ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മന്ഥനയുഗം തുടങ്ങുന്നു

സ്മൃതി മന്ഥന യുഗത്തിൽ ടി20 പരിഷ്കരണം ലക്ഷ്യമിട്ട് ഇന്ത്യ; സിംബാബ്‌വെയ്ക്കെതിരായ ആദ്യ ഉഭയകക്ഷി പരമ്പര റായ്പുരിൽ തുടങ്ങുന്നു
India Zimbabwe Women T20 Mandhana Preview

സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ.

Updated on: 

റായ്പുർ: പുതിയ ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ കീഴിൽ ഇന്ത്യൻ ക്രിക്കറ്റിൽ പുതുയുഗം തുടങ്ങുകയാണ്. സിംബാബ്‌വെക്കെതിരാ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച റായ്പുരിൽ തുടക്കം കുറിക്കുന്നു. ക്യാപ്റ്റൻസിയിൽ മാത്രമല്ല ടി20 ഫോർമാറ്റിനെ സമീപിക്ികുന്ന രീതിയിൽ തന്നെ വലിയ പരിഷ്കരണത്തിനാണ് ഇന്ത്യ തയാറെടുക്കുന്നത്.

ഏഷ്യൻ തലത്തിൽ ഇന്ത്യ വീണ്ടും ആധിപത്യം ഉറപ്പിച്ചെങ്കിലും, അന്താരാഷ്ട്ര ക്രിക്കറ്റിൽ, പ്രത്യേകിച്ച് ഏറ്റവും ചെറിയ ഫോർമാറ്റിൽ, ഇപ്പോഴും വികസന ഘട്ടത്തിലാണ് ടീം. തുടർച്ചയായ ടി20 ലോകകപ്പുകളിലെ നേരത്തേയുള്ള പുറത്താകലുകൾ, ടീമിന്‍റെ ദൗർബല്യങ്ങൾ തുറന്നുകാട്ടിയിട്ടുണ്ട്. ഓസ്ട്രേലിയയെപ്പോലുള്ള ടീമുകളെ സ്ഥിരമായി വെല്ലുവിളിക്കണമെങ്കിൽ, കളിയുടെ മൂന്നു വിഭാഗത്തിലും ഇന്ത്യ ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു.

കഴിഞ്ഞ വർഷം സ്വന്തം മണ്ണിൽ ചരിത്രപരമായ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ വനിതകൾക്ക്, അടുത്ത വർഷം ആദ്യം സ്വന്തം മണ്ണിൽ നടക്കുന്ന ആദ്യ വനിതാ ചാംപ്യൻസ് ട്രോഫി കിരീടം നേടുക എന്നത് കൂടുതൽ കഠിനമായ ദൗത്യമായിരിക്കും.

ബാറ്റിങ്ങിലെ വെല്ലുവിളികൾ

ബാറ്റിങ്ങിൽ, മന്ഥനയും ഷഫാലി വർമയും നൽകുന്ന മികച്ച തുടക്കങ്ങൾക്കു ശേഷം, മധ്യ ഓവറുകളിൽ കുതിപ്പ് നിലനിർത്താൻ ടീം പാടുപെടുകയാണ്. മൂന്നാം നമ്പർ സ്ഥാനത്തേക്കുള്ള കസേരകളി ഇനിയും അവസാനിച്ചിട്ടില്ല. പരുക്കേറ്റ ജമീമ റോഡ്രിഗ്സിനു പകരം പരീക്ഷിപ്പെട്ട യസ്തിക ഭാട്ടിയയും ഹർലീൻ ഡിയോളുമൊന്നും ഈ പരമ്പരയിൽ കളിക്കുന്നില്ല.

മന്ഥനയുടെ മുൻഗാമിയായ ഹർമൻപ്രീത് കൗറിന്‍റെ ബാറ്റിങ് ഫോമും കുറച്ചുകാലമായി ആശങ്കയുണ്ടാക്കുന്നുണ്ട്. ഇനി സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുന്ന ഹർമൻപ്രീതിനു മേൽ പ്രകടനമികവിനുള്ള സമ്മർദം കൂടുതലായിരിക്കും. ലോവർ ഓർഡറിൽ റിച്ച ഘോഷിനെ പിന്തുണയ്ക്കാൻ കൂടുതൽ പവർ ഹിറ്റർമാരെ വളർത്തിയെടുക്കേണ്ടതും ഇന്ത്യയുടെ ആവശ്യമാണ്.

