'ജോസ് ദി ബോസ്', ഒപ്പം ഹാരി ബ്രൂക്കിന്‍റെ താണ്ഡവവും; ഇന്ത്യൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇംഗ്ലീഷ് വീരന്മാർ

നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ഇന്ത‍്യയ്ക്കെതിരേ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്
india vs england 5th t20 match updates

മത്സരത്തിൽ നിന്ന്

Updated on

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത‍്യയ്ക്ക് 258 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ഇന്ത‍്യയ്ക്കെതിരേ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഒരു വശത്ത് ക്രീസ് ഭരിച്ച് ജോസ് ബട്‌ലർ തകർത്താടിയപ്പോൾ മറുവശത്ത് ബട്‌ലറിനൊപ്പം ചേർന്ന് ക‍്യാപ്റ്റൻ ഹാരി ബ്രൂക്ക് പിന്തുണച്ചു. ഇതോടെ ഇന്ത‍്യൻ ബൗളർമാർക്ക് മറുപടിയില്ലാതായി. 64 പന്തിൽ 12 ബൗണ്ടറിയും 8 സിക്സും അടക്കം 131 റൺസാണ് ജോസ് ബട്‌ലർ അടിച്ചു കൂട്ടിയത്. ക‍്യാപ്റ്റൻ ഹാരി ബ്രൂക്ക് 45 പന്തിൽ 8 സിക്സും 4 ബൗണ്ടറിയും അടക്കം 95 റൺസ് നേടി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്കോർബോർഡിൽ 8 റൺസ് ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി. ഓപ്പണിങ് ബാറ്റർ ഫിൽ സോൾട്ടാണ് ആ‍ദ‍്യം പുറത്തായത്. 9 പന്തിൽ നിന്നും 6 റൺസ് മാത്രം അടിച്ചെടുത്ത ഫിൽ സോൾട്ടിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ 233 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി ബട്‌ലർ- ബ്രൂക്ക് സഖ‍്യം മധുരപ്രതികാരം വീട്ടി. മൂന്നാമനായി ബാറ്റിങ്ങിനെത്തിയ ഹാരി ബ്രൂക്കാണ് കളിയുടെ ഗതി തന്നെ മാറ്റിയത്.

തുടക്കത്തിലെ ആക്രമണോത്സുക പുറത്തെടുത്ത് ബ്രൂക്ക് അടി തുടർന്നപ്പോൾ മറുവശത്ത് കരുതലോടെ നീങ്ങിയ ബട്‌ലറിനും അടിച്ച് കളിക്കാനുള്ള ത്വര വന്നു. ഇതോടെ ഇന്ത‍്യൻ ബൗളർമാരുടെ കാര‍്യം കഷ്ടത്തിലായി. അർഷ്ദീപ് സിങ് മാത്രമാണ് ഇംഗ്ലീഷ് പടയുടെ ബാറ്റിന്‍റെ ചൂട് അറിയാതിരുന്നത്. പ്രിൻസ് യാദവിനെയും അക്ഷർ പട്ടേലിനെയും സൂര‍്യാംശ് ഷെഡ്ഗെയെയും ഇരുവരും കണക്കിന് മർദിച്ചു.

പ്രസിദ്ധ് കൃഷ്ണ 4 ഓവറിൽ നിന്നും 38 റൺസ് വിട്ടുകൊടുത്ത് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. സെഞ്ചുറി നേടിയതിനു പിന്നാലെ അക്ഷർ പട്ടേൽ എറിഞ്ഞ ഓവറിൽ ബട്‌ലറുടെ ക‍്യാച്ച് സൂര‍്യാംശ് ഷെഡ്ഗെ വിട്ടുകളഞ്ഞത് പിന്നീട് ഇന്ത‍്യയ്ക്ക് തിരിച്ചടിയായി. തുടർന്ന് മത്സരത്തിന്‍റെ 18.4 ഓവറിലാണ് ശിവം ദുബെയാണ് ബട്‌ലറിനെ പുറത്താക്കുന്നതും അവിശ്വസ്നീയ കൂട്ടുകെട്ട് പൊളിയുന്നതും.

പിന്നാലെയെത്തിയ ജേക്കബ് ബെഥേൽ (0) ആദ‍്യ പന്തിൽ തന്നെ വമ്പൻ അടിക്ക് ശ്രമിച്ച് പുറത്തായത് ഇന്ത‍്യയ്ക്ക് ആശ്വാസമായി. എന്നാൽ ഹാട്രിക് ബോളിൽ സിക്സർ അടിച്ച് വിൽ ജാക്സ് വരവ് അറിയിച്ചു. പ്രിൻസ് യാദവ് എറിഞ്ഞ അവസാന ഓവറിൽ ഒരു ക‍്യാച്ച് ഇഷാൻ കിഷനും കൈവിട്ടു കളഞ്ഞു. ഇതോടെ ഇംഗ്ലണ്ട് 257 റൺസിലെത്തുകയായിരുന്നു.

അതേസമയം, അഞ്ചാം ടി20 മത്സരത്തിൽ പതിവിന് വിപരീതമായി രണ്ടു മാറ്റങ്ങളുമായാണ് ഇന്ത‍്യ കളിക്കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ ആരാധകരെ നിരാശയിലാക്കിയ വൈഭവ് സൂര‍്യവംശിയെ മാറ്റി മലയാളി താരം സഞ്ജു സാംസണെയും വാഷിങ്ടൺ സുന്ദറിനു പകരം സൂര‍്യാംശ് ഷെഡ്ഗെയുമാണ് ഇന്ത‍്യ ടീമിലുൾപ്പെടുത്തിയത്. പക്ഷേ ഏറെ മത്സരങ്ങളിലായി മോശം ഫോം തുടരുന്ന തിലക് വർമയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com