അഫ്ഗാനെതിരേ 400 കടന്ന് ഇന്ത്യ; സ്ഥാനം മാറിയ ഗില്ലിനും കിഷനും സെഞ്ചുറി

പതിവ് ഓപ്പണിങ് റോൾ ഉപേക്ഷിച്ച് മൂന്നാം നമ്പറിലേക്കിറങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ഏകദിന ക്രിക്കറ്റിൽ ഒമ്പതാം സെഞ്ചുറി, പിന്നാലെ ഇഷാൻ കിഷൻ രണ്ടാം സെഞ്ചുറിയും നേടി.
India vs Afghanistan 2nd ODI Shubman Gill

അഫ്ഗാനിസ്ഥാനെതിരേ സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷൻ.

Updated on

ലഖ്നൗ: ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ഏകദിന ക്രിക്കറ്റിൽ ഒമ്പതാം സെഞ്ചുറി. പിന്നാലെ ഇഷാൻ കിഷൻ തന്‍റെ രണ്ടാം സെഞ്ചുറിയും കുറിച്ചതോടെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 402 റൺസിന് ഓൾ ഔട്ടായി. ഓപ്പണിങ് റോൾ ത്യജിച്ച് മൂന്നാം നമ്പറിലാണ് ഗിൽ ബാറ്റ് ചെയ്തത്. രോഹിത് ശർമയ്‌ക്കൊപ്പം യശസ്വി ജയ്സ്വാൾ ഇന്നിങ്സ് തുറന്നു. എന്നാൽ, ഒമ്പത് പന്തിൽ നാല് റൺസുമായി ജയ്സ്വാൾ മടങ്ങിയതോടെ, മൂന്നാം ഓവറിൽ തന്നെ ഗിൽ ക്രീസിലെത്തി.

രോഹിതും ഗില്ലും ചേർന്ന് 87 റൺസ് കൂട്ടുകെട്ടും ഉയർത്തി. 39 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 48 റൺസെടുത്താണ് ഹിറ്റ് മാൻ മടങ്ങിയത്. തുടർന്ന് ഇഷാൻ കിഷൻ ക്രീസിലെത്തിയതോടെ റണ്ണൊഴുക്ക് കൂടുതൽ ശക്തമായി. 223 സെഞ്ചുറി കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ പിറന്നത്. ഗിൽ 77 പന്തിലും കിഷൻ 71 പന്തിലും മൂന്നക്കമെത്തി. കിഷൻ 79 പന്തിൽ 14 ഫോറും 7 സിക്സും സഹിതം 125 റൺസെടുത്ത് പുറത്തായി. ഗിൽ ആകെ 110 പന്തിൽ 22 ഫോറും രണ്ട് സിക്സും സഹിതം 154 റൺസും നേടി.

India vs Afghanistan 2nd ODI Shubman Gill

സെഞ്ചുറി നേടിയ ശുഭ്മൻ ഗിൽ.

ഇരുവരും പുറത്തായ ശേഷം വലിയ സ്കോറുകൾ നേടാൻ മറ്റു ബാറ്റർമാർക്കു സാധിച്ചില്ല. ശ്രേയസ് അയ്യർ 24 പന്തിൽ 26 റൺസെടുത്തപ്പോൾ, 19 പന്ത് നേരിട്ട വാഷിങ്ടൺ സുന്ദർ 19 റൺസും നേടി.

പരമ്പരയിലെ നിർണായക മത്സരത്തിൽ ഇരു ടീമുകളും തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ മൂന്ന് വീതം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി പ്രിൻസ് യാദവ് അരങ്ങേറ്റം കുറിക്കുന്നു. യശസ്വി ജയ്‌സ്വാൾ, കുൽദീപ് യാദവ് എന്നിവരും ടീമിൽ ഇടം പിടിച്ചു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ഹർഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പുറത്തായി. നിതീഷ് കുമാർ റെഡ്ഡിക്ക് ഇടത് തുടയ്ക്ക് പരിക്കേറ്റതിനാലാണ് പുറത്തിരിക്കേണ്ടി വന്നതെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാൻ ബാറ്റർ ദർവിഷ് റസൂലിയും അരങ്ങേറ്റം കുറിക്കുന്നു. നങ്ഗിയാല ഖരോട്ടെ, ബിലാൽ സമി എന്നിവരാണ് ടീമിലെ മറ്റ് പുതിയ താരങ്ങൾ. അസുഖബാധിതനായ മുഹമ്മദ് നബി, പരിശീലനത്തിനിടെ പരുക്കേറ്റ അസ്മത്തുള്ള ഒമർസായ്, സിയാവുർ റഹ്മാൻ എന്നിവർ ടീമിൽ നിന്ന് പുറത്തായി.

logo
Metro Vaartha
www.metrovaartha.com