

അനുഷ്ക ശർമ
ന‍്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത‍്യൻ വനിതാ ടീമിനെ പ്രഖ‍്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ യുവ ഓൾറൗണ്ടർ അനുഷ്ക ശർമ അടക്കമുള്ളവർ ഇടം പിടിച്ചിട്ടുണ്ട്. ഏപ്രിൽ 17 മുതൽ 27 വരെയാണ് പരമ്പര. ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ ഉൾപ്പടെയുള്ളവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തവണത്തെ വനിതാ പ്രമീയർ ലീഗിൽ തിളക്കമാർന്ന പ്രകടനം പുറത്തെടുത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയ 22 കാരിയായ അനുഷ്കയ്ക്ക് സമാന ഫോം നീല കുപ്പായത്തിലും പുറത്തെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
യുവ താരങ്ങളും പരിചയസമ്പത്തുള്ള താരങ്ങൾക്കും പരിഗണന നൽകികൊണ്ടുള്ള ബൗളിങ് നിരയാണ് ഇന്ത‍്യക്കുള്ളത്. രേണുക ഠാക്കൂർ, അരുന്ധതി റെഡ്ഡി എന്നിവർ അതിന് ഉദാഹരണമാണ്. ദക്ഷിണാഫ്രിക്കയിലെ ദർബനിലും ജൊഹന്നാസ്ബർഗിലും ബെനോനിയിലുമാണ് മത്സരങ്ങൾ നടക്കുക.
ഇന്ത‍്യൻ ടീം: ഹർമൻപ്രീത് കൗർ (ക‍്യാപ്റ്റൻ), സ്മൃതി മന്ഥന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അരുന്ധതി റെഡ്ഡി, രേണുക ഠാക്കൂർ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ശ്രേയങ്ക പാട്ടീൽ, കാഷ്വി ഗൗതം, ഭർഥി ഫുൽമലി, ഉമ ചേത്രി, അനുഷ്ക ശർമ