
ഹാരി ബ്രൂക്കിന്‍റെ ക്യാച്ച് കൈവിട്ട സിറാജ്, അഞ്ച് വിക്കറ്റ് നേട്ടവുമായി പ്രായശ്ചിത്തം ചെയ്തു.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആറ് റൺസിന്‍റെ ആവേശകരമായ വിജയം. 374 എന്ന വിജയലക്ഷ്യം ആതിഥേയർ 367 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അവസാന ദിവസം ഇംഗ്ലണ്ടിനു ജയിക്കാൻ വേണ്ടത് 35 റൺസ് മാത്രമായിരുന്നു. ഇന്ത്യക്കു വേണ്ടത് നാലു വിക്കറ്റും.
പരുക്കേറ്റ ക്രിസ് വോക്സിനെ സ്ട്രൈക്കിൽ കൊണ്ടുവരാതെ മറുവശത്തുനിന്ന് നാലു വിക്കറ്റും പിഴുത് ഇന്ത്യ ജയം പിടിച്ചെടുത്തു. ഹാരി ബ്രൂക്കിന്‍റെ ക്യാച്ച് കൈവിട്ടതിന് മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുമായി പ്രായശ്ചിത്തം ചെയ്തു. പ്ലെയിങ് ഇലവനിൽ തിരിച്ചെടുത്ത ടീം മാനെജ്മെന്‍റിന്‍റെ തീരുമാനത്തെ നാലു വിക്കറ്റ് നേട്ടവുമായി പ്രസിദ്ധ് കൃഷ്ണയും സാധൂകരിച്ചു. മത്സരത്തിലാകെ എട്ട് വിക്കറ്റാണ് പ്രസിദ്ധ് നേടിയത്; സിറാജ് ആദ്യ ഇന്നിങ്സിലെ നാല് വിക്കറ്റ് ഉൾപ്പെടെ ആകെ ഒമ്പത് വിക്കറ്റുമായി പ്ലെയർ ഒഫ് മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു.
ഈ ജയത്തോടെ പ്രഥമ ആൻഡേഴ്സൺ - ടെൻഡുൽക്കർ ട്രോഫി പരമ്പര സമനിലയിലാക്കാനും ഇന്ത്യക്കു സാധിച്ചു. ഇംഗ്ലണ്ട് ആദ്യത്തെയും നാലാമത്തെയും മത്സരം ജയിച്ചപ്പോൾ ഇന്ത്യ രണ്ടാമത്തെയും അഞ്ചാമത്തെയും മത്സരമാണ് ജയിച്ചത്. മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യ ജയിച്ച രണ്ട് മത്സരങ്ങളിലും സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കളിച്ചിരുന്നില്ല എന്നതും ശ്രദ്ധേയം. രണ്ടിലും സിറാജിന്‍റെ പ്രകടനം നിർണായകവുമായിരുന്നു. പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിലും സിറാജാണ് മുന്നിൽ.
നേരത്തെ, ജോ റൂട്ടിന്‍റെയും ഹാരി ബ്രൂക്കിന്‍റെയും സെഞ്ചുറികൾ ഇംഗ്ലണ്ടിനെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചെയ്സിന് അടുത്തു വരെയെത്തിച്ചിരുന്നു. ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച ബ്രൂക്കാണ് ഏറ്റവും മാരക ബാറ്റിങ് പുറത്തെടുത്തത്. 98 പന്തിൽ 14 ഫോറും രണ്ട് സിക്സും ഉൾപ്പെടെ 111 റൺസെടുത്ത ബ്രൂക്ക് മടങ്ങുമ്പോഴേക്കും മത്സരം ഇംഗ്ലണ്ടിന്‍റെ കൈകളിലായെന്ന തോന്നൽ.
നാലാം വിക്കറ്റില്‍ റൂട്ടിനൊപ്പം 195 റൺസ് കൂട്ടിച്ചേർത്താണ് ബ്രൂക്ക് കൂടാരം പൂകിയത്. പിന്നാലെ ജേക്കബ് ബഥേലിന്‍റെയും (5) ജോ റൂട്ടിന്‍റെയും (105) വിക്കറ്റുകൾ കൂടി വീഴ്ത്താൻ ഇന്ത്യക്കു സാധിച്ചെങ്കിലും വൈകിപ്പോയെന്ന തോന്നലായിരുന്നു അപ്പോഴും.
