

ഇന്ത‍്യയ്‌ക്കെതിരേ വിൽ യങ്ങിന്‍റെ ആദ‍്യ സെഞ്ചുറി; നാലാം ഏകദിനത്തിൽ കൂറ്റൻ സ്കോർ അടിച്ചെടുത്ത് കിവീസ്
മൗണ്ട് മൗംഗനുയി: ന‍്യൂസിലൻഡിനെതിരായ നാലാം ഏകദിന മത്സരത്തിൽ ഇന്ത‍്യയ്ക്ക് 334 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 50 ഓവറിൽ കിവീസ് 333 റൺസിന് ഓൾഔട്ടായി. ഓപ്പണിങ് ബാറ്റർ വിൽ യങ്ങിന്‍റെ (125) സെഞ്ചുറിയാണ് ടീമിന് കരുത്തേകിയത്. ഇന്ത‍്യയ്‌ക്കെതിരേ വിൽ യങ് ആദ‍്യമായാണ് സെഞ്ചുറി നേടുന്നത്.
വിൽ യങ്ങിനു പുറമെ ടിം സെയ്ഫെർട്ട് (58), ഫിൻ അലൻ (41) എന്നിവരും തിളങ്ങി. ഇന്ത‍്യയ്ക്കു വേണ്ടി ഗുർനൂർ ബ്രാർ, അക്ഷർ പട്ടേൽ, ആക്വിബ് നബി എന്നിവർ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ നമൻ ധിർ, അർഷ്ദീപ് സിങ്, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന‍്യൂസിലൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ‍്യ പവർപ്ലേ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 72 റൺസുണ്ടായിരുന്നു ടീമിന്. ഒന്നാം വിക്കറ്റിൽ സെയ്ഫെർട്ടും വിൽ യങ്ങും ചേർന്ന് 85 റൺസ് സഖ‍്യമുണ്ടാക്കിയ ശേഷമാണ് കൂട്ടുകെട്ട് പൊളിഞ്ഞത്.
ഗുർനൂർ ബ്രാർ 144 കിലാമീറ്റർ വേഗത്തിലെറിഞ്ഞ ഒരു ഉഗ്രൻ ബൗൺസറിലാണ് സെയ്ഫെർട്ട് കുടുങ്ങിയത്. പിന്നാലെയെത്തിയ നിക്ക് കെല്ലിക്ക് (4) മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഇതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലെത്തി ടീം. തൊട്ടടുത്ത് തന്നെ ഡീൻ ഫോക്സ്ക്രോഫ്റ്റിനെ (8) പറഞ്ഞയച്ച് ആക്വിബ് നബി ഏകദിനത്തിൽ തന്‍റെ ആദ‍്യ വിക്കറ്റ് നേടി.
എന്നാൽ നാലാം വിക്കറ്റിൽ ഫിൻ അലനും വിൽ യങ്ങും ചേർന്ന് 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയത് ന‍്യൂസിലൻഡിന് ആശ്വാസമായി. ഒടുവിൽ അക്ഷർ പട്ടേലെറിഞ്ഞ പന്തിൽ രോഹിത് ശർമയ്ക്ക് കവറിൽ ക‍്യാച്ച് നൽകി ഫിൻ അലൻ കളം വിട്ടതോടെ ടീം പ്രതിരോധത്തിലായി. സെഞ്ചുറി നേടിയ വിൽ യങ് കൂറ്റൻ അടിക്ക് ശ്രമിച്ച് പുറത്തായത് തിരിച്ചടിയായി.
പിന്നീട് എത്തിയവരിൽ ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ (24), ക്രിസ്റ്റ‍്യൻ ക്ലാർക്ക് (22), കൈൽ ജാമിസൺ (19 നോട്ടൗട്ട്) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതോടെയാണ് ന‍്യൂസിലൻഡ് 333 റൺസിലെത്തിയത്. അതേമസമയം, 3 മാറ്റങ്ങളുമായാണ് ഇന്ത‍്യ ന‍്യൂസിലൻഡിനെതിരേ ഏറ്റുമുട്ടിയത്. ശുഭ്മൻ ഗില്ലിന് പകരം ഋതുരാജ് ഗെയ്‌ക്‌വാദും കെ.എൽ. രാഹുലിനു പകരം ഇഷാൻ കിഷനും അൻഷുൽ കാംബോജിനു പകരം കുൽദീപ് യാദവുമാണ് കളിച്ചത്.