വൈഭവ് സൂര്യവംശിയും ഇന്ത്യൻ അണ്ടർ-19 ടീമിലെ സഹതാരങ്ങളും ദേശീയഗാനം പാടുന്നു.
അണ്ടർ-19 ലോകകപ്പ്: ഇന്ത്യക്ക് ആറാം കിരീടം രണ്ട് ജയം അകലെ
ഈ ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. സൂപ്പർ സിക്സിൽ ചിരവൈരികളായ പാക്കിസ്ഥാനെ 58 റൺസിന് തോൽപ്പിച്ചത് ടീമിന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മറുഭാഗത്ത് ശ്രീലങ്കയോട് മാത്രമാണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലർത്തുന്ന ഇന്ത്യക്കാണ് മത്സരത്തിൽ മുൻതൂക്കം.
ഹരാരെ: ഐസിസി അണ്ടർ-19 ലോകകപ്പിന്‍റെ ആവേശകരമായ സെമി ഫൈനലിൽ ഇന്ത്യ ബുധനാഴ്ച അഫ്ഗാനിസ്ഥാനെ നേരിടും. ടൂർണമെന്‍റിലുടനീളം തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യ, ആറാം ലോകകിരീടം എന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി അടുക്കാനുള്ള തയാറെടുപ്പിലാണ്. 2000, 2008, 2012, 2018, 2022 വർഷങ്ങളിൽ കിരീടം നേടിയ ഇന്ത്യയാണ് ഈ ടൂർണമെന്‍റിലെ ഏറ്റവും കരുത്തരായ ടീം.
ബാറ്റിംഗിൽ വിക്കറ്റ് കീപ്പർ അഭിജ്ഞാൻ കുണ്ഡു (199 റൺസ്), ഓപ്പണർ വൈഭവ് സൂര്യവംശി (196 റൺസ്), ഓൾറൗണ്ടർ വിഹാൻ മൽഹോത്ര (172 റൺസ്) എന്നിവരാണ് ഇന്ത്യയുടെ കുതിപ്പിന് കരുത്തേകുന്നത്. വിഹാൻ മൽഹോത്ര ഈ ടൂർണമെന്‍റിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ ഏക താരമാണ്. ക്യാപ്റ്റൻ ആയുഷ് മാത്രെ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും ബൗളിങ്ങിൽ സ്ഥിരത പുലർത്തുന്നു.
ബൗളർമാരിൽ ഹെനിൽ പട്ടേൽ, ആർ.എസ്. അംബരീഷ് എന്നിവർ പേസ് നിരയെ നയിക്കുമ്പോൾ സ്പിൻ വിഭാഗത്തിൽ ഖിലൻ പട്ടേൽ കരുത്താകുന്നു. കൂടെ സ്പിൻ ഓൾറൗണ്ടർ കനിഷ്ക് ചൗഹാനുമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:00-നാണ് മത്സരം ആരംഭിക്കുന്നത്.
ഇന്ത്യൻ സ്ക്വാഡ്: ആയുഷ് മാത്രെ (C), വിഹാൻ മൽഹോത്ര (VC), ആരോൺ ജോർജ്, അഭിജ്ഞാൻ കുണ്ഡു, ഹർവംശ് പംഗാലിയ, വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, ഹെനിൽ പട്ടേൽ, മുഹമ്മദ് ഇനാൻ, ഉദ്ധവ് മോഹൻ, കിഷൻ സിങ്.