മത്സരത്തിലാകെ എട്ട് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ, ടീമിൽ തിരിച്ചെടുത്ത തീരുമാനത്തെ സാധൂകരിച്ചു.
എന്നാൽ, അഞ്ചാം ദിവസം രാവിലെ തന്നെ വിക്കറ്റ് കീപ്പർ ജേമി സ്മിത്തിനെ (2) മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന്‍റെ ഗ്ലൗസിലെത്തിച്ചതോടെ ഇന്ത്യക്കു പ്രതീക്ഷയായി. പിന്നാലെ ജാമി ഓവർട്ടണെ (9) സിറാജ് തന്നെ വിക്കറ്റിനു മുന്നിൽ കുടുക്കി. അതിനു ശേഷം ജോഷ് ടങ്ങിനെ പ്രസിദ്ധ് കൃഷ്ണ ക്ലീൻ ബൗൾ ചെയ്തതോടെ ക്രിസ് വോക്സ് ക്രീസിലെത്തി.
പ്ലാസ്റ്ററിട്ട് കൈയുമായി ബാറ്റിങ്ങിനിറങ്ങുന്ന ക്രിസ് വോക്സ്.
തോളിനു ഗുരുതരമായി പരുക്കേറ്റ വോക്സ് കൈയിൽ സ്ലിങ് ഇട്ട് അതിനു മുകളിൽ ജാക്കറ്റുമിട്ടാണ് കളിക്കാനിറങ്ങിയത്. മറുവശത്ത് ഗസ് ആറ്റ്കിൻസൺ സ്ട്രൈക്ക് നിലനിർത്തി ആഞ്ഞടിക്കാനായിരുന്നു ശ്രമം. ഓരോ ഓവറിലെയും അവസാന പന്തുകളിൽ സിംഗിൾ എടുക്കാനുള്ള ആറ്റ്കിൻസണിന്‍റെ ശ്രമം ക്ലോസ് ഫീൽഡർമാരെ നിർത്തി തടയാൻ ഇന്ത്യ ശ്രമിച്ചില്ല. ക്രിസ് വോക്സിനെ ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്യേണ്ട അവസ്ഥ വരാതിരിക്കാനുള്ള മാന്യത ഇന്ത്യ കാണിച്ചു. ഒപ്പം, മറുവശത്ത് ഓൾറൗണ്ടറായ ആറ്റ്കിൻസണെ സ്ട്രൈക്കിൽ നിർത്തിക്കൊണ്ടു തന്നെ ചെറിയ സ്കോർ പ്രതിരോധിക്കാനുള്ള ധൈര്യവും പുറത്തെടുത്തു.
ഇതിനിടെ സിറാജിന്‍റെ യോർക്കർ ആറ്റ്കിൻസണിന്‍റെ വിക്കറ്റിനെ തൊട്ടുരുമ്മിയെന്നോണം കടന്നു പോയി. റണ്ണൗട്ടാക്കാനുള്ള അവസരം ധ്രുവ് ജുറെൽ നഷ്ടപ്പെടുത്തുകയും ചെയ്തു. സമ്മർദത്തിനടിപ്പെട്ട ആറ്റ്കിൻസൺ ആഞ്ഞു വീശിക്കൊണ്ടിരുന്നെങ്കിലും കണക്റ്റ് ചെയ്യാൻ ബുദ്ധിമുട്ടി. ബൗണ്ടറി ലൈനിൽ പരമാവധി ഫീൽഡർമാരെ നിരത്തി ഇന്ത്യ വെല്ലുവിളിച്ചു. ഒടുവിൽ, സിറാജിന്‍റെ ലോ ഫുൾ ടോസ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിൽ ആറ്റ്കിൻസണിന്‍റെ ലെഗ് സ്റ്റമ്പ് ഇളകി.
പവലിയനിലിരുന്ന ആൻഡ്രൂ ഫ്ളിന്‍റോഫിനെ നോക്കി സിറാജ് കൈകൾ വിരിച്ചു. ഒരു ടീം ഹഡിലിൽ ഇന്ത്യൻ ടീം ഒറ്റക്കെട്ടായി. പിന്നെ, പ്ലാസ്റ്ററിട്ട കൈയുമായി ബാറ്റ് ചെയ്യാനിറങ്ങിയ ക്രിസ് വോക്സിനെ ഓരോരുത്തരായി ചെന്ന് അഭിനന്ദിക്കുകയും ചെയ്തു.