ത്രില്ലർ കാ ബാപ്പ്: ഹിറ്റ്‌മാൻ റിട്ടേൺസ്

രണ്ട് സൂപ്പർ ഓവറുകൾക്കൊടുവിൽ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യക്ക് ജയം; മൂന്ന് ഇന്നിങ്സിലും ടോപ് സ്കോറർ രോഹിത് ശർമ; അന്തിമ വിജയം കൊണ്ടുവന്നത് രവി ബിഷ്ണോയിയെക്കൊണ്ട് സൂപ്പർ ഓവർ എറിയിച്ച തീരുമാനം
അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി20 പരമ്പര 3-0 എന്ന നിലയിൽ സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്രോഫിയുമായി.
അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി20 പരമ്പര 3-0 എന്ന നിലയിൽ സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്രോഫിയുമായി.

ബംഗളൂരു: ഒരൊറ്റ ട്വന്‍റി20 മത്സരം. പക്ഷേ, രോഹിത് ശർമ ബാറ്റ് ചെയ്തത് ഒന്നല്ല, രണ്ടല്ല, മൂന്ന് ഇന്നിങ്സിൽ. മൂന്നിലും ടോപ് സ്കോറർ. ട്വന്‍റി20 ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ത്രില്ലറുകളിലൊന്നിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ കീഴടക്കിയത് രണ്ടാമത്തെ സൂപ്പർ ഓവറിൽ.

ആദ്യ രണ്ടു കളി നിറം മങ്ങിയപ്പോള്‍ നേരിട്ട വിമർശനങ്ങൾക്കെല്ലാം രോഹിത് ശർമ ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ മത്സരം. ട്വന്‍റി20 ക്രിക്കറ്റിൽ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റർ എന്ന ബഹുമതി നേടിയ ഇന്നിങ്സ്. ഇന്ത്യ കണ്ട എക്കാലത്തെയും എക്സ്പ്ലോസിവായ ബാറ്ററുടെ യഥാർഥ ബീസ്റ്റ് മോഡ് എന്താണ് അഫ്ഗാൻ ബൗളർമാർ തിരിച്ചറിഞ്ഞ ദിവസം.

നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് ആണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഒരവസരത്തില്‍ 22-4 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റില്‍ രോഹിത് ശര്‍മയും (69 പന്തിൽ 121) റിങ്കു സിങ്ങും (39 പന്തിൽ 69) ചേര്‍ന്ന് പടുത്തുയര്‍ത്തിയ 190 റണ്‍സ് കൂട്ടുകെട്ടാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.

എന്നാൽ, റഹ്മാനുള്ള ഗുർബാസ് (32 പന്തിൽ 50), ഇബ്രാഹം സദ്രാൻ (50), ഗുലാബ്ദിൻ നൈബ് (16 പന്തിൽ 34) എന്നിവരുടെ ബാറ്റിങ് കരുത്തിൽ അഫ്ഗാനിസ്ഥാനും തിരിച്ചടിച്ചു. ഫലം, 20 ഓവറിൽ അവരും 212, ആറ് വിക്കറ്റ് നഷ്ടത്തിൽ.

ഇതോടെ സൂപ്പർ ഓവർ എത്തി. ഗുർബാസും നൈബും അഫ്ഗാനു വേണ്ടി ബാറ്റിങ്ങിനിറങ്ങി. നൈബ് റണ്ണൗട്ടായെങ്കിലും അവർക്ക് ആറ് പന്തിൽ 17 റൺസെടുക്കാൻ സാധിച്ചു. പന്തെറിഞ്ഞത് മുകേഷ് കുമാർ. അവസാന പന്തിൽ ഓട്ടത്തിനിടെ ബാറ്ററുടെ കാലിൽ കൊണ്ട് പന്തിന്‍റെ ദിശ മാറിയിട്ടും അഫ്ഗാൻ ബാറ്റർമാർ മൂന്ന് റൺ ഓടിയെടുത്തത് രോഹിതും വിരാട് കോലിയും അടക്കമുള്ള മുതിർന്ന ഇന്ത്യൻ താരങ്ങളെ ചൊടിപ്പിച്ചു. സൂപ്പർ ഓവറിലെ ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിൽ ഈ ഓട്ടം നിർണായക സ്വാധീനമാകുകയും ചെയ്തു. രോഹിത് ശർമയും യശസ്വി ജയ്സ്വാളും ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയപ്പോൾ, അഫ്ഗാനു വേണ്ടി പന്തെറിഞ്ഞത് അസ്മത്തുള്ള ഒമർസായ്. അവസാന പന്തിൽ ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസ് വേണ്ടപ്പോൾ, നോൺ സ്ട്രൈക്കറായിരുന്ന രോഹിത് റിട്ടയർ ചെയ്ത് റിങ്കു സിങ്ങിനെ ഇറക്കി. കൂടുതൽ വേഗത്തിൽ റൺ ഓടിയെടുക്കാനുള്ള സാധ്യത പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, അവസാന പന്ത് മിസ് ഹിറ്റ് ചെയ്ത ജയ്സ്വാളിന് ഒരു റണ്ണേ കിട്ടിയുള്ളൂ. ഇതോടെ സൂപ്പർ ഓവറും ടൈ.

