

അണ്ടർ-19 ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം
മസ്‌കറ്റ്: ആവേശം അവസാന പന്തുവരെ നീണ്ട ഫൈനലിൽ പാക്കിസ്ഥാനെ ഒരു വിക്കറ്റിന് കീഴടക്കി ഇന്ത്യ അണ്ടർ-19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന ഓവറിലാണ് വിജയത്തിലെത്തിയത്.
അവസാന ഓവറുകളിൽ മോഹിത് ഉൽവയും സി.വി.എൻ.വി. സുഭാഷും നടത്തിയ നിർണായക ബാറ്റിങ്ങാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 26 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്ന മോഹിതും എട്ട് പന്തിൽ 11 റൺസെടുത്ത സുഭാഷും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 49-ാം ഓവറിൽ ഇരുവരും ചേർന്ന് 17 റൺസ് അടിച്ചെടുത്തു. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ് വേണ്ടിയിരിക്കെ ബൗണ്ടറി നേടി മോഹിത് ഇന്ത്യയുടെ വിജയമുറപ്പിച്ചു.
നേരത്തെ ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സെവാഗും നേടിയ അർധസെഞ്ചുറികളാണ് ഇന്ത്യയുടെ വിജയപ്രതീക്ഷ നിലനിർത്തിയത്. ലക്ഷ്യ 101 പന്തിൽ 80 റൺസെടുത്തപ്പോൾ ആര്യവീർ 61 പന്തിൽ 58 റൺസുമായി തിളങ്ങി. 32 പന്തിൽ 47 റൺസെടുത്ത മനാൽ ചൗഹാനും നിർണായക സംഭാവന നൽകി. 48-ാം ഓവറിൽ പുറത്താകുന്നതിന് മുൻപ് മോഹിത് ഉൽവയ്‌ക്കൊപ്പം ചേർന്ന് മനാൽ നിർണായക അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.