ടി20 ലോകകപ്പ്: സൂപ്പർ 8 മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു

മത്സരവേദി യുഎസ്എയിൽനിന്ന് വെസ്റ്റിൻഡീസിലേക്കു മാറുമ്പോൾ പ്ലെയിങ് ഇലവനിലും തന്ത്രങ്ങളിലും മാറ്റം വരുത്തിയില്ലെങ്കിൽ കളി കൈവിട്ടു പോകാൻ സാധ്യത ഏറെ
ടി20 ലോകകപ്പ്: സൂപ്പർ 8 മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു
വിരാട് കോലിയും ശിവം ദുബെയും യശസ്വി ജയ്സ്വാളും പരിശീലനത്തിനിടെ.

ബ്രിഡ്ജ്‌ടൗൺ: ട്വന്‍റി20 ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ദുർബലരെന്ന് ഇനി വിളിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്ന അഫ്ഗാനിസ്ഥാനാണ് എതിരാളികൾ.

അയർലൻഡ്, പാക്കിസ്ഥാൻ, യുഎസ്എ എന്നീ ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ സൂപ്പർ എയ്റ്റിലേക്ക് യോഗ്യത നേടിയത്. ക്യാനഡയുമായുള്ള അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും ഇന്ത്യ തന്നെയായിരുന്നു ഗ്രൂപ്പ് ചാംപ്യൻമാർ. അതേസമയം, അഫ്ഗാനിസ്ഥാൻ ഒരു മത്സരത്തിൽ പരാജയമറിഞ്ഞു. സൂപ്പർ 8 യോഗ്യത ഉറപ്പായ ശേഷം അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിനോടാണ് അവർ തോറ്റത്.

ഇടങ്കയ്യൻ പേസ് ബൗളർ ഫസൽഹഖ് ഫാറൂഖി നയിക്കുന്ന ബൗളിങ് നിരയാണ് അഫ്ഗാന്‍റെ പ്രധാന കരുത്ത്. എന്നാൽ, റഹ്മാനുള്ള ഗുർബാസും ഇബ്രാഹം സദ്രാനും ഒരുമിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ട് ഈ ടൂർണമെന്‍റിലെ തന്നെ മികച്ചവയിലൊന്നാണ്. മധ്യനിര ബാറ്റിങ് മാത്രമാണ് ഇതുവരെ ക്ലിക്കാവാത്തത്. ക്യാപ്റ്റൻ റാഷിദ് ഖാൻ നയിക്കുന്ന സ്പിൻ വിഭാഗവും ഭദ്രം.

മറുവശത്ത്, ഇന്ത്യ ഇതുവരെ പരാജയമറിഞ്ഞിട്ടില്ലെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഇതുവരെ ഉയർന്നിട്ടില്ല. ന്യൂയോർക്കിലെ ദുഷ്‌കരമായ പിച്ച് അതിനൊരു കാരണമായിരുന്നു. എന്നാൽ, ഇനിയുള്ള പ്രധാന മത്സരങ്ങളെല്ലാം വെസ്റ്റിൻഡീസിലാണ് നടക്കുന്നത്. ബാറ്റിങ് പറുദീസകളാകുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ലെങ്കിലും ന്യൂയോർക്കിലേതിനെ അപേക്ഷിച്ച് ബാറ്റിങ് എളുപ്പമായിരിക്കും. ഒപ്പം, പേസ് ബൗളർമാരെ അപേക്ഷിച്ച് സ്പിന്നർമാർക്ക് കൂടുതൽ ആനുകൂല്യവും ലഭിക്കും.

പുതിയ സാഹചര്യങ്ങൾക്ക് കൂടുതൽ ഇണങ്ങുന്ന സ്പിൻ വിഭാഗമാണ് അഫ്ഗാന്‍റേത്. റാഷിദ് ഖാനു പുറമേ ക്വാളിറ്റി സ്പിന്നർമാരായ മുഹമ്മദ് നബിയും നൂർ അഹമ്മദും ടീമിലുണ്ട്. ഇന്ത്യയെ സംബന്ധിച്ച് പുതിയ വേദിക്കൊത്ത് പ്ലെയിങ് ഇലവനിൽ മാറ്റം വരുത്തിയില്ലെങ്കിൽ കളി കൈവിട്ടു പോകാൻ സാധ്യത ഏറെയാണ്. ടീമിലെ രണ്ടു സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവിനും യുസ്വേന്ദ്ര ചഹലിനും ഇതുവരെ കളിക്കാൻ അവസരം കിട്ടിയിട്ടില്ല. പകരം ബാറ്റിങ് മികവ് കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെയും അക്ഷർ പട്ടേലിനെയുമാണ് കളിപ്പിച്ചത്.

ഹാർദിക് പാണ്ഡ്യ അടക്കം നാലു പേസ് ബൗളർമാരെ കളിപ്പിക്കുന്ന തന്ത്രവും വെസ്റ്റിൻഡീസിൽ തിരിച്ചടിയാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കുൽദീപ് ടീമിലെത്തേണ്ടത് ബൗളിങ് നിര സന്തുലിതമാക്കാൻ അനിവാര്യമാണ്.

ഓപ്പണർ യശസ്വി ജയ്സ്വാളും വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണുമാണ് ഇതുവരെ ടീമിൽ ഇടം കിട്ടാത്ത മറ്റു രണ്ടു പേർ. ആദ്യ മൂന്നു മത്സരങ്ങൾക്കും ഇന്ത്യ ഒരേ പ്ലെയിങ് ഇലവനെ തന്നെയാണ് അണിനിരത്തിയിരുന്നത്. വിരാട് കോലി ഓപ്പണിങ് റോളിൽ നിരന്തരം പരാജയപ്പെടുന്നത് ജയ്സ്വാളിനെ പരിഗണനയിലെടുക്കാൻ ടീം മാനേജ്മെന്‍റിനെ പ്രേരിപ്പിച്ചേക്കും. ആറു ബൗളർമാർക്കു പകരം അഞ്ച് പേർ മതിയെന്നു തീരുമാനിച്ചാൽ മാത്രം സഞ്ജുവും ടീമിലെത്തും.

Trending

No stories found.

Latest News

No stories found.