറത്താകാതെ നിന്നു.