

സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ആഹ്ളാദ പ്രകടനം
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത‍്യ ശക്തമായ നിലയിൽ. ആദ്യ ദിനം പൂർത്തിയായപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിലാണ് ടീം. 7 റൺസുമായി ധ്രുവ് ജുറലും അരങ്ങേറ്റക്കാരൻ സാരാംശ് ജെയിനുമാണ് ക്രീസിൽ.
193 പന്തിൽ നിന്നും 12 ബൗണ്ടറി അടക്കം 117 റൺസ് അടിച്ചെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. ദേവ്ദത്തിനു പുറമെ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (50) മാത്രമാണ് അർധസെഞ്ചുറി തികച്ചത്. ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളിന് (45) 5 റൺസിനും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് (43) 7 റൺസിനും അർധസെഞ്ചുറികൾ നഷ്ടമായി.
കെ.എൽ. രാഹുൽ 18 റൺസ് നേടി പുറത്തായപ്പോൾ ഋഷഭ് പന്ത് 3 റൺസ് നേടി റിട്ടയേർഡ് ഹർട്ടായി. ശ്രീലങ്കയ്ക്കു വേണ്ടി പേസർ അഷിത ഫെർണാൻഡോ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ലഹിരു കുമാരയും സ്പിന്നർ കെഷാര നുവന്തയും ഓരോ വിക്കറ്റ് പിഴുതു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 10.4 ഓവറിൽ 37 റൺസ് സഖ‍്യമുണ്ടാക്കാൻ ഇരുവർക്കും സാധിച്ചു.
പിന്നീട് രാഹുലിനെ പുറത്താക്കി ലഹിരു കുമാരയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ടീം സ്കോർ 66ൽ നിൽക്കെ ജയ്സ്വാളിനെ ക്ലീൻ ബൗൾഡാക്കി അഷിത ഫെർണാൻഡോയും ഇന്ത‍്യയ്ക്ക് പ്രഹരമേൽപ്പിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ദേവ്ദത്ത്- ഗിൽ കൂട്ട്കെട്ട് 50 കടന്നതോടെയാണ് സ്കോർ ഉയർന്നത്. ശുഭ്മൻ ഗിൽ 99 പന്തിൽ നിന്നും ദേവ്ദത്ത് 90 പന്തിൽ നിന്നുമാണ് അർധസെഞ്ചുറി തികച്ചത്.
ഇതിനു പിന്നാലെ സ്ക്വയർ കട്ട് കളിക്കാനുള്ള ഗില്ലിന്‍റെ ശ്രമം പാളുകയും അഷിത ഫെർണാൻഡോയ്ക്ക് വിക്കറ്റ് നൽകി കളം വിടുകയും ചെയ്തു. പിന്നാലെയെത്തിയ ഋഷഭ് പന്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങി. ഇതോടെ 3 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന നിലയിലായി ഇന്ത‍്യ.
അവിടെ നിന്ന് നാലാം വിക്കറ്റിൽ ദേവ്ദത്തും ജഡേജയും ചേർന്ന് 50 റൺസിലേറെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ടീം സ്കോർ 250ന് മുകളിലേക്ക് നീങ്ങിയത്. എന്നാൽ ടീം സ്കോർ 281 എത്തിയപ്പോൾ ദേവ്ദത്തിനെ കെഷാര നുവന്ത ക്ലീൻ ബൗൾഡാക്കി. പിന്നീട് അൽപ്പ നേരം പിടിച്ചു നിന്ന് ജഡേജ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഉടനെ തന്നെ മടങ്ങി. ഇതോടെ 5 വിക്കറ്റ് നഷ്ടത്തിൽ ടീം 300 റൺസെന്ന നിലയിലെത്തി.