ഷായ് ഹോപ്പിന് സെഞ്ചുറി; നാലാം ടി20യിൽ ഇന്ത‍്യയ്ക്കെതിരേ കൂറ്റൻ വിജയലക്ഷ‍്യം ഉയർത്തി വിൻഡീസ്

നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് 247 റൺസ് അടിച്ചെടുത്തു
india vs west indies 4th t20 match updates

മത്സരത്തിൽ നിന്നും

Updated on: 

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത‍്യയ്ക്ക് 248 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് 247 റൺസ് അടിച്ചെടുത്തു. 50 പന്തിൽ നിന്നും 9 സിക്സും 4 ബൗണ്ടറിയും അടക്കം 102 റൺസ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ക‍്യാപ്റ്റൻ‌ ഷായ് ഹോപ്പാണ് ടീമിന്‍റെ ടോപ് സ്കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഷായ് ഹോപ്പും ജുവൽ ആൻഡ്രുവും നൽകിയത്. ഒന്നാം വിക്കറ്റിൽ 52 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു.

4.2 ഓവറിൽ ടീം സ്കോർ 52റൺസിൽ നിൽക്കെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. 16 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്സും അടക്കം 21 റൺസ് അടിച്ചെടുത്ത ജുവൽ ആൻഡ്രുവിന്‍റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. അക്ഷർ പട്ടേലിനായിരുന്നു വിക്കറ്റ്. മത്സരത്തിന്‍റെ ആദ‍്യ ഓവർ പേസർ മായങ്ക് യാദവ് മികച്ച രീതിയിൽ പന്തെറിഞ്ഞു.

മൂന്ന് റൺസ് മാത്രമാണ് ആദ‍്യ ഓവറിൽ താരം വിട്ടുകൊടുത്തത്. എന്നാൽ രണ്ടാം ഓവർ എറിഞ്ഞ അർഷ്ദീപ് സിങ്ങിനെ 18 റൺസാണ് ആൻഡ്രുവും ഹോപ്പും ചേർന്ന് അടിച്ചെടുത്തത്. ആദ‍്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഷായ് ഹോപ്പിന് ഒപ്പം ചേർന്ന് ഷിമ്രോൺ ഹെറ്റ്മെയർ മികച്ച രീതിയിൽ ബാറ്റേന്തി.

ഇതോടെ 20 പന്തിൽ നിന്നും 50 റൺസ് ഇരുവരും സഖ‍്യമുണ്ടാക്കി. 12 പന്തുകൾ മാത്രം ആയുസുണ്ടായിരുന്ന ഹെറ്റ്മെയർ 275 സ്ട്രൈക്ക് റേറ്റിൽ 4 ബൗണ്ടറിയും 2 സിക്സും അടക്കം 33 റൺസ് അടിച്ചെടുത്തിട്ടാണ് കളം വിട്ടത്. പ്രിൻസ് യാദവ് എറിഞ്ഞ പന്തിൽ റിട്ടേൺ ക‍്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ഇതോടെ 8.2 ഓവറിൽ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലേക്കെത്തി. പിന്നാലെയെത്തിയ വമ്പൻ അടിക്കാരൻ റൊവ്മാൻ പവലിന് അധിക നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല.

17 പന്തുകൾ നേരിട്ട താരം 24 റൺസ് ടീമിന് സംഭാവന നൽകി. അർഷ്ദീപ് എറിഞ്ഞ വൈഡ് യോർക്കറിൽ ഔട്ട്സൈഡ് എഡ്ജ് കൊണ്ട് സഞ്ജു സാംസൺ ക‍്യാച്ചെടുക്കുകയായിരുന്നു. ആദ‍്യ രണ്ട് ഓവറിലും 18 റൺസ് വീതം വിട്ടുകൊടുത്ത അർഷ്ദീപ് ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞു. പക്ഷേ അഞ്ചാമനായി ഇറങ്ങിയ ഹിറ്റർ ഷെർഫെയ്ൻ റൂഥർഫോർ‌ഡ് ഹോപ്പിനൊപ്പം ചേർന്ന് മത്സരം മുന്നോട്ടുകൊണ്ടുപോയി.

ആദ‍്യം പതുക്കെ കരുതലോടെയാണ് റൂഥർഫോർഡ് നീങ്ങിയതെങ്കിലും പിന്നീട് റൺസ് കണ്ടെത്തി. 26 പന്തുകളിൽ നിന്നും 49 റൺസാണ് താരം നേടിയത്. മറുവശത്ത് അവസാന ഓവർ എറിഞ്ഞ നിതീഷ് കുമാർ റെഡ്ഡിയെ തുടരെ തുടരെ രണ്ടു സിക്സർ പറത്തിയതോടെ ഷായ് ഹോപ്പ് സെഞ്ചുറി തികച്ചു. ഇതോടെ ടീം സ്കോർ 247 റൺസെന്ന കൂറ്റൻ സ്കോറിലെത്തുകയായിരുന്നു. ഇന്ത‍്യയ്ക്കു വേണ്ടി പ്രിൻസ് യാദവ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ട് മത്സരങ്ങൾ വിജയിച്ചതിനാൽ ഈ മത്സരം കൂടി വിജയിച്ചാൽ ഇന്ത‍്യയ്ക്ക് പരമ്പര ഉറപ്പിക്കാം.

logo
Metro Vaartha
www.metrovaartha.com