സുന്ദർ - സുതാർ സൂപ്പർ ഹിറ്റ്: ഇന്ത്യക്ക് റെക്കോഡ് വിജയം

ആദ്യ ഇന്നിങ്സ് 152 റൺസിൽ അവസാനിച്ച ശേഷം ഫോളോ ഓൺ ചെയ്യുന്ന അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 112 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യ ഇന്നിങ്സിനും 300 റൺസിനും ജയിച്ചു
India vs Afghanistan 1st Test Day 3

വാഷിങ്ടൺ സുന്ദറിന്‍റെ വിക്കറ്റ് ആഘോഷം.

Updated on

ന്യൂ ചണ്ഡിഗഡ്: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 300 റൺസിനും ജയിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. 2018ൽ വെസ്റ്റിൻഡീസിനെതിരേ രാജ്‌കോട്ടിൽ ഇന്നിങ്സിനും 272 റൺസിനും ജയിച്ചതായിരുന്നു ഇതിനു മുൻപുള്ള വലിയ വിജയം.

113/5 എന്ന നിലയിൽ മൂന്നാം ദിവസം രാവിലെ ഒന്നാമിന്നിങ്സ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാൻ 152 റൺസിന് ഓൾഔട്ടായി. ഫോളോ ഓൺ ചെയ്ത സന്ദർശകർ 112 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അരങ്ങേറ്റത്തിൽ ആറ് വിക്കറ്റ് നേടിയ ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാറാണ് ആദ്യ ഇന്നിങ്സിൽ അഫ്ഗാന്‍റെ അന്തകനായത്.

രണ്ടാമിന്നിങ്സിൽ ഒരു വിക്കറ്റ് നേടിയ സുതാർ അരങ്ങേറ്റ ടെസ്റ്റിൽ ആകെ ഏഴ് വിക്കറ്റ് പിഴുതു. ആദ്യ ഇന്നിങ്സിൽ 22 ഓവർ മാത്രം പന്തെറിഞ്ഞ സുതാർ 33 റൺസ് മാത്രം വഴങ്ങിയാണ് ആറ് വിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ പത്തോവറിൽ 29 റൺസിന് ഒരു വിക്കറ്റ്. നരേന്ദ്ര ഹിർവാനിക്കു ശേഷം അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. 1988ൽ നരേന്ദ്ര ഹിർവാനി വെസ്റ്റിൻഡീസിനെതിരേ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിങ്സിലും എട്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നേടിയ വാഷിങ്ടൺ സുന്ദറും മൂന്ന് വിക്കറ്റ് നേടിയ കുൽദീപ് യാദവും ഇന്ത്യൻ വിജയം അനായാസമാക്കി. 60 റൺസെടുത്ത റഹ്മത് ഷായാണ് ആദ്യ ഇന്നിങ്സിൽ അഫ്ഗാന്‍റെ ടോപ് സ്കോറർ.

രണ്ടാം ഇന്നിങ്സിൽ അഫ്ഗാൻ ഓപ്പണർമാർ 13 ഓവർ പിടിച്ചുനിന്നു. എന്നാൽ, 40 പന്തിൽ 8 റൺസെടുത്ത അബ്ദുൾ മാലിക്കിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ തകർച്ച തുടങ്ങി. റഹ്മാനുള്ള ഗുർബാസും (24) റഹ്മത് ഷായും (13) ആക്രമണോത്സുകമായി കളിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നീണ്ടില്ല.

സെറ്റ് ആയെന്നു തോന്നിച്ച ശേഷം ഓപ്പണർ സെദിക്കുള്ള അതൽ 80 പന്തിൽ 42 റൺസെടുത്ത് മടങ്ങി. ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി 5 റൺസിനും പുറത്തായി.

ഇന്ത്യ ഒന്നാമിന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 564 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. ഓപ്പണർ കെ.എൽ. രാഹുൽ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവർ സെഞ്ചുറിയും സായ് സുദർശൻ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ എന്നിവർ അർധ സെഞ്ചുറികളും നേടി.

logo
Metro Vaartha
www.metrovaartha.com