നാലാം ടി20: തിരിച്ചടിക്കാൻ വഴിതേടി ഇന്ത്യ

പരമ്പരയിൽ 0-2ന് പിന്നിൽ നിൽക്കുന്ന ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ജീവൻമരണ പോരാട്ടം; സഞ്ജു സാംസൺ മടങ്ങിയെത്താൻ സാധ്യത.
India vs England 4th T20 preview

സഞ്ജു സാംസൺ

File

Updated on

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ നിർണായകമായ നാലാം മത്സരം വ്യാഴാഴ്ച നടക്കാനിരിക്കെ, ടീം ഇന്ത്യ കടുത്ത പ്രതിസന്ധിയിൽ. പരമ്പരയിൽ 0-2ന് പിന്നിൽ നിൽക്കുന്ന ഇന്ത്യക്ക് ഈ മത്സരം ജീവൻമരണ പോരാട്ടമാണ്.

ഏറ്റവും വലിയ ചർച്ചാവിഷയം സഞ്ജു സാംസന്‍റെ തിരിച്ചുരവിനെക്കുറിച്ചാണ്. രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും സഞ്ജുവിനെ ഒഴിവാക്കി 15 വയസുകാരനായ വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു. എന്നാൽ, മെല്ലെപ്പോക്ക് ബാറ്റിങ് മുഖമുദ്രയാക്കിയ തിലക് വർമ ടീമിൽ തുടരുകയും ചെയ്യുന്നു.

മൂന്നാം മത്സരത്തിനു ശേഷം ട്രെന്‍റ് ബ്രിഡ്ജിൽ ആരാധകർ "വീ വാണ്ട് സഞ്ജു" എന്ന് മുദ്രാവാക്യം വിളിച്ചത് മാനേജ്‌മെന്‍റിനുള്ള താക്കീതായി. പരിശീലകൻ ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റിയും വലിയ സമ്മർദത്തിലാണ്. സഞ്ജുവിനെ തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

അഴിച്ചുപണിക്ക് സാധ്യത

മൂന്നാം മത്സരത്തിൽ 76 റൺസിന് ഓൾഔട്ടായത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ജോഫ്ര ആർച്ചറുടെയും ജോഷ് ടങ്ങിന്‍റെയും നേതൃത്വത്തിലുള്ള ഇംഗ്ലിഷ് പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നുപോവുകയായിരുന്നു.

ഈ സാഹചര്യത്തിൽ, സഞ്ജു സാംസണെ തിരികെ കൊണ്ടുവരാൻ മിഡിൽ ഓർഡറിൽ മാറ്റങ്ങൾ വരുത്തിയേക്കും. വൈഭവ് സൂര്യവംശിയെ ഓപ്പണറായി നിലനിർത്താനാണ് സാധ്യത. കൂടെ സഞ്ജു ഇറങ്ങിയാൽ അഭിഷേകും, അഭിഷേക് ഓപ്പണറായാൽ സഞ്ജുവും മൂന്നാം നമ്പറിൽ കളിച്ചേക്കും. അങ്ങനെയായാൽ തിലക് വർമ പ്ലെയിങ് ഇലവനു പുറത്താകും.

സ്പിന്നർമാരായ വരുൺ ചക്രവർത്തിക്കോ രവി ബിഷ്ണോയിക്കോ ഇംഗ്ലിഷ് പിച്ചുകളിൽ താളം കണ്ടെത്താൻ സാധിക്കാത്തത് പരിഹരിക്കാൻ വ്യക്തമായ മാർഗങ്ങളൊന്നും മുന്നിലില്ല.

ആത്മവിശ്വാസത്തിൽ ഇംഗ്ലണ്ട്

മറുഭാഗത്ത് ഹാരി ബ്രൂക്കിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. ഓപ്പണർ ഫിൽ സോൾട്ടിന്‍റെ തിരിച്ചുവരവും പേസ് ബൗളർമാരായ ആർച്ചറിന്‍റെയും ടോങ്ങിന്‍റെയും മികച്ച പ്രകടനവും ഇംഗ്ലണ്ടിന് വലിയ മുൻതൂക്കം നൽകുന്നു. പരമ്പര ഈ മത്സരത്തോടെ തന്നെ സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

ശ്രേയസ് അയ്യർ നയിക്കുന്ന ടീം ഇന്ത്യക്ക് ഈ പരമ്പര നഷ്ടപ്പെടാതിരിക്കാൻ അദ്ഭുതങ്ങൾ തന്നെ കാട്ടേണ്ടി വരും. ഇന്ത്യൻ സമയം രാത്രി 10-നാണ് മത്സരം ആരംഭിക്കുന്നത്.

ടീമുകൾ

ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, സൂര്യാംശ് ഷെഡ്ഗെ, വാഷിങ്ടൺ സുന്ദർ.

ഇംഗ്ലണ്ട്: ഹാരി ബ്രൂക്ക് (നായകൻ), ഫിൽ സോൾട്ട്, ജോസ് ബട്ട്‌ലർ, ടോം ബാന്‍റൺ, ജേക്കബ് ബഥേൽ, സാം കറൻ, വിൽ ജാക്ക്സ്, ജോഫ്ര ആർച്ചർ, ലിയാം ഡോസൺ, ആദിൽ റഷീദ്, ജോഷ് ടങ്, ജോർദാൻ കോക്സ്, സോണി ബേക്കർ, ലൂക്ക് വുഡ്, സാക്കിബ് മെഹ്മൂദ്, രെഹാൻ അഹമ്മദ്, ജയിംസ് കോൾസ്.

logo
Metro Vaartha
www.metrovaartha.com