അണ്ടർ 19 ലോകകപ്പ്: സിംബാബ്‌വെയ്‌ക്കു മുന്നിൽ ഹിമാലയൻ വിജയലക്ഷ‍്യം വച്ച് ഇന്ത‍്യ

സെഞ്ചുറി നേടിയ വിഹാൻ മൽഹോത്രയുടെ പ്രകടനമാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്
india vs zimbabwe under 19 worldcup match updates

സെഞ്ചുറി നേടിയ വിഹാൻ മൽഹോത്ര

Updated on

ബുലവായോ: സിംബാബ്‌വെക്കെതിരായ അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ കൂറ്റൻ സ്കോർ അടിച്ചെടുത്ത് ഇന്ത‍്യ. നിശ്ചിത 50 ഓവറിൽ നിന്നും 8 വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് ഇന്ത‍്യ അടിച്ചെടുത്തത്.

107 പന്തിൽ നിന്നും 7 ബൗണ്ടറി അടക്കം 109 റൺസ് അടിച്ചെടുത്ത വിഹാൻ മൽഹോത്രയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. വിഹാനു പുറമെ ഓപ്പണിങ് ബാറ്റർ വൈഭവ് സൂര‍്യവംശിയും (52) അഭിജ്ഞാൻ കുണ്ഡുവും (61) അർധസെഞ്ചുറി നേടി.

ഇവർക്കു പുറമെ ഖിലാൻ പട്ടേൽ 12 പന്തിൽ 30 റൺസും ആർ.എസ്. അംബരിഷ് 21 റൺസും ആരോൺ‌ ജോർജ് 23 ഉം ക‍്യാപ്റ്റൻ ആയുഷ് മാത്രേ 21 റൺസും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ വൈഭവ് സൂര‍്യവംശിയും ആരോൺ ജോർജും നൽകിയത്. ഒന്നാം വിക്കറ്റിൽ 44 റൺസ് അടിച്ചെടുക്കാൻ ഇരുവർക്കും സാധിച്ചു.

44 റൺസ് നിൽക്കെ ആദ‍്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ വൈഭവ് ആയുഷ് മാത്രെക്കൊപ്പം ചേർന്ന് 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ടീം സ്കോർ 100ലെത്തി. പിന്നീട് ആയുഷ് മാത്രെയെയും വൈഭവ് സൂര‍്യവംശിയെയും നഷ്ടമായതോടെ ടീം പ്രതിരോധത്തിലായെങ്കിലും അഞ്ചാം വിക്കറ്റിൽ വിഹാൻ മൽഹോത്രയും അഭിജ്ഞാൻ കുണ്ഡുവും നേടിയ 100 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ സ്കോർ ഉയർന്നു.

36ാം ഓവറിൽ അഭിജ്ഞാൻ കുണ്ഡു പുറത്തായെങ്കിലും ഖിലൻ പട്ടേൽ‌ നേടിയ മിന്നൽ പ്രകടനം ടീമിനെ മികച്ച സ്കോറിലെത്താൻ‌ സഹായിച്ചു. സിംബാബ്‌വെയ്ക്കു വേണ്ടി തദേന്ദ ചിമുഗോരോ മൂന്നും പനാഷെ മാസൈ, സിംബരാഷെ മുഡ്സെൻഗെരെരെ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com