

വിരാട് കോലി
സിഡ്നി: ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ അർധസെഞ്ചുറി നേടിയതിനു പിന്നാലെ ഏകദിന ക്രിക്കറ്റിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത‍്യൻ താരം വിരാട് കോലി.
ഏകദിന ക്രിക്കറ്റിൽ ഇതിഹാസ താരം സച്ചിൻ ടെൻഡുൾക്കറിനു ശേഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് വിരാട് കോലിയെ തേടിയെത്തിയത്. ഇതോടെ ശ്രീലങ്കൻ താരം കുമാർ സംഗക്കാര മൂന്നാം സ്ഥാനത്തായി.
404 ഏകദിനത്തിൽ നിന്ന് 14,234 റൺസെന്ന സംഗക്കാരയുടെ സമ്പാദ്യമാണ് വിരാട് കോലി മറികടന്നത്. നിലവിൽ 305 ഏകദിന മത്സരങ്ങളിൽ നിന്ന് 58 റൺ ശരാശരിയിൽ 14,255 റൺസായി കോലിക്ക്. 81 പന്തിൽ പുറത്താവാതെ 7 ബൗണ്ടറി ഉൾപ്പടെ 74 റൺസാണ് കോലി ഓസ്ട്രേലിയക്കെതിരേ നേടിയത്.
13,704 റൺസുമായി മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ റിക്കി പോണ്ടിങ്ങ് നാലാം സ്ഥാനത്തും 13,439 റൺസുമായി മുൻ ശ്രീലങ്കൻ താരം സനത് ജയസൂര‍്യ അഞ്ചാം സ്ഥാനത്തും പട്ടികയിൽ ഉൾപ്പെടുന്നു. അതേസമയം, 452 ഏകദിന മത്സരങ്ങളിൽ നിന്ന് 18,426 റൺസ് നേടിയ സച്ചിൻ ബഹുദൂരം മുന്നിലാണ്.