അഞ്ചാം ട്വന്‍റി20 സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.
അഞ്ചാം ട്വന്‍റി20 സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.

അങ്ങനെ മത്സരം രണ്ടാമത്തെ സൂപ്പർ ഓവറിലേക്കു നീണ്ടു. ഇക്കുറി ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. രോഹിതും റിങ്കുവും ഇക്കുറി ഓപ്പണർമാരായി. നേരത്തെ റിട്ടയർ ചെയ്ത രോഹിത്തിന് ഇനിയും ബാറ്റ് ചെയ്യാനാവുമോ എന്നു സംശയമുയർന്നതും ഇതിനിടെ തർക്കത്തിനു കാരണമായി. നിയമം രോഹിതിനും ഇന്ത്യക്കും അനുകൂലമായിരുന്നു. രോഹിത് ഒരു സിക്സും ഫോറും സിംഗിളുമെടുത്ത് സ്കോർ 11 എത്തിച്ചു. എന്നാൽ, അടുത്ത രണ്ടു പന്തിൽ റിങ്കു സിങ് ഔട്ട്. അടുത്തതായി എത്തിയത് സഞ്ജു സാംസൺ. എന്നാൽ, സഞ്ജുവിനും പന്ത് മിസ്സായി. ഇന്ത്യ അതോടെ ഓൾഔട്ട്. പലരെയും അമ്പരപ്പിച്ചുകൊണ്ട് രോഹിത് രണ്ടാം സൂപ്പർ ഓവറിൽ പന്തേൽപ്പിച്ചത് ലെഗ് സ്പിന്നർ രവി ബിഷ്ണോയിയെ. അഫ്ഗാന്‍റെ രണ്ട് ബാറ്റർമാരെയും ലോങ് ഓഫ് ഫീൽഡറുടെ കൈകളിലെത്തിച്ചുകൊണ്ട് ബിഷ്ണോയ് ഇന്ത്യൻ വിജയം പൂർത്തിയാക്കുകയും ചെയ്തു.

നേരത്തെ,ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രോഹിത് ശര്‍മയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് ടീം ഇന്ത്യ ചിന്നസ്വാമിയില്‍ ഇന്നിങ്സ് തുടങ്ങിയത്. പേസര്‍ ഫരീദ് അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിൽ യശസ്വി ജയ്സ്വാളും (4) വിരാട് കോലിയും (0) അടുത്തടുത്ത പന്തുകളിൽ പുറത്തായി. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ കൃത്യതയുള്ള പേസ് ബൗളിങ്ങിനു മുന്നിൽ പരുങ്ങി.

റിങ്കു സിങ്ങിന്‍റെ ബാറ്റിങ്.
റിങ്കു സിങ്ങിന്‍റെ ബാറ്റിങ്.

നാലാം ഓവറിലെ അവസാന പന്തില്‍ അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ബാറ്റ് വെച്ച ദുബെ (6 പന്തില്‍ 1) വിക്കറ്റിന് പിന്നില്‍ ഗുര്‍ബാസിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങി. പിന്നാലെ ക്രീസിലെത്തി ആദ്യ പന്തില്‍ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു സാംസണും കോലിയെപ്പോലെ ഗോള്‍ഡന്‍ ഡക്കായി. ഇതോടെ 4.3 ഓവറില്‍ ഇന്ത്യ 22-4 എന്ന നിലയില്‍ വിയര്‍ത്തു. പിന്നീടായിരുന്നു അഞ്ചാം വിക്കറ്റില്‍ രോഹിത് ശര്‍മ്മ-റിങ്കു സിങ് കൂട്ടുകെട്ട് പിറന്നത്. അവസാന അഞ്ച് ഓവറില്‍ 103 റണ്‍സാണ് രോഹിത്തും റിങ്കുവും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. കരിം ജാനത് എറിഞ്ഞ അവസാന ഓവറിൽ 36 റൺസും പിറന്നു.

ഇന്ത്യൻ ബൗളർമാരും ഇതേ നാണയത്തിൽ അടിവാങ്ങിക്കൂട്ടിയപ്പോൾ മൂന്നോവറിൽ 18 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൺ സുന്ദർ മാത്രമാണ് നിയന്ത്രണത്തോടെ പന്തെറിഞ്ഞത്.

Trending

No stories found.

Latest News

No stories found.