വീണ്ടും ഏകദിന ക്രിക്കറ്റ്: ഇന്ത്യ - അഫ്ഗാനിസ്ഥാൻ പരമ്പര തുടങ്ങുന്നു

2027 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യയുടെ മുന്നൊരുക്കം; രോഹിത് ശർമയുടെ ഫോമിനും ഫിറ്റ്നസിനും നിർണായകമായ അഫ്ഗാൻ ഏകദിന പരമ്പര
India Vs Afghanistan ODI series preview

ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ നിതീഷ് കുമാർ റെഡ്ഡിയുടെ പ്രകടനം നിർണായകം.

file

Updated on

ധരംശാല: ഇന്ത്യ- അഫ്ഗാനിസ്ഥാൻ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കം. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന മത്സരത്തിന്‍റെ വേദി ധരംശാല. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങളുടെ തുടക്കമാണ് ഈ പരമ്പര. സീനിയർ ഓപ്പണർ രോഹിത് ശർമയുടെ ഫോമിലും ഫിറ്റ്നസിലുമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ഐപിഎല്ലിനിടെ പരുക്കേറ്റ രോഹിത്തിന് അഫ്ഗാനെതിരായ പരമ്പര നിർണായകമാണ്. സ്റ്റാർ ബാറ്റർ വിരാട് കോലി അഫ്ഗാനെതിരേ കളിക്കുന്നില്ല.

രോഹിതിനൊപ്പം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ. കെ.എൽ. രാഹുൽ എന്നിവരാണ് ഇന്ത്യൻ ബാറ്റിങ്ങിലെ പ്രധാനികൾ. ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതിനാൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ പ്രകടനവും വിലയിരുത്തപ്പെടും.

സ്പിൻ നിരയിൽ വാഷിങ്ടൺ സുന്ദറും കുൽദീപ് യാദവും ഇടംപിടിക്കും. മുൻനിര പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ടീമിലില്ലാത്ത സാഹചര്യത്തിൽ അർഷ്ദീപ് സിങ്ങിനും പ്രസിദ്ധ് കൃഷ്ണയ്ക്കും പ്രിൻസ് യാദവിനും ഗുർനൂർ ബ്രാറിനും മികവ് തെളിയിക്കാനുള്ള അവസരമാണ്.

ഏക ടെസ്റ്റിൽ വൻ തോൽവി വഴങ്ങിയെങ്കിലും നിശ്ചിത ഓവർ ക്രിക്കറ്റിൽ മികച്ച ടീമാണ് അഫ്ഗാനിസ്ഥാൻ. സ്പിൻ മാന്ത്രികൻ റാഷിദ് ഖാന്‍റെ തിരിച്ചുവരവ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. മധ്യനിരയിൽ പരിചയസമ്പന്നനായ മുഹമ്മദ് നബിയുടെ സാന്നിധ്യവും അഫ്ഗാനെ തുണയ്ക്കുന്ന ഘടകങ്ങളിൽപ്പെടുന്നു.

logo
Metro Vaartha
www.metrovaartha.com