സിറ്റി ഓഫ് ജോയ്: കൊൽക്കത്ത ഐപിഎൽ ചാംപ്യൻമാർ

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദരാബാദ് 18.3 ഓവറിൽ 113 റൺസിന് ഓൾഔട്ട്. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 10.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
സിറ്റി ഓഫ് ജോയ്: കോൽക്കത്ത ഐപിഎൽ ചാംപ്യൻമാർ
വെങ്കടേശ് അയ്യരും റഹ്മാനുള്ള ഗുർബാസും.

ചെന്നൈ: സിറ്റി ഓഫ് ജോയ് എന്നാണ് കോൽക്കത്തയുടെ വിളിപ്പേര്. ഐപിഎൽ ഫൈനൽ രാത്രിയിൽ കോൽക്കത്ത അക്ഷരാർഥത്തിൽ ആനന്ദത്തിന്‍റെ നഗരം തന്നെയായി- കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം വട്ടം ഐപിഎൽ ചാംപ്യൻമാരായി.

ഈ ടൂർണമെന്‍റിന്‍റെയെന്നല്ല, ട്വന്‍റി20 ക്രിക്കറ്റിന്‍റെ തന്നെ ഗതി മാറ്റിയെഴുതിയ ബാറ്റിങ് വെടിക്കെട്ടുകൾ കാഴ്ചവച്ച സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ മാരക വിസ്ഫോടന ശേഷി കോൽക്കത്തയുടെ ഉജ്വല ബൗളിങ് പ്രകടനത്തിനു മുന്നിൽ നനഞ്ഞ പടക്കമാകുന്നതിനാണ് ചെന്നൈയിൽ തിങ്ങിനിറഞ്ഞ കാണികൾ സാക്ഷ്യം വഹിച്ചത്.

ഫൈനലിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ തീരുമാനം തുടക്കത്തിലേ പിഴച്ചു. 18.3 ഓവറിൽ ടീം 113 റൺസിന് ഓൾഔട്ടായി. വെറും 10.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കെകെആർ ലക്ഷ്യം നേടുകയും ചെയ്തു.

ബാറ്റിങ് ദുഷ്കരമായ പിച്ചൊന്നുമല്ലെന്ന് കെകെആർ ബാറ്റർമാർ തുടക്കത്തിൽ തന്നെ തെളിയിച്ചു. റഹ്മാനുള്ള ഗുർബാസ് ശ്രദ്ധയോടെ തുടങ്ങി. സുനിൽ നരെയ്ൻ നേരിട്ട ആദ്യ പന്തിൽ സിക്സറടിച്ച് രണ്ടാം പന്തിൽ പുറത്തായി. പക്ഷേ, തുടർന്നെത്തിയ വെങ്കടേശ് അയ്യർ സൺറൈസേഴ്സിന്‍റെ ബാറ്റിങ് വെടിക്കെട്ടുകളെ അതിശയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പവർ പ്ലേ പിന്നിടുമ്പോൾ തന്നെ കളി വെങ്കടേശ് കളി കൈയിലെടുത്തു കഴിഞ്ഞിരുന്നു.

32 പന്തിൽ 39 റൺസെടുത്ത ഗുർബാസ് ബോൾ ട്രാക്കിങ്ങിന്‍റെ അഭാവത്തിൽ എൽബിഡബ്ല്യു വിധിക്കപ്പെട്ട് പുറത്തായെങ്കിലും, അപ്പോൾ ജയിക്കാൻ 12 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം (6 നോട്ടൗട്ട്) ആ ചടങ്ങ് പൂർത്തിയാക്കുമ്പോൾ വെങ്കടേശ് 26 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്നു.

ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്ത് 24 റൺസെടുത്ത കമ്മിൻസാണ് എസ്ആർഎച്ചിന്‍റെ ടോസ് സ്കോറർ. കെകെആറിനു വേണ്ടി ആന്ദ്രെ റസൽ 19 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. 2.3 ഓവറിൽ 19 റൺസാണ് റസൽ വിട്ടുകൊടുത്തത്.

മിച്ചൽ സ്റ്റാർക്ക് മൂന്നോവറിൽ 14 റൺസിനും, ഹർഷിത് റാണ നാലോവറിൽ 24 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വൈഭവ് അറോറ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും നേടിയപ്പോൾ, കെകെആർ ഉപയോഗിച്ച ആറു ബൗളർമാർക്കും വിക്കറ്റ് കിട്ടി.

IPL Final KKR vs SRH
ആന്ദ്രെ റസലിന്‍റെ വിക്കറ്റ് ആഘോഷം.

തുടക്കത്തിൽ മിച്ചൽ സ്റ്റാർക്കും വൈഭവ് അറോറയും ഉജ്വലമായ സ്വിങ് ബൗളിങ് കാഴ്ചവച്ചപ്പോൾ അഭിഷേക് ശർമയ്ക്കും (2) ട്രാവിസ് ഹെഡിനും (0) മറുപടിയുണ്ടായില്ല. പിന്നാലെ രാഹുൽ ത്രിപാഠിയെക്കൂടി (9) സ്റ്റാർക്ക് മടക്കിയതോടെ കളിയുടെ ഗതി വ്യക്തമായിരുന്നു.

എയ്ഡൻ മാർക്രം (20), നിതീഷ് കുമാർ റെഡ്ഡി (13), ഹെൻറിച്ച് ക്ലാസൻ (16) എന്നിവരുടെ ചെറുത്തുനിൽപ്പും കോൽക്കത്ത ബൗളർമാരുടെ ക്ലാസിനു മുന്നിൽ വിലപ്പോയില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com