'അവസാന ഏകദിനം': ലോർഡ്സിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യ

ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം രോഹിത് ശർമയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരമാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
India vs England 3rd ODI preview

ഇത് രോഹിത് ശർമയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന അഭ്യൂഹങ്ങൾ ബിസിസിഐ നിരാകരിക്കുമ്പോഴും ആരാധകരുടെ ആശങ്ക അവസാനിക്കുന്നില്ല.

File

Updated on

ലണ്ടൻ: ഞായറാഴ്ച ലോർഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരം ഇന്ത്യൻ ക്രിക്കറ്റിനു നിർണായകം. മൂന്നു മത്സര പരമ്പര 1-1 സമനിലയിൽ നിൽക്കെ ഇതൊരു വിർച്വൽ ഫൈനലാണ്. മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3:30-ന് ആരംഭിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടയിൽ, രോഹിത് ശർമയുടെ പ്രകടനത്തിലേക്കാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. പരമ്പരയിലെ അവസാന മത്സരം രോഹിത് ശർമയുടെ വിടവാങ്ങൽ മത്സരമാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

അഭ്യൂഹങ്ങൾക്കിടയിലും, ഈ മത്സരം അന്താരാഷ്ട്ര ക്രിക്കറ്റിലെ രോഹിത്തിന്‍റെ അവസാനത്തെ മത്സരമായിരിക്കില്ലെന്ന് ബിസിസിഐ ഉറപ്പിച്ചു പറയുന്നുണ്ട്. എങ്കിലും, ആദ്യ രണ്ട് മത്സരങ്ങളിൽ ഹിറ്റ്മാൻ നേരിട്ട ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ, താൻ ഇപ്പോഴും ഫോമിലാണെന്നു തെളിയിക്കേണ്ട ബാധ്യത മുൻ ഇന്ത്യൻ ക്യാപ്റ്റനുണ്ട്.

പേസ് ബൗളർമാർക്കെതിരേ ഫ്രണ്ട് ഫൂട്ട് പുൾ ഷോട്ടുകളിലൂടെയും സ്പിന്നർമാർക്കെതിരേ ക്ലാസിക് ഫുട്‌വർക്കിലൂടെയും അനായാസം റൺസ് കണ്ടെത്തിയിരുന്ന വിന്‍റേജ് രോഹിത്തിനെ ഈ പരമ്പരയിൽ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ ടീമിൽ തുടരാൻ അദ്ദേഹത്തിനു സാധിക്കുമോ എന്ന ചോദ്യങ്ങൾ ഇത് ശക്തി വർധിപ്പിക്കുന്നു. ഇപ്പോൾ 39 വയസാണ് രോഹിത് ശർമയ്ക്ക്.

കാർഡിഫിലെ പിച്ച് ടൂ-പേസ്ഡ് ആയിരുന്നത് രോഹിത്തിന് തിരിച്ചടിയായി, തുടർച്ചയായി ഒമ്പത് ഡോട്ട് ബോളുകൾ നേരിട്ട ശേഷമാണ് അദ്ദേഹം പുറത്തായത്. ലോർഡ്‌സിലെ മികച്ച ബാറ്റിങ് വിക്കറ്റിൽ തന്‍റെ പഴയ താളത്തിലേക്ക് തിരിച്ചെത്താൻ രോഹിത്തിനു സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്. പവർപ്ലേയിൽ അതിസാഹസികമായി കളിക്കുന്ന രോഹിത്തിനെത്തന്നെയായിരിക്കും ആരാധകർ ഞായറാഴ്ചയും പ്രതീക്ഷിക്കുന്നത്. ആദ്യ പത്ത് ഓവറുകളിൽ ജോഫ്ര ആർച്ചറുടെ അതിവേഗത്തെ മെരുക്കുക എന്നതായിരിക്കും പ്രധാന വെല്ലുവിളി.

ക്യാപ്റ്റനും രോഹിത്തിന്‍റെ സഹ ഓപ്പണറുമായ ശുഭ്മൻ ഗിൽ മികച്ച ഫോമിലാണ്, ഒരു സെഞ്ചുറിയുടെ കുറവേ ഗില്ലിനുള്ളൂ. വിരാട് കോഹ്‌ലി ഏകദിന ഫോർമാറ്റിൽ തന്‍റെ ആധിപത്യം തുടരുകയാണ്. വ്യാഴാഴ്ച അർധ സെഞ്ചുറി നേടിയ കോഹ്‌ലിക്കു പിന്തുണ നൽകാൻ ശ്രേയസ് അയ്യർ മാത്രമാണുണ്ടായിരുന്നത്.

അസുഖം കാരണം പുറത്തിരുന്ന കെ.എൽ. രാഹുലിനു പകരം കളിച്ച ഇഷാൻ കിഷൻ അടക്കമുള്ളവർ ഷോർട്ട് ബോളുകൾക്കു മുന്നിൽ കീഴടങ്ങി. എന്നാൽ, ശ്രേയസ് ടി20 ക്രിക്കറ്റിലെ ഫോം ഏകദിന ഫോർമാറ്റിലും തുടരുന്നുണ്ട്. ആദിൽ റഷീദിനെ നേരിട്ട രീതി പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ബൗളിങ്ങിന്‍റെ കാര്യത്തിൽ, വാഷിങ്ടൺ സുന്ദറിനു പരുക്കേറ്റതിനാൽ കുൽദീപ് യാദവിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. എട്ടാം നമ്പർ വരെ ബാറ്റർമാർ വേണം എന്നതാണ് കോച്ച് ഗൗതം ഗംഭീറിന്‍റെ താത്പര്യം. എന്നാൽ, വാഷിങ്ടൺ ഇല്ലെങ്കിൽ പദ്ധതികളിൽ മാറ്റം വരുത്താൻ ടീം മാനെജ്മെന്‍റ് നിർബന്ധിതമാകും. രവീന്ദ്ര ജഡേജയുടെ അഭാവത്തിൽ സ്പിൻ ഓൾറൗണ്ടർ എന്ന നിലയിൽ അക്സർ പട്ടേൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.

ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ ജോ റൂട്ടിനെ എങ്ങനെ മെരുക്കാം എന്നതായിരിക്കും ഇന്ത്യൻ ബൗളർമാരുടെ പ്രധാന ചിന്ത. ജേക്കബ് ബഥേലിനെ ഓപ്പണറാക്കിയുള്ള പരീക്ഷണം വിജയം കാണാത്ത സാഹചര്യത്തിൽ മാറ്റത്തിനു സാധ്യതയുണ്ട്.

ടീമുകൾ:

ഇംഗ്ലണ്ട്: ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ജേക്കബ് ബഥേൽ, ജയിംസ് കോൾസ്, വിൽ ജാക്സ്, രെഹാൻ അഹമ്മദ്, ഗസ് അറ്റ്കിൻസൺ, സാം കറൻ, ലിയാം ഡോസൺ, ടോം ബാന്‍റൺ (വിക്കറ്റ് കീപ്പർ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), ജോഫ്ര ആർച്ചർ, സാകിബ് മഹ്മൂദ്, ആദിൽ റഷീദ്, ജോഷ് ടങ്.

ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്.

logo
Metro Vaartha
www.metrovaartha.com