സൂര്യയും ബുംറയും കാത്തു; അഫ്ഗാനെതിരേ ഇന്ത്യക്ക് 47 റൺസ് ജയം

ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 8 റൗണ്ടിൽ ഇന്ത്യക്ക് ആദ്യ മത്സരത്തിൽ ജയം.
സൂര്യയും ബുംറയും കാത്തു; അഫ്ഗാനെതിരേ ഇന്ത്യക്ക് 47 റൺസ് ജയം
Jasprit Bumrah
Updated on

ബ്രിഡ്ജ്ടൗൺ: ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 8 റൗണ്ടിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. അഫ്ഗാനിസ്ഥാനെ കീഴടക്കിയത് 47 റൺസിന്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് ഇന്ത്യ നേടിയത്. അഫ്ഗാനിസ്ഥാൻ ഇരുപത് ഓവറിൽ 134 റൺസിന് ഓൾഔട്ടായി. തുടക്കത്തിലെ മെല്ലെപ്പോക്കും ചെറിയ ബാറ്റിങ് തകർച്ചയും അതിജീവിക്കാൻ ഇന്ത്യയെ സഹായിച്ചത് അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിൽ മധ്യനിര നടത്തിയ ചെറുത്തുനിൽപ്പ്. നാലോവറിൽ ഏഴു റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിങ് ഇന്ത്യൻ വിജയം എളുപ്പമാക്കുകയും ചെയ്തു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. പ്രാഥമിക റൗണ്ടിൽ കളിച്ച മൂന്നു മത്സരങ്ങളിലും ഒരേ പ്ലെയിങ് ഇലവനെ രംഗത്തിറക്കിയ ഇന്ത്യ സൂപ്പർ എയ്റ്റിൽ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനു പകരം ഇടങ്കയ്യൻ സ്പിന്നർ കുൽദീപ് യാദവ് ടീമിലെത്തി.

ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങൾ കളിച്ച യുഎസ്എയിലെ പിച്ചുകൾ പൊതുവേ പേസ് ബൗളർമാരെ തുണയ്ക്കുന്നവ ആയിരുന്നതിനാൽ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ നാലു പേസ് ബൗളർമാർ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നു.

സൂപ്പർ 8 റൗണ്ട് നടക്കുന്ന വെസ്റ്റിൻഡീസിലെ പിച്ചുകൾ സ്പിന്നിനെ കൂടുതൽ തുണയ്ക്കുന്ന സാഹചര്യത്തിലാണ് രവീന്ദ്ര ജഡേജയെയും അക്ഷർ പട്ടേലിനെയും കൂടാതെ മൂന്നാമതൊരു ഇടങ്കയ്യൻ സ്പിന്നറെ കൂടി ഇന്ത്യ കളിപ്പിക്കാൻ തീരുമാനിച്ചത്.

അഫ്ഗാനെതിരേ ഇന്ത്യക്ക് ബാറ്റിങ്; കുൽദീപ് ടീമിൽ
അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റഷീദ് ഖാനും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും മത്സരത്തിനു മുൻപ്.

രോഹിത് ശർമ - വിരാട് കോലി ഓപ്പണിങ് സഖ്യത്തെ നിലനിർത്തിയ ഇന്ത്യൻ ടീമിൽ ഇത്തവണയും ഓപ്പണർ യശസ്വി ജയ്സ്വാളിനും മലയാളി താരം സഞ്ജു സാംസണും ഇടം കിട്ടിയില്ല. രോഹിത് 13 പന്തിൽ 8 റൺസെടുത്ത് പുറത്തായപ്പോൾ, 24 പന്ത് നേരിട്ട കോലി 24 റൺസ് മാത്രമാണു നേടിയത്.

മൂന്നാം നമ്പറിൽ ഋഷഭ് പന്ത് പ്രതീക്ഷയുണർത്തിയെങ്കിലും 11 പന്തിൽ 20 റൺസുമായി മടങ്ങി. ആദ്യ മത്സരങ്ങളിൽ പതറിയ ശിവം ദുബെയ്ക്ക് വീണ്ടും അവസരം നൽകി, ഫലം പരാജയം തന്നെ. അഫ്ഗാൻ സ്പിൻ നിരയെ നേരിടാനുള്ള സ്പെഷ്യലിസ്റ്റ് എന്ന നിലയിലാണ് ദുബെയുടെ റോൾ. പക്ഷേ, നേടിയത് 7 പന്തിൽ 10 റൺസ്.

അഫ്ഗാനെതിരേ ഇന്ത്യ 181/8
ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും മത്സരത്തിനിടെ.

തുടർന്ന് സൂര്യയും ഹാർദിക് പാണ്ഡ്യയും ഒരുമിച്ചതോടെയാണ് ഇന്ത്യയുടെ റൺ നിരക്കിൽ കാര്യമായ പുരോഗതിയുണ്ടായത്. സൂര്യ 28 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 53 റൺസെടുത്ത്, ടൂർണമെന്‍റിൽ തന്‍റെ രണ്ടാം അർധ സെഞ്ചുറി തികച്ചു. 24 പന്ത് നേരിട്ട ഹാർദിക് മൂന്ന് ഫോറും രണ്ടു സിക്സും സഹിതം 32 റൺസും നേടി. ആറു പന്തിൽ 12 റൺസെടുത്ത അക്സർ പട്ടേലും മോശമാക്കിയില്ല. എന്നാൽ, രവീന്ദ്ര ജഡേജ അഞ്ച് പന്തിൽ ഏഴ് റൺസെടുത്ത് പുറത്തായി.

ടൂർണമെന്‍റിലെ ടോപ് വിക്കറ്റ് ടേക്കറായ ഫസൽ ഹക്ക് ഫാറൂക്കി ഇക്കുറിയും മൂന്നു വിക്കറ്റുമായി തിളങ്ങി. ക്യാപ്റ്റൻ റഷീദ് ഖാൻ 26 റൺസിനും മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് അർഷ്‌ദീപ് സിങ്ങിനെ സിക്സിനും ഫോറിനും ശിക്ഷിച്ചുകൊണ്ട് തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുംറയുടെ ആദ്യ ഇരയായി. അസ്മത്തുള്ള ഒമർസായ് (26) മാത്രമാണ് ഇരുപതു കടന്ന് അഫ്ഗാൻ ബാറ്റർ. അർഷ്‌ദീപും മൂന്ന് വിക്കറ്റ് നേടിയെങ്കിലും നാലോവറിൽ 36 റൺസ് വഴങ്ങി. പവർപ്ലേയ്ക്കുള്ളിൽ പന്തെറിയാനെത്തിയ അക്ഷർ പട്ടേൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടി. ‌

ടൂർണമെന്‍റിൽ ആദ്യമായി അവസരം കിട്ടിയ കുൽദീപ് യാദവ് 32 റൺസിന് രണ്ട് വിക്കറ്റും മൂന്നോവർ എറിഞ്ഞ രവീന്ദ്ര ജഡേജ 20 റൺസിന് ഒരു വിക്കറ്റും സ്വന്തമാക്കി. സൂര്യകുമാർ യാദവാണ് പ്ലെയർ ഓഫ് ദ മാച്ച്.

Trending

No stories found.

Latest News

No stories found.