സന്നാഹ മത്സരത്തിൽ സഞ്ജു ഓപ്പണർ, നേടിയത് ഒറ്റ റൺ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
Sanju Samson the opener out for 1 in warm up match
സഞ്ജു സാസണിന്‍റെ വിക്കറ്റ് ആഘോഷിക്കുന്ന ബംഗ്ലാദേശ് താരങ്ങൾ.

ന്യൂയോർക്ക്: ട്വന്‍റി 20 ലോകകപ്പിനു മുന്നോടിയായി ലഭിച്ച ഏക സന്നാഹ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ബംഗ്ലാദേശിനെ നേരിടാൻ രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളിയായി ഇറങ്ങിയത് വിരാട് കോലിയോ യശസ്വി ജയ്‌സ്വാളോ അല്ല. ഏവരെയും അമ്പരപ്പിച്ചു കൊണ്ട് മലയാളി താരം സഞ്ജു സാംസൺ ഓപ്പണിങ് റോളിലെത്തി. എന്നാൽ, വീണുകിട്ടിയ സുവർണാവസരം ഒരിക്കൽക്കൂടി കൈവെടിഞ്ഞ് സഞ്ജു വെറും ഒരു റണ്ണിനു പുറത്തായി. ആറു പന്ത് നേരിട്ട സഞ്ജുവിനെ ഷൊരിഫുൾ ഇസ്ലാം വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് 60 റൺസ് വിജയം.

ഈ മത്സരത്തിൽ ശോഭിച്ചാൽ ലോകകപ്പ് പ്ലെയിങ് ഇലവനിൽ ഇടം ഉറപ്പിക്കാമായിരുന്നു സഞ്ജുവിന്. ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി പരിഗണനയിൽ ഉള്ളതിനാൽ സന്നാഹ മത്സരത്തിലും സഞ്ജുവിനെ കീപ്പറായാണ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, ഇന്ത്യ ഫീൽഡ് ചെയ്യാനിറങ്ങിയപ്പോൾ കീപ്പർ റോളിലെത്തിയത് ഋഷഭ് പന്ത്!

ടീമിലെ സ്ഥാനത്തിനു സഞ്ജുവുമായി മത്സരിക്കുന്ന ഋഷഭ്, മത്സരത്തിൽ തകർത്തടിക്കുകയും ചെയ്തു. സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിൽ ഉൾപ്പെട്ട ഋഷഭ് മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്; അർധ സെഞ്ചുറിയും നേടി.

റിവേഴ്സ് സ്വാറ്റ് ഷോട്ടിലൂടെ സിക്സർ നേടുന്ന ഋഷഭ് പന്ത്.
റിവേഴ്സ് സ്വാറ്റ് ഷോട്ടിലൂടെ സിക്സർ നേടുന്ന ഋഷഭ് പന്ത്.

32 പന്തിൽ 53 റൺസെടുത്ത ഋഷഭ് റിട്ടയേർഡ് ഔട്ട് ആകുകയായിരുന്നു. 4 ഫോറും 4 സിക്സും നേടി. 19 പന്ത് നേരിട്ട രോഹിത് ശർമ രണ്ട് ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത് പുറത്തായി. സൂര്യകുമാർ യാദവ് 18 പന്തിൽ 31 റൺസെടുത്തു. ഫോം വീണ്ടെടുത്ത ഹാർദിക് പാണ്ഡ്യ 23 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 40 റൺസെടുത്ത് പുറത്താകാതെ നിന്നു.

അർഷ്‌ദീപ് സിങ് മത്സരത്തിനിടെ.
അർഷ്‌ദീപ് സിങ് മത്സരത്തിനിടെ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് അർഷ്‌ദീപ് സിങ് തുടക്കത്തിൽ തന്നെ ഇരട്ട പ്രഹരം നൽകി. ഉജ്വലമായ സ്വിങ് ബൗളിങ്ങിലൂടെ ഓപ്പണർ സൗമ്യ സർക്കാരിനെ (0) വിക്കറ്റ് കീപ്പർ ഋഷഭിന്‍റെ ഗ്ലൗസിലെത്തിച്ച അർഷ്‌ദീപ്, മൂന്നാം നമ്പറിലെത്തിയ ലിറ്റൺ ദാസിനെ ക്ലീൻ ബൗൾഡാക്കുകയും ചെയ്തു.

ആദ്യ സ്പെല്ലിലെ രണ്ടോവറിൽ മൂന്നു റൺസ് മാത്രമാണ് അർഷ്‌ദീപ് വഴങ്ങിയത്. ആകെ മൂന്നോവറിൽ 12 റൺസിന് രണ്ടു വിക്കറ്റ്.

പാണ്ഡ്യക്കും ഒരു വിക്കറ്റ് കിട്ടിയെങ്കിലും മൂന്നോവറിൽ മുപ്പത് റൺസ് വിട്ടുകൊടുത്തു. ശിവം ദുബെയുടെ ബൗളിങ്ങും പരീക്ഷണവിധേയമാക്കിയപ്പോൾ, മൂന്നോവറിൽ പിറന്നത് 11 റൺസ് മാത്രം, മത്സരത്തിന്‍റെ അവസാന ഓവറിൽ രണ്ടു വിക്കറ്റും നേടി. ജസ്പ്രീത് ബുംറ 11 റൺസിനും മുഹമ്മദ് സിറാജ് 17 റൺസിനും ഓരോ വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com