ഷൂട്ടിങ് റേഞ്ചിൽ ആവേശം വിതറി ഇന്ത്യൻ കൗമാരക്കാരികൾ

10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ പലക് ഗുലിയക്ക് സ്വർണം, ഇഷ സിങ്ങിനു വെള്ളി.
ഇഷ സിങ്ങും പലക് ഗുലിയയും മെഡലുകളുമായി.
ഇഷ സിങ്ങും പലക് ഗുലിയയും മെഡലുകളുമായി.
Updated on: 

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ മത്സരം അക്ഷരാർഥത്തിൽ ഇന്ത്യയിൽനിന്നുള്ള രണ്ടു കൗമാരക്കാരികൾ തമ്മിലുള്ള പോരാട്ടമായി മാറി- പലക് ഗുലിയ എന്ന പതിനേഴുകാരിയും ഇഷ സിങ് എന്ന പതിനെട്ടുകാരിയും.

മത്സരം അവസാനിച്ചപ്പോൾ രണ്ടു പേരും പോഡിയത്തിൽ ഇടം പിടിച്ചു, പലകിന് സ്വർണവും ഇഷയ്ക്ക് വെള്ളിയും. പാക്കിസ്ഥാന്‍റെ തലത് കിഷ്മലയ്ക്കാണ് വെങ്കലം.

അന്താരാഷ്‌ട്ര വേദിയിൽ പലകിനു ലഭിക്കുന്ന ആദ്യത്തെ വ്യക്തിഗത സ്വർണമാണിത്. കഴിഞ്ഞ വർഷം മാത്രമാണ് അന്താരാഷ്‌ട്ര വേദികളിൽ മത്സരിച്ചുതുടങ്ങിയതും. ഇവിടത്തെ ഫൈനലിൽ നേടിയ 242.1 പോയിന്‍റ് പുതിയ ഏഷ്യൻ ഗെയിംസ് റെക്കോഡുമായി.

239.7 പോയിന്‍റുമായാണ് ഇഷ വെള്ളിയിലേക്കെത്തിയത്. നേരത്തെ 25 മീറ്റർ പിസ്റ്റളിലും, 10 മീറ്റർ എയർ പിസ്റ്റൾ ടീമിനത്തിലും വെള്ളി മെഡലുകൾ നേടിയിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ ടീമിനത്തിൽ പലക് കൂടി ഉൾപ്പെട്ട സഖ്യമാണ് ഇന്ത്യക്കു വേണ്ടി മത്സരിച്ചത്.

ഏഷ്യൻ ഗെയിംസ് വേദിയിൽ ഇന്ത്യൻ ഷൂട്ടർമാരുടെ ഗംഭീര പ്രകടനം പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ മത്സരത്തിലും തുടർന്നു. 3-പൊസിഷൻസ് ടീമിനത്തിൽ ഐശ്വരി പ്രതാപ് സിങ് തോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവർ ലോക റെക്കോഡോടെയാണ് സ്വർണം നേടിയത്.

എന്നാൽ, ഇതേയിനത്തിന്‍റെ വ്യക്തിഗത മത്സരത്തിൽ ഐശ്വരി പ്രതാപ് സിങ്ങിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

logo
Metro Vaartha
www.metrovaartha.com