രോഹിത് 121*, കോലി 74*, റാണയ്ക്ക് 4 വിക്കറ്റ്; ഇന്ത്യക്ക് കൂറ്റൻ ജയം

ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയ 236 റൺസിന് ഓൾഔട്ട്. ഒറ്റ വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം നേടി.
ഇന്ത്യ - ഓസ്ട്രേലിയ 3ാം ഏകദിനം | India vs Australia 3rd ODI

രോഹിത് ശർമയും വിരാട് കോലിയും ഓസ്ട്രേലിയക്കെതിരായ 3ാം ഏകദിന മത്സരത്തിനിടെ.

Updated on

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യക്ക് അവസാന മത്സരത്തിൽ അതിശക്തമായ തിരിച്ചുവരവ്. ആതിഥേയരെ 47ാം ഓവറിൽ വെറും 236 റൺസിന് ഇന്ത്യ എറിഞ്ഞിട്ട ഇന്ത്യ, 38.3 ഓവറിൽ ഒറ്റ വിക്കറ്റിന്‍റെ നഷ്ടത്തിൽ ലക്ഷ്യം നേടി.

ഫാസ്റ്റ് ബൗളർ ഹർഷിത് റാണയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയെ ചെറിയ സ്കോറിൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കു വേണ്ടി രോ-കോ സഖ്യം വിന്‍റേജ് ഫോമിലേക്കുയർന്നു. രോഹിത് ശർമ സെഞ്ചുറിയും വിരാട് കോലി അർധ സെഞ്ചുറിയും പിന്നിട്ട മത്സരത്തിൽ ഇന്ത്യ അനായാസ ജയമാണ് കുറിച്ചത്.

കോച്ച് ഗൗതം ഗംഭീറിന്‍റെ ഇഷ്ടക്കാരനായതുകൊണ്ടു മാത്രം ടീമിൽ തുടരുന്നു എന്ന വിമർശനം നേരിടുന്ന റാണ ഈ മത്സരത്തിൽ 8.4 ഓവർ എറിഞ്ഞപ്പോൾ 39 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റ് പിഴുതത്. വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റ് നേടിയപ്പോൾ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർക്ക് ഓരോ വിക്കറ്റ്.

ഇന്ത്യ - ഓസ്ട്രേലിയ 3ാം ഏകദിനം | India vs Australia 3rd ODI

ഓസ്ട്രേലിയക്കെതിരേ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ ബാറ്റിങ്.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ ആദ്യ ആറ് ബാറ്റർമാരും ഇരുപതിനു മുകളിലുള്ള സ്കോറുകൾ നേടിയെങ്കിലും മികച്ച തുടക്കത്തെ വമ്പൻ ടോട്ടലാക്കി മാറ്റാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല.

58 പന്തിൽ 56 റൺസുമായി കരിയറിലെ ആദ്യ അന്താരാഷ്ട്ര ഏകദിന അർധ സെഞ്ചുറി നേടിയ മാറ്റ് റെൻഷോയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ മിച്ചൽ മാർഷ് 41 റൺസും മാത്യു ഷോർട്ട് 30 റൺസും നേടി.

34 ഓവർ പിന്നിടുമ്പോൾ 183/3 എന്ന ശക്തമായ നിലയിലായിരുന്നു അവർ. അവിടെനിന്ന് 18 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ കൂടി അവർക്കു നഷ്ടമായി. 53 റൺസ് ചേർക്കുന്നതിനിടെ ഓൾഔട്ടുമായി.

ഇന്ത്യ - ഓസ്ട്രേലിയ 3ാം ഏകദിനം | India vs Australia 3rd ODI

ഓസ്ട്രേലിയയുടെ അവസാന വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസ് ബൗളർ ഹർഷിത് റാണ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്ന് 10.2 ഓവറിൽ 69 റൺസ് കൂട്ടിച്ചേർത്തു. 26 പന്തിൽ 24 റൺസെടുത്ത് ഗിൽ പുറത്തായ ശേഷം വിരാട് കോലിയെ കൂട്ടുപിടിച്ച് രോഹിത് സ്കോർ ബോർഡ് ചലിപ്പിച്ചു. 63 പന്തിൽ 50 കടന്ന രോഹിത്, 105 പന്തിൽ കരിയറിലെ 33ാം അന്താരാഷ്ട്ര ഏകദിന സെഞ്ചുറിയും പൂർത്തിയാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തിൽ രോഹിത് അർധ സെഞ്ചുറിയും നേടിയിരുന്നു.

ഇതിനിടെ വിരാട് കോലി, നേരിട്ട 57ാം പന്തിൽ തന്‍റെ കരിയറിലെ 75ാം അർധ സെഞ്ചുറിയും തികച്ചു. ഇതോടെ ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നൂറു റൺസും പൂർത്തിയാക്കി. മത്സരം അവസാനിക്കുമ്പോൾ രോഹിത് 125 പന്തിൽ 13 ഫോറും മൂന്നു സിക്സും സഹിതം 121 റൺസെ‌ടുത്ത് പുറത്താകാതെ നിന്നു. 81 പന്ത് നേരിട്ട കോലി ഏഴ് ഫോർ ഉൾപ്പെടെ പുറത്താകാതെ 74 റൺസെടുത്തു.

ഇന്ത്യ - ഓസ്ട്രേലിയ 3ാം ഏകദിനം | India vs Australia 3rd ODI

ഓസ്ട്രേലിയക്കെതിരേ വിരാട് കോലിയുടെ പുൾ ഷോട്ട്.

പരമ്പര നഷ്ടപ്പെട്ടതോടെ, ആദ്യ രണ്ടു മത്സരങ്ങൾക്കിറങ്ങിയ പ്ലെയിങ് ഇലവനിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. അർഷ്ദീപ് സിങ്ങും നിതീഷ് കുമാർ റെഡ്ഡിയും പുറത്തിരുന്നപ്പോൾ, പ്രസിദ്ധ് കൃഷ്ണയ്ക്കും കുൽദീപ് യാദവിനും പരമ്പരയിൽ ആദ്യമായി അവസരം കിട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com