

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ ഇന്ത്യൻ ടീമംഗങ്ങൾ.
നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ 76 റൺസിന് ഓൾഔട്ടായ ഇന്ത്യ 125 റൺസിന്‍റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണെടുത്തത്. ഇന്ത്യൻ ഇന്നിങ്സിന് 11.4 ഓവർ മാത്രമായിരുന്നു ആയുസ്.
44 പന്തിൽ 70 റൺസെടുത്ത ഓപ്പണർ ഫിൽ സോൾട്ടാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ ഉറപ്പാക്കിയത്. ഓപ്പണർ ജോസ് ബട്ലറും (21 പന്തിൽ 36) ഓൾറൗണ്ടർ സാം കറനും (24 പന്തിൽ 41 നോട്ടൗട്ട്) മോശമാക്കിയില്ല.
ഇന്ത്യക്കു വേണ്ടി ഹർഷിത് റാണയും പ്രിൻസ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷർ പട്ടേൽ ഒരു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ, രണ്ട് ഇംഗ്ലിഷ് ബാറ്റർമാർ റണ്ണൗട്ടായി.
മറുപടി ബാറ്റിങ്ങിൽ നാല് ഇന്ത്യൻ ബാറ്റർമാർ മാത്രമാണ് രണ്ടക്ക സ്കോർ നേടിയത്. സഞ്ജു സാംസണു പകരം ടീമിൽ തുടരുന്ന ഓപ്പണർ വൈഭവ് സൂര്യവംശി ഇത്തവണയും രണ്ട് സിക്സറുമായി പ്രതീക്ഷയുണർത്തിയ ശേഷം കീഴടങ്ങി. അഞ്ച് പന്തിൽ 13 റൺസാണ് കൗമാരതാരം നേടിയത്. അഭിഷേക് ശർമ (10), ഇഷാൻ കിഷൻ (13), അക്ഷർ പട്ടേൽ (10) എന്നിവർക്കും പൊരുതാനായില്ല.
29 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലിഷ് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറാണ് പ്ലെയർ ഒഫ് ദ മാച്ച്. ജോഷ് ടങ് നാല് വിക്കറ്റ് നേടിയപ്പോൾ ആദിൽ റഷീദിന് രണ്ട് വിക്കറ്റും വിൽ ജാക്സിന് ഒരു വിക്കറ്റും കിട്ടി. ആകെ നാല് ബൗളർമാരെയേ ഇംഗ്ലണ്ടിന് ഉപയോഗിക്കേണ്ടിവന്നുള്ളൂ.