പലതവണ ഫീൽഡിങ് ടീമിനെ നിരാശപ്പെടുത്തിയിട്ടുണ്ട്- ഇതിൽ കാര്യമായ മെച്ചപ്പെടൽ ആവശ്യമാണ്. പേസ് ബൗളിങ് നിരയിൽ, നന്ദനി ശർമയുടെ സമീപകാല ഉയർച്ച വലിയ നേട്ടമാണെങ്കിലും, എല്ലാ ഘട്ടങ്ങളിലും സ്ഥിരമായി വിക്കറ്റ് വീഴ്ത്താൻ പേസ് നിരയ്ക്ക് കൂടുതൽ മൂർച്ച വേണം.

പരമ്പരാഗതമായി ഇന്ത്യയുടെ കരുത്ത് സ്പിന്നാണ്- യുവതാരം ശ്രീ ചരണി ശ്രദ്ധേയയായി തുടരുന്നുമുണ്ട്. വെറ്ററൻ ഓൾറൗണ്ടർ ദീപ്തി ശർമ തന്‍റെ ഓഫ് സ്പിന്നിലൂടെയും ബാറ്റർമാരെ വലയ്ക്കുന്നുണ്ട്. മധ്യ ഓവറുകളിൽ സ്ഥിരമായി വിക്കറ്റ് വീഴ്ത്താൻ, ലെഗ് ബ്രേക്ക് ബൗളർ പ്രേമ റാവത്തിന് കൂടുതൽ തുടർച്ചയായ അവസരങ്ങൾ നൽകേണ്ടതുണ്ട്. അണ്ടർ-19 ക്യാപ്റ്റനായിരുന്ന ഓൾറൗണ്ടർ നിക്കി പ്രസാദ്, പേസ് ബൗളർ ജിന്തിമണി കലിത എന്നിവരാണ് സ്ക്വാഡിലെ പുതുമുഖങ്ങൾ. മലയാളി ഓൾറൗണ്ടർ മിന്നു മണിയും ടീമിലുണ്ട്.

കഴിഞ്ഞ മാസം ഒരു ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലുള്ള സിംബാബ്‌വെയ്ക്ക് ഈ പരമ്പര അനുയോജ്യമായ അവസരമാണ് നൽകുന്നത്. ജോസഫിൻ എൻകോമോയാണ് സിംബാബ്‌വെ ടീമിന്‍റെ ക്യാപ്റ്റൻ. മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കും. ടി20 പരമ്പരയ്ക്കു ശേഷം, മൂന്ന് ഏകദിന മത്സരങ്ങൾക്കായി ഇരു ടീമുകളും വഡോദരയിലേക്കു നീങ്ങും.

ഇന്ത്യ സ്ക്വാഡ്: സ്മൃതി മന്ഥന (ക്യാപ്റ്റൻ), ഷഫാലി വർമ (വൈസ് ക്യാപ്റ്റൻ), നിക്കി പ്രസാദ്, ഹർമൻപ്രീത് കൗർ, അനുഷ്ക ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, പ്രേമ റാവത്, ശ്രീ ചരണി, നന്ദനി ശർമ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ജിന്തിമണി കലിത, മിന്നു മണി.

സിംബാബ്‌വെ സ്ക്വാഡ്: ജോസഫിൻ എൻകോമോ (ക്യാപ്റ്റൻ), ബിലവ്ഡ് ബിസ, ചിപോ മുഗേരി-തിരിപാനോ, കെലിസ് എൻഡ്ലോവു, മിഷേൽ മാവുംഗ, ഫ്രാൻസിസ്ക ചിപാരെ, ഒലിന്‍റർ ചാരെ, കുഡ്സായ് ചിഗോറ, ന്യാഷ ഗ്വാൻസുര, നോംവെലോ സിബാൻഡ, ലോറിൻ ഫിയർ, ചിയെദ്സ ധുരുരു, മോഡെസ്റ്റർ മുപാചിക്വ, തെൻഡായ് മകുഷ, ഷാർനെ മേയേഴ്സ്.

logo
Metro Vaartha
www.metrovaartha.com