

ഓറഞ്ച് നിറത്തിൽ ഇന്ത്യൻ ഹോക്കി ടീം ജേഴ്സി; പൊട്ടിത്തെറിച്ച് മുൻക്യാപ്റ്റൻ
ന്യൂഡൽഹി: ദേശീയ ഹോക്കി ടീം ജഴ്സിയുടെ നിറം ഓറഞ്ചാക്കി മാറ്റി ഹോക്കി ഇന്ത്യ ഫെഡറേഷൻ. ഇതു വരെയും നീല നിറത്തിലുള്ള ജേഴ്സിയണിഞ്ഞാണ് ടീം കളിച്ചിരുന്നത്. പുരഷ്- വനിതാ ഹോക്കി വേൾഡ് കപ്പിന് മുന്നോടിയായാണ് ടീമിന്‍റെ ജേഴ്സിയുടെ നിറം മാറ്റിയിരിക്കുന്നത്. ഓഗസ്റ്റ് 14 മുതൽ 30 വരെ ബെൽജിയം, നെതർലൻഡ് എന്നിവിടങ്ങളിൽ വച്ചാണ് മത്സരം.
ടീം സുപ്രധാന മത്സരത്തിനു തയാറെടുക്കുമ്പോൾ ജേഴ്സിയുടെ നിറം മാറ്റിയതിനെതിരേ മുൻ ക്യാപ്റ്റൻ വിരേൻ രാസ്ക്വിൻഹ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ ഹോക്കി ടീമിന്‍റെ പൈതൃകവും സ്വത്വവും നീല നിറമുള്ള ജേഴ്സിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് താരം രൂക്ഷമായ ഭാഷയിൽ എക്സിൽ കുറിച്ചിരിക്കുന്നത്.
"ഇതു പറയാതിരിക്കാനാകില്ല. രാജ്യത്തിനു വേണ്ടി ഹോക്കി ഫെഡറേഷൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ഇതു വളരെ വിചിത്രമായി തോന്നുന്നു. ഇന്ത്യൻ ടീമിന്‍റെ പൈതൃകവും സ്വത്വവുംഎല്ലായ്പ്പോഴും നീല നിറമാണ്. എത്രയോ വർഷങ്ങൾ ഞാൻ നീല നിറമുള്ള ജേഴ്സിയണിഞ്ഞ് അഭിമാനത്തോടെ കളിച്ചിരിക്കുന്നു. ഇന്ത്യൻ ടീമിനെ നീലയിൽ കാണാനാണ് ആരാധകർക്കും ഇഷ്ടം. ഓറഞ്ചിനു പിന്നിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ലെന്നും വിരേൻ കുറിച്ചിട്ടുണ്ട്.