ശുഭ്മൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ; കരുൺ നായർ ടീമിൽ, ഷമി ഇല്ല

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്തു. രോഹിത് ശർമ വിരമിച്ച ഒഴിവിൽ യുവതാരം ശുഭ്മൻ ഗിൽ ക്യാപ്റ്റനാകും
Shubman Gill Indian test captain

ശുഭ്മൻ ഗിൽ

Updated on

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിൽ‌ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ യുവ ബാറ്റർ ശുഭ്മൻ ഗിൽ നയിക്കും. ചീഫ് സെലക്റ്റർ അജിത് അഗാർക്കറുടെ അധ്യക്ഷതയിൽ മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തു നടത്തിയ യോഗത്തിലാണ് തീരുമാനം. ഹെഡ് കോച്ച് ഗൗതം ഗംഭീറും യോഗത്തിൽ പങ്കെടുത്തു.

രോഹിത് ശർമ വിരമിച്ച ഒഴിവിലാണ് ടെസ്റ്റ് ടീമിനെ നയിക്കാനുള്ള നിയോഗം 25 വയസുകാരനായ ഗില്ലിന്‍റെ ചുമലിൽ വന്നു ചേരുന്നത്. രോഹിതിനു പിന്നാലെ വിരാട് കോലിയും, കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ആർ. അശ്വിനും വിരമിച്ച സാഹചര്യത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ വലിയൊരു തലമുറ മാറ്റമാണ് ഇംഗ്ലണ്ട് പര്യടനത്തോടെ സംഭവിക്കുന്നത്.

വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയാണ് ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. മുതിർന്ന താരങ്ങളായ ജസ്പ്രീത് ബുംറയും കെ.എൽ. രാഹുലും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. എന്നാൽ, ടെസ്റ്റ് മത്സരങ്ങൾക്ക് ആവശ്യമായ രീതിയിൽ ദീർഘമായ സ്പെല്ലുകൾ എറിയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ജസ്പ്രീത് ബുംറ കളിക്കില്ലെന്നും അഗാർക്കർ വ്യക്തമാക്കി. ജോലിഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണിത്. മൂന്ന് ടെസ്റ്റ് കളിപ്പിക്കുമോ നാല് ടെസ്റ്റ് കളിപ്പിക്കുമോ എന്ന കാര്യത്തിൽ സാഹചര്യമനുസരിച്ച് ടീം മാനെജ്മെന്‍റ് തീരുമാനമെടുക്കുമെന്നും അഗാർക്കർ. ബുംറയ്ക്കു മുകളിൽ ഗില്ലിനു ക്യാപ്റ്റൻസി നൽകിയതിന്‍റെ വിശദീകരണം കൂടിയാണ് അഗാർക്കറുടെ വാക്കുകൾ.

പേസ് ബൗളിങ് ഓൾറൗണ്ടർമാരായി ശാർദൂൽ ഠാക്കൂർ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ടീമിലെത്തി. ഓപ്പണിങ് സ്ലോട്ടിലേക്ക് യശസ്വി ജയ്സ്വാളിനു പങ്കാളിയായി ബി. സായ് സുദർശൻ, അഭിമന്യു ഈശ്വരൻ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇംഗ്ലണ്ട് ലയൺസിനെതിരേ ഇന്ത്യ എ ടീമിനു വേണ്ടി ഇവർ നടത്തുന്ന പ്രകടനം ഇക്കാര്യത്തിൽ നിർണായകമാവും. ഓപ്പണർമാർ ആരൊക്കെ എന്നതും, നാലാം നമ്പറിൽ ആര് ബാറ്റ് ചെയ്യും എന്നതും അടക്കം ടീം കോംബിനേഷൻ ഇംഗ്ലണ്ടിലെത്തിയ ശേഷം ഗംഭീറും ഗില്ലും ചേർന്ന് തീരുമാനിക്കുമെന്ന് അഗാർക്കർ വ്യക്തമാക്കി.

Shubman Gill Indian test captain
ഇതാ കരുൺ കാത്തിരുന്ന ആ അവസരം

സുദർശനോ ഈശ്വരനോ ഓപ്പണറായാൽ, വിരാട് കോലിയുടെ ഒഴിവിൽ കെ.എൽ. രാഹുൽ ആയിരിക്കും നാലാം നമ്പറിൽ കളിക്കുക എന്നാണ് സൂചന. മൂന്നാം നമ്പറിൽ ക്യാപ്റ്റൻ ഗിൽ ഇറങ്ങും. സർഫറാസ് ഖാൻ ടീമിൽ നിന്നു പുറത്തായ സാഹചര്യത്തിൽ മലയാളി താരം കരുൺ നായർക്ക് അഞ്ചാം നമ്പറിൽ അവസരം കിട്ടാൻ സാധ്യത ഏറെയാണ്.

Shubman Gill Indian test captain
മുഹമ്മദ് ഷമിയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കില്ല

ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലിനെയും സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയെയും വാഷിങ്ടൺ സുന്ദറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അക്ഷർ പട്ടേലിന് ഇടമില്ല. കുൽദീപ് യാദവാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ. ബുംറയ്ക്കൊപ്പം പേസ് ബൗളിങ് നിരയിൽ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവരും രണ്ട് പേസ് ബൗളിങ് ഓൾറൗണ്ടർമാരും ഉൾപ്പെടുന്നു.

ജൂൺ 20നാണ് ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. പുതിയ ടെസ്റ്റ് ലോക ചാംപ്യൻഷിപ്പ് സൈക്കിളിലെ ആദ്യ പരമ്പരയായിരിക്കും ഇത്.

Shubman Gill Indian test captain
സായ് സുദർശനെ ഇന്ത്യൻ ടീമിലെടുക്കാൻ ഗംഭീറിനോട് ഗില്ലിന്‍റെ ശുപാർശ

ടീം ഇങ്ങനെ:

  1. ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ)

  2. ഋഷഭ് പന്ത് (വൈസ്-ക്യാപ്റ്റൻ)

  3. യശസ്വി ജയ്സ്വാൾ

  4. ബി. സായ് സുദർശൻ

  5. അഭിമന്യു ഈശ്വരൻ

  6. കെ.എൽ. രാഹുൽ

  7. കരുൺ നായർ

  8. രവീന്ദ്ര ജഡേജ

  9. നിതീഷ് കുമാർ റെഡ്ഡി

  10. വാഷിങ്ടൺ സുന്ദർ

  11. ശാർദൂൽ ഠാക്കൂർ

  12. ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ)

  13. ജസ്പ്രീത് ബുംറ

  14. മുഹമ്മദ് സിറാജ്

  15. അർഷ്ദീപ് സിങ്

  16. ആകാശ് ദീപ്

  17. പ്രസിദ്ധ് കൃഷ്ണ

  18. കുൽദീപ് യാദവ്

Shubman Gill Indian test captain
ഇംഗ്ലണ്ട് പര‍്യടനത്തിൽ ഇന്ത‍്യയെ നയിക്കാൻ ശുഭ്മൻ ഗിൽ!!

